
പാലക്കാട്: കുറഞ്ഞ ചെലവിൽ അതിവേഗ ഇന്റർനെറ്റ് ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ പിണറായി സർക്കാർ തുടക്കമിട്ട 'കെ ഫോൺ' (കേരള ഫൈബർ ഒപ്റ്റിക്കൽ നെറ്റ് വർക്ക്) പദ്ധതി 1,47,485 കണക്ഷനുകളുമായി കുതിപ്പ് തുടരുന്നു. ഇതിൽ 1,16,360 ഉം ഗാർഹിക കണക്ഷനുകളാണ്. ദാരിദ്ര്യരേഖയ്ക്കുതാഴെയുള്ള 14,198 കുടുംബങ്ങൾക്ക് സൗജന്യമായി ഇന്റർനെറ്റ് സേവനം നൽകുന്നുണ്ട്. 30,897സർക്കാർ ഓഫീസുകളിലും 228 സ്വകാര്യസ്ഥാപനങ്ങളിലും ഇതിനോടകം കണക്ഷൻ നൽകാനായി. വിവരാവകാശ പ്രവർത്തകൻ രാജു വാഴക്കാലയ്ക്ക് കെ ഫോൺ നൽകിയ മറുപടിയിലാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 2023 ജൂണിലാണ് കെ ഫോൺ ഇന്റർനെറ്റ് നൽകിത്തുടങ്ങിയത്. നാളിതുവരെ ആകെ 1,041.05 കോടി രൂപ ചെലവ് ഇനത്തിൽ നിശ്ചയിച്ചിട്ടുണ്ട്. ഇതിൽ 715.90 കോടി രൂപ ലഭ്യമാക്കിയത് കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ബോർഡ് (കിഫിബി) വഴിയാണ്.
കൂടുതൽ കണക്ഷനുകൾ മലപ്പുറത്ത്
കണക്ഷന്റെ കണക്കുകളിൽ മലപ്പുറം ജില്ലയാണ് സംസ്ഥാനത്ത് ഏറ്റവും മുന്നിലുള്ളത്. മലപ്പുറത്ത് ഇതുവരെ നൽകിയിട്ടുള്ളത് 31,352 കണക്കുകളാണ്. കോട്ടയം (13,000), കോഴിക്കോട് (12,792), എറണാകുളം (11,879) എന്നീ ജില്ലകളാണ് തൊട്ടുപിന്നിൽ. ഏറ്റവും കുറവ് കണക്ഷനുകൾ നൽകിയ ജില്ല കാസർകോടാണ്. 3,229 എണ്ണം. ഇതിന് പുറമേ പത്തനംതിട്ട ജില്ലയിലും കണക്കുകളിൽ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ആകെ 3,920 എണ്ണം. നാളിതുവരെ സംസ്ഥാനത്തൊട്ടാകെയുള്ള 30,897 സർക്കാർ ഓഫീസുകളിൽ കണക്ഷൻ ലഭ്യമാക്കിയിട്ടുണ്ട്. ഇതിൽ ഏറ്റവും കൂടുതൽ സർക്കാർ ഓഫീസുകൾക്ക് കണക്ഷൻ നൽകിയതും മലപ്പുറത്താണ്. ഇവിടെ 3,435 ഓഫീസുകളിൽ കണക്ഷൻ ലഭ്യമാക്കിയിട്ടുണ്ട്. തിരുവനന്തപുരത്തെ 3,187 സർക്കാർ ഓഫീസുകളിലും കെ ഫോൺ ഇന്റർനെറ്റുണ്ട്.
ഉദ്യോഗസ്ഥർക്ക് ഉയർന്ന ശമ്പളം
കെ ഫോൺ പദ്ധതിയുടെ ഭാഗമായി ഉന്നത തസ്തികകളിലുള്ള ഉദ്യോഗസ്ഥർക്ക് ലക്ഷങ്ങളാണ് പ്രതിമാസ ശമ്പളം. ചീഫ് ടെക്‌നോളജി ഓഫീസർ, ചീഫ് സെയിൽസ് ഓഫീസർ, ചീഫ് ഫിനാൻസ് ഓഫീസർ എന്നിവർക്ക് 2,24,000 രൂപയാണ് പ്രതിമാസ ശമ്പളം. ജനറൽ മാനേജർക്ക് 1,51,400 രൂപയും, ഡി.ജി.എം തസ്തികകളിൽ ഉള്ളവർക്ക് 1,37,500 രൂപ മുതൽ 1,40,000 രൂപ വരെ പ്രതിമാസം ശമ്പളം നൽകുന്നുണ്ട്. വിവിധ ജില്ലകളിലായി ജോലി ചെയ്യുന്ന 15 ഡിസ്ട്രിക്റ്റ് ടെലികോം എക്സിക്യൂട്ടീവ് ഓഫീസർമാർക്ക് 30,000 രൂപ അടിസ്ഥാന ശമ്പളവും ഇൻസെന്റീവും നൽകിവരുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |