
പത്തനംതിട്ട : ജില്ലയിലെ പ്രധാന കാർഷിക ഗ്രാമങ്ങളിൽ ഒന്നായ വള്ളിക്കോട്ട് നെൽ കൃഷിക്ക് പിന്നാലെ കരക്കൃഷിയും പ്രതിസന്ധിയിൽ. കാലംതെറ്റി പെയ്ത മഴ ചിങ്ങത്തിൽ വിളവെടുക്കേണ്ട നെൽ കൃഷിക്ക് വിനയായപ്പോൾ കാട്ടുപന്നികളാണ് കരക്കൃഷിക്ക് വില്ലനായിരിക്കുന്നത്. പാടശേഖരങ്ങളിലെ വെള്ളക്കെട്ട് മൂലം നെൽക്കൃഷി ഉപേക്ഷിക്കേണ്ടിവന്ന കർഷകർ ഇതിന് പകരമായി മറ്റു വിളകളിലേക്ക് തിരിയുകയായിരുന്നു. കപ്പ, ചേമ്പ്, ചേന, കാച്ചിൽ, കിഴങ്ങ്, ചീമച്ചേമ്പ് തുടങ്ങിയവ വ്യാപകമായി കൃഷി ചെയ്യുകയും ചെയ്തു. ഇവയിൽ നല്ലൊരു ശതമാനവും കിളിർത്തുവന്നപ്പോൾ തന്നെ കാട്ടുപന്നികൾ നശിപ്പിച്ചു. മഞ്ഞൾ, ഇഞ്ചി തുടങ്ങിയവയ്ക്ക് മഴക്കാലവും പ്രതിസന്ധിയായി. ഓണവിപണി ലക്ഷ്യമിട്ടാണ് ഇവയൊക്കെ നട്ടതെങ്കിലും പലതവണ കാട്ടുപന്നികൾ കൃഷി നശിപ്പിച്ചതിനാൽ യഥാസമയം വിളവ് ലഭിക്കുമോയെന്ന ആശങ്കയുണ്ട്.
നഷ്ടമാകുന്ന കാർഷികസംസ്കൃതി
ഒരുകാലത്ത് നെൽ കൃഷിയും കരിമ്പ് കൃഷിയും പോലെ തന്നെ കിഴങ്ങുവർഗ വിളകളുടെ ഉല്പാദനത്തിലും വിതരണത്തിലും മുൻപന്തിയിൽ നിന്നിരുന്ന ഗ്രാമമാണ് വള്ളിക്കോട്. ഇവിടെ കൃഷി ചെയ്യുന്ന കിഴങ്ങുവർഗങ്ങൾ ഓമല്ലൂർ വയൽവാണിഭത്തിലും ദൂര സ്ഥലങ്ങളിലും എത്തിച്ച് വിപണനം നടത്തിയിരുന്നു. എന്നാൽ കാലക്രമേണ വള്ളിക്കോട്ട് കിഴങ്ങുവർഗ ഉല്പാദനം കുറയുകയും കർഷകർ ലാഭകരമായ മറ്റ് കൃഷികളിലേക്ക് മാറുകയും ചെയ്തു. കാട്ടുപന്നികളുടെ കടന്നുകയറ്റമാണ് കർഷകരെ കിഴങ്ങുവർഗ കൃഷിയിൽ നിന്ന് പ്രധാനമായും പിന്തിരിപ്പിച്ചത്.
വെള്ളക്കെട്ടും കാട്ടുപന്നികളും
വള്ളിക്കോടിന്റെ കാർഷിക മേഖലയെ പ്രതികൂലമായി ബാധിക്കുന്നത് പാടശേഖരങ്ങളിലെ അശാസ്ത്രീയതകളും കാട്ടുപന്നികളുമാണ്. വെള്ളക്കെട്ടും വേനലും
കാരണം യഥാസമയം നെൽക്കൃഷി ഇറക്കാൻ കഴിയാറില്ല. മഴ സമയത്ത് വെള്ളക്കെട്ട് ഒഴിവാക്കാനും വേനലിൽ വെള്ളം എത്തിക്കാനും ശാസ്ത്രീയ സംവിധാനങ്ങളില്ല. ഇതിന് പിന്നാലെയാണ് കാട്ടുപന്നി ശല്യവും. പഞ്ചായത്തിലെ മിക്ക പ്രദേശങ്ങളിലും കാട്ടുപന്നിശല്യമുണ്ട്. രാത്രിയിലും പകലും കൂട്ടമായി എത്തുന്ന ഇവ വൻതോതിലാണ് കാർഷിക വിളകൾ നശിപ്പിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |