
പത്തനംതിട്ട: യാത്രക്കാരെ വലച്ച് കെ.എസ്.ആർ.ടി.സിയുടെ ഗവി ബസ് യാത്രയ്ക്കിടെ ഇന്നലെയുംതകരാറിലായി. പത്തനംതിട്ട ഡിപ്പോയിൽ നിന്ന് ഇന്നലെ രാവിലെ ആറരയോടെയാണ് മൂഴിയാർ വഴി കുമളിക്ക് ആർ.എ.സി 496 നമ്പർ ബസ് യാത്ര തിരിച്ചത് സെന്റർ ബോൾട്ട് തകരാറിലായതിനെ മൂഴിയാർ 40 ഏക്കർ ജംഗ്ഷനിൽ വച്ച് ഒൻപതുമണിയോടെ യാത്രനിലച്ചു. പ്രിയദർശിനി സർവീസാക്കിയതോടെ ഗവി കാണാനെത്തുന്ന സ്ത്രീകളാണ് ഈ ബസിലെ മിക്ക യാത്രക്കാരും. ഇവരെക്കൂടാതെ ആങ്ങമൂഴി , മൂഴിയാർ, കൊച്ചുപമ്പ , വണ്ടിപ്പെരിയാർ, കുമളി മേഖലയിലുള്ളവരും ഉൾപ്പെടെ 50 യാത്രക്കാർ ബസിലുണ്ടായിരുന്നു. മിക്ക ദിവസവും വാഹനം കേടാകുന്നത് യാത്രക്കാർക്ക് ദുരിതമാകുന്നുണ്ട്. വനപ്രദേശമായ ഗവി റൂട്ടിലെ മിക്കഭാഗവും മൊബൈൽ നെറ്റ് വർക്ക് ലഭിക്കാത്ത ഇടങ്ങളാണ്. വനത്തിന് നടുവിൽവച്ച് ബസ് കേടായാൽ ഭക്ഷണവും വെള്ളവും കിട്ടാതെ യാത്രക്കാർ വലയും.
ഇന്നലെ മൂഴിയാർ ജംഗ്ഷനിൽ വച്ച് തകരാറിലായതുകൊണ്ട് യാത്രക്കാർക്ക് കൂടുതൽ ബുദ്ധിമുട്ടുണ്ടായില്ല. ക്യാന്റിനിൽ നിന്ന് ഭക്ഷണം കഴിക്കാനും പ്രാഥമിക കാര്യങ്ങൾ നിർവഹിക്കുന്നതിനും കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ സൗകര്യമൊരുക്കി. പത്തനംതിട്ടയിൽ നിന്ന് മറ്റൊരു ബസ് എത്തിച്ച് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് കുമളിക്ക് വീണ്ടും യാത്ര തിരിച്ചത്. നാലുമണിക്കൂറോളം യാത്രക്കാർ വഴിയിൽ കുടുങ്ങി. കഴിഞ്ഞ മാസവും നിരവധി തവണ യാത്രയ്ക്കിടെ ബസ് പണിമുടക്കിയിരുന്നു. കുന്നും വനവും മോശം റോഡുമുള്ള ഗവിയിലേക്ക് മോശം ബസുകൾ സർവീസിൽ നിന്ന് ഒഴിവാക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |