
ശബരിമല: കർക്കടക മാസപൂജകൾക്കായി നടതുറന്ന ശബരിമലയിൽ ഇന്നലെ വൻ ഭക്തജനത്തിരക്ക് അനുഭവപ്പെട്ടു. കനത്ത മഴയും മഞ്ഞും അവഗണിച്ച് അരലക്ഷത്തിലധികം ഭക്തരാണ് ഇന്നലെ ദർശനം നടത്തിയത്. പുലർച്ചെ 5ന് നടതുറന്നപ്പോൾ തഴെ തിരുമുറ്റവും വലിയ നടപന്തലും പിന്നിട്ട് ഭക്തരുടെ നിര ശരംകുത്തിയിലേക്ക് നീണ്ടു. ഇരുമുടികെട്ടുമായി പതിനെട്ടാംപടി ചവിട്ടാൻ എത്തിയവർക്കൊപ്പം ഇരുമുടിക്കെട്ടില്ലാതെ വടക്കേനടയിലൂടെ ദർശനത്തിനെത്തിയവരുടെ എണ്ണത്തിലും വൻവർദ്ധനവാണ് ഉണ്ടായത്. മണിക്കൂറുകൾ കാത്തുനിന്നശേഷമാണ് പലർക്കും ദർശനം സാദ്ധ്യമായത്. നെയ്യഭിഷേകത്തിനും ഇന്നലെ വലിയ തിരക്ക് അനുഭവപ്പെട്ടു. ഉഷപൂജയ്ക്കുശേഷം ചോറൂണിനായി നിരവധി കുരുന്നുകളും സന്നിധാനത്ത് എത്തി. കളഭാഭീഷേകത്തിനും ഉച്ചപൂജയ്ക്കും ശേഷം ഒന്നിന് അടച്ചനട വൈകിട്ട് 4ന് തുറന്നു. പൂജകൾ പൂർത്തിയാക്കി 21ന് രാത്രി 10ന് നടയടയ്ക്കും.
പാർക്കിംഗ് ഗ്രൗണ്ടുകൾ നിറഞ്ഞു
മാസപൂജ കാലയളവിൽ ചെറുവാഹനങ്ങളിൽ എത്തുന്നവർക്ക് പമ്പയിൽ വിവിധ ഇടങ്ങളിൽ പാർക്കിംഗ് സൗകര്യം ഒരുക്കിയിട്ടുണ്ട്. എന്നാൽ ഇന്നലെ പമ്പ ചക്കുപാലം രണ്ട്, ത്രിവേണി ഹിൽടോപ്പ് , പമ്പാ മണൽപ്പുറം, ഗണപതികോവിലിന് സമീപം എന്നിവിടങ്ങളിൽ വാഹനങ്ങൾ നിറഞ്ഞു. ഇതോടെ വലിയ വാഹനങ്ങൾ പമ്പയിൽ തീർത്ഥാടകരെ ഇറക്കിയശേഷം നിലയ്ക്കൽ പാർക്കിംഗ് ഗ്രൗണ്ടിലേക്ക് പൊലീസ് തിരിച്ചുവിട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |