
ഏഴംകുളം : സഹോദരനൊപ്പം വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഒന്നര വയസുകാരന് തെരുവുനായകളുടെ ആക്രമണത്തിൽ സാരമായ പരിക്ക്. ഏഴംകുളം നാലാംവാർഡിൽ കൊച്ചുറോഡ് കിഴക്കേതിൽ ഷിഹാദ് - ഷാഹിന ദമ്പതികളുടെ മകൻ മുഹമ്മദ് റംസാനാണ് ശരീരമാകമാനം കടിയേറ്റത്. ഇന്നലെ ഉച്ചയ്ക്ക് ശേഷം മൂന്നുമണിയോടെയാണ് സംഭവം. കുട്ടികൾ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുമ്പോൾ തെരുവുനായകൾ ആക്രമിക്കുകയായിരുന്നു. കടിയേറ്റ കുഞ്ഞ് സമീപത്തെ ഓടയിലേക്കും വീണു. കുട്ടികളുടെ കരച്ചിൽ കേട്ട് ഓടിക്കൂടിയ അയൽവാസികൾ തെരുവുനായ്ക്കളെ കല്ലെറിഞ്ഞു ഓടിക്കുകയായിരുന്നു. ഈ സമയം കുട്ടികളുടെ മാതാവ് വീടിനുള്ളിലായിരുന്നു. തലയിലും കൈയിലും പുറത്തും കവിളിലും കടിയേറ്റ മുഹമ്മദ് റംസാനെ അടൂർ ജനറൽ ആശുപത്രിയിൽ എത്തിച്ച് പ്രഥമശുശ്രൂഷ നൽകിയശേഷം കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. പ്രദേശത്ത് കഴിഞ്ഞ കുറച്ചു നാളുകളായി തെരുവ് നായ ശല്യം അതിരൂക്ഷമാണ്.
തെരുവുനായ ആക്രമണമുണ്ടായാൽ
1. മുറിവ് കഴുകുക : കടിയേറ്റ ഭാഗം ഒഴുക്കുള്ള വെള്ളത്തിലും സോപ്പ് ഉപയോഗിച്ചും 15 മിനിറ്റോളം നന്നായി കഴുകുക.ആശുപത്രിയിൽ എത്തിക്കുക: ഒട്ടും സമയം കളയാതെ തൊട്ടടുത്തുള്ള സർക്കാർ ആശുപത്രിയിലോ മെഡിക്കൽ കോളേജിലോ എത്തിക്കുക.
2. പ്രതിരോധ കുത്തിവയ്പ്പ്: ഡോക്ടറുടെ നിർദ്ദേശപ്രകാരം കൃത്യമായ ഇടവേളകളിൽ ആന്റി റാബിസ് വാക്സിനും ആവശ്യമെങ്കിൽ ഇമ്മ്യൂണോഗ്ലോബുലിനും എടുക്കുക.
3.മുറിവ് മൂടരുത്: ഡോക്ടർ നിർദ്ദേശിക്കാതെ മുറിവിൽ ബാൻഡേജോ തുണിയോ വച്ച് മുറുക്കിക്കെട്ടരുത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |