
ആറന്മുള : വിളിച്ചുചൊല്ലി വിഭവങ്ങൾ വിളമ്പി, പാർത്ഥസാരഥിക്കൊപ്പം ഭക്തനും രുചിഭേദങ്ങളുടെ പുണ്യം നുകരുന്ന ആറൻമുള വള്ളസദ്യയ്ക്ക് ഇന്ന് തുടക്കം. ഉച്ചയ്ക്ക് 12ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ സദ്യ ഉദ്ഘാടനം ചെയ്യും. കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി, ആന്റോ ആന്റണി എം.പി, എം.എൽ.എമാരായ അബിൻ വർക്കി, പഴകുളം മധു, ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.ജയകുമാർ, മുൻ ഗോവ ഗവർണർ അഡ്വ.പി.എസ്.ശ്രീധരൻ പിള്ള, രാഷ്ട്രീയ സാമൂഹിക നേതാക്കൾ എന്നിവർ പങ്കെടുക്കും.
ക്ഷേത്രത്തിലെ ഉച്ചപൂജക്ക് ശേഷമാണ് ഉദ്ഘാടന ചടങ്ങുകൾ ആരംഭിക്കുക. ക്ഷേത്ര ശ്രീകോവിലിലെ കെടാവിളക്കിൽ നിന്ന് ദീപം പകർന്ന് മേൽശാന്തി പള്ളിയോട സേവാസംഘം ഭാരവാഹികൾക്ക് കൊടിമരച്ചുവട്ടിൽ എത്തി കൈമാറും. ആനക്കൊട്ടിലിൽ പ്രത്യേകം തയ്യാറാക്കിയ നിലവിളക്കിൽ മന്ത്രി ദീപം തെളിക്കും. ശേഷമാണ് ഇലയിലേക്ക് വിഭവങ്ങൾ വിളമ്പുന്നത്. ഈസമയം ക്ഷേത്രം വള്ളപ്പാട്ടിൽ മുഖരിതമാവും. പാർത്ഥസാരഥിക്ക് സദ്യ വിളമ്പുന്നു എന്ന സങ്കല്പത്തിലാണ് ഈ ചടങ്ങുകൾ നിർവഹിക്കുന്നത്. ഇതിനുശേഷമാണ് സദ്യാലയങ്ങളിലെ സദ്യവട്ടം ആരംഭിക്കുക. ഇന്ന് 10 പള്ളിയോടങ്ങൾ സദ്യയിൽ പങ്കെടുക്കും.
വള്ളസദ്യ 56 ദിവസം
തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ സഹായത്തോടെ 56 ദിവസം നീണ്ടുനിൽക്കുന്നതാണ് വഴിപാട് വള്ളസദ്യ. ഇക്കുറി 570 വള്ളസദ്യകൾ നടക്കുമെന്നാണ് പള്ളിയോട സേവാസംഘത്തിന്റെ പ്രതീക്ഷ. ഇതിനോടകം 500 വള്ളസദ്യകൾ ബുക്കിംഗ് ആയിട്ടുണ്ട്. ഇതിനായി 20 സദ്യാലയങ്ങളാണ് സജ്ജമാക്കിയിരിക്കുന്നത്. സദ്യ തയ്യാറാക്കുന്നത് 16 കോൺട്രാക്ടർമാരാണ്.
ട്രാൻ.ബസിലെത്തി വള്ളസദ്യ കഴിക്കാം
കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസത്തിന്റെ ഭാഗമായും ആറന്മുള വള്ളസദ്യയിൽ പങ്കെടുക്കാം. 89 ഡിപ്പോകളിൽ നിന്ന് ഇതിനായി സർവീസ് നടത്തും. ഇത്തരത്തിൽ 400ൽപരം ആളുകൾ വള്ളസദ്യയ്ക്കെത്തും. ഇന്ന് 9 ബസുകളിലാണ് ഭക്തർ എത്തുക. വികാസ് ഭവൻ, ചേർത്തല, വൈക്കം, കൊട്ടാരക്കര, തൊടുപുഴ, നോർത്ത് പറവൂർ, ചാലക്കുടി, പാലക്കാട്, കണ്ണൂർ എന്നീ ഡിപ്പോകളിൽ നിന്ന് ബസുകൾ എത്തും. പുന്നംതോട്ടം ക്ഷേത്ര കോമ്പൗണ്ടിൽ കെ.എസ്.ആർ.ടി.സിക്ക് പാർക്കിംഗ് സൗകര്യം ഒരുക്കി.
സ്‌പെഷ്യൽ പാസ് 20 മുതൽ
ആറന്മുള വള്ളസദ്യ വഴിപാടുകാർക്കുമാത്രമാണെങ്കിലും സ്‌പെഷ്യൽ പാസ് എടുത്തും ആറന്മുള സദ്യ കഴിക്കാം. 300രൂപയാണ് ഇതിനായ് നൽകേണ്ടത്. 360 പേർക്കാണ് ഒരു ദിവസം ഇപ്രകാരം സദ്യ കഴിക്കാൻ കഴിയുക. 20 മുതൽ സ്‌പെഷ്യൽ പാസ് നൽകും. തെക്കേടത്ത് ഇല്ലം സദ്യാലയം ഇതിനായി ഒരുക്കിയിട്ടുണ്ട്. ബുക്കിംഗിന് ഫോൺ : 9048373110. വെബ്‌സൈറ്റ്. aranmula boat race.com
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |