SignIn
Kerala Kaumudi Online
Tuesday, 14 July 2026 6.21 AM IST

സ്വർണത്തട്ടിപ്പ്: പ്രതിയെ കസ്റ്റഡിയിൽ വാങ്ങി,​ ചോദ്യം ചെയ്യൽ തുടരുന്നു

വിഴിഞ്ഞം: സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ 70 പവൻ നഷ്ടപ്പെട്ടതിന്റെ മനോവിഷമം കാരണം യുവതികൾ ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതി സിന്ധുകുമാരിയെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി. ഇന്നലെ ഉച്ചയോടെയാണ് മൂന്നുദിവസത്തേക്ക് കസ്റ്റഡിയിൽ വാങ്ങിയത്.

വൈകിട്ട് 3ന് ആരംഭിച്ച ചോദ്യം ചെയ്യൽ രാത്രി 7വരെ നീണ്ടു. ചോദ്യം ചെയ്യൽ ഇന്നും തുടരും. പൊലീസുകാർ മാറിമാറി ചോദ്യം ചെയ്തിട്ടും ഒന്നിനും വ്യക്തമായി ഉത്തരം നൽകാതെ സിന്ധുകുമാരി ഒഴിഞ്ഞുമാറുകയായിരുന്നു. യുവതികൾ ജോലി ചെയ്തിരുന്ന ധനകാര്യ സ്ഥാപനങ്ങളിൽ ഉൾപ്പെടെ എത്തിച്ച് തെളിവെടുപ്പ് നടത്തിയ ശേഷമാകും പ്രതിയെ കോടതിയിൽ ഹാജരാക്കുക.

ഇന്നലത്തേത് ഉൾപ്പെടെ സിന്ധുകുമാരിക്കെതിരെ വിഴിഞ്ഞം സ്റ്റേഷനിൽ 20 പരാതികളാണ് ലഭിച്ചത്.

മലയിൻകീഴ് സ്റ്റേഷൻ പരിധിയിലുള്ള ഒരാളുടെ പരാതിയാണ് ഇന്നലെ കിട്ടിയത്. ഇവരുടെ പ്രമാണം ഈടുവച്ച് വാങ്ങിയ തുക തിരികെ നൽകിയെങ്കിലും പ്രമാണം മടക്കി നൽകിയില്ലെന്നാണ് പരാതി.

കേസ് ഫയൽ ഉടൻ കൈമാറും


സിന്ധുവിന്റെ സാമ്പത്തിക ഇടപാടുകൾ ഉൾപ്പെടെ പരിശോധിക്കുന്നതിനായി കേസ് ഫയൽ ജില്ലാ ക്രൈം റെക്കാഡ്‌സ് ബ്യൂറോയ്ക്ക് ഉടൻ കൈമാറാനാണ് പൊലീസ് ഉദ്ദേശിക്കുന്നത്. ഡി.സി.ആർ.ബിക്ക് കൈമാറിയെങ്കിലും സിറ്റി പൊലീസ് കമ്മിഷണറുടെ നിർദ്ദേശാനുസരണമാണ് കസ്റ്റഡിയിൽ വാങ്ങിയത്. സ്വർണത്തട്ടിപ്പ് സംഭവത്തിൽ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരികളായ വെണ്ണിയൂർ സ്വദേശി അഞ്ജു(28),വെങ്ങാനൂർ സ്വദേശി ഐശ്വര്യ (32)എന്നിവരാണ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM, CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL