
യുദ്ധം ബഡ്ജറ്റ് കണക്കുകൾ തെറ്റിച്ചു
എട്ട് പൊതുമേഖല കമ്പനികളുടെ ഓഹരികൾ വിറ്റഴിക്കും
കൊച്ചി: ക്രൂഡോയിൽ വില കുതിച്ചുയർന്നതോടെ നേരിട്ട അധിക സബ്സിഡി ബാദ്ധ്യത നികത്താൻ പൊതുമേഖല കമ്പനികളുടെ ഓഹരികൾ വൻതോതിൽ വിറ്റഴിക്കാൻ കേന്ദ്ര സർക്കാർ തയ്യാറെടുക്കുന്നു. ലൈഫ് ഇൻഷ്വറൻസ് കോർപ്പറേഷൻ(എൽ.ഐ.സി), ഹിന്ദുസ്ഥാൻ സിങ്ക് തുടങ്ങിയ എട്ട് പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരികൾ വിൽക്കാനാണ് നീക്കം. ഫെബ്രുവരിക്ക് ശേഷം ക്രൂഡോയിൽ വില ബാരലിന് 120 ഡോളർ വരെ ഉയർന്നതോടെ ബഡ്‌ജറ്റിൽ വിലയിരുത്തിയ സബ്‌സിഡി ചെലവുകൾ കുത്തനെ കൂടിയിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ എണ്ണ വില കുറഞ്ഞെങ്കിലും സർക്കാരിന്റെ അധിക ബാദ്ധ്യത ബഡ്‌ജറ്റ് കണക്കുകൾ തെറ്റിക്കുമെന്നാണ് ആശങ്ക.
രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ഇൻഷ്വറൻസ് കമ്പനിയായ എൽ.ഐ.സിയുടെ 6.5 ശതമാനം ഓഹരികൾ വിൽപ്പന നടത്തുന്നതിലൂടെ 30,000 കോടി രൂപ സമാഹരിക്കാനാകുമെന്നാണ് വിലയിരുത്തുന്നത്. ഹിന്ദുസ്ഥാൻ സിങ്ക് ഓഹരി വിൽപ്പനയിലൂടെ 5,000 കോടി രൂപയാണ് പ്രതീക്ഷിക്കുന്നത്. ഇതോടൊപ്പം രാജ്യത്തെ മുൻനിര പൊതുമേഖല ബാങ്കുകളായ പഞ്ചാബ് ആൻഡ് സിൻഡ് ബാങ്ക്, ഇന്ത്യൻ ഓവർസീസ് ബാങ്ക്, യൂകോ ബാങ്ക് എന്നിവയുടെ തുടർ ഓഹരി വിൽപ്പനയും നടപ്പു സാമ്പത്തിക വർഷത്തിൽ പൂർത്തിയാക്കും.
എൽ.ഐ.സി ഓഹരി പങ്കാളിത്തം 90 ശതമാനമാക്കും
സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഒഫ് ഇന്ത്യയുടെ(സെബി) പുതുക്കിയ മാനദണ്ഡമനുസരിച്ച് അടുത്ത വർഷം മേയ് മാസത്തിന് മുൻപ് എൽ.ഐ.സിയിലെ കേന്ദ്ര സർക്കാരിന്റെ ഓഹരി പങ്കാളിത്തം 90 ശതമാനത്തിലേക്ക് ചുരുക്കണം. നിലവിൽ സർക്കാരിന് 96.5 ശതമാനം ഓഹരികളാണ് എൽ.ഐ.സിയിലുള്ളത്. ബി.എസ്.ഇയിലെ ഇന്നലെത്തെ വിലയായ 432 രൂപ കണക്കിലെടുത്താൽ എൽ.ഐ.സിയുടെ ഒരു ശതമാനം ഓഹരികളുടെ വിൽപ്പനയിൽ നിന്നും 5,000 കോടി രൂപ ലഭിക്കും.
നടപ്പുവർഷത്തെ മൊത്തം ഓഹരി വിൽപ്പന ലക്ഷ്യം
80,000 കോടി രൂപ
ഇതുവരെ സമാഹരിച്ച തുക
22,847 കോടി രൂപ
ഐ.ഡി.ബി.ഐ ബാങ്ക് സ്വകാര്യവൽക്കരണം
എൽ.ഐ.സിക്കും കേന്ദ്ര സർക്കാരിനും സംയുക്ത ഓഹരി പങ്കാളിത്തമുള്ള ഐ.ഡി.ബി.ഐ ബാങ്കിനെ സ്വകാര്യവൽക്കരിക്കാൻ നടപടികൾ ഉടൻ ആരംഭിക്കും. എൽ.ഐ.സിക്ക് 49.24 ശതമാനവും കേന്ദ്ര സർക്കാരിന് 45.48 ശതമാനവും ഓഹരികൾ ഐ.ഡി.ബി.ഐ ബാങ്കിലുണ്ട്.
ചെലവ് കൂടി, വരുമാനം കുറഞ്ഞു
പശ്ചിമേഷ്യയിലെ യുദ്ധവും കാലാവസ്ഥാ വ്യതിയാനവും ഭക്ഷ്യ, രാസവളം സബ്സിഡിയിൽ രണ്ട് ലക്ഷം കോടി രൂപയുടെ വർദ്ധന സൃഷ്‌ടിച്ചേക്കും. ഇതോടൊപ്പം പെട്രോൾ, ഡീസൽ എന്നിവയുടെ എക്‌സൈസ് തീരുവ ഒഴിവാക്കിയതും വിദേശ നിക്ഷേപകർക്ക് നൽകിയ ഇളവും കേന്ദ്ര സർക്കാരിന്റെ വരുമാനത്തിൽ 1.3 ലക്ഷം കോടി രൂപയുടെ കുറവുണ്ടാക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |