SignIn
Kerala Kaumudi Online
Friday, 03 July 2026 4.43 AM IST

ആദായ നികുതി റിട്ടേണിന് കരുതലോടെ ഒരുങ്ങാം

returns

കൊച്ചി: ആദായ നികുതി റിട്ടേണുകൾ സമർപ്പിക്കാനുള്ള തിയതി അതിവേഗം അടുക്കുകയാണ്. ശമ്പളക്കാർ, പെൻഷൻകാർ, ബിസിനസുകാർ, പ്രൊഫഷണലുകൾ തുടങ്ങിയ നികുതിദായകർക്ക് സമയബന്ധിതമായി റിട്ടേൺ സമർപ്പിക്കേണ്ടത് അത്യാവശ്യമാണ്. റിട്ടേൺ ഫയൽ ചെയ്യാതിരുന്നാൽ പിഴയും മറ്റ് സാമ്പത്തിക ബുദ്ധിമുട്ടുകളും നേരിടേണ്ടി വരാം.

ആദായനികുതി വകുപ്പിന്റെ ഔദ്യോഗിക ഇ-ഫയലിംഗ് പോർട്ടലായ Income Tax e-Filing Portal വഴി ഓൺലൈനായി റിട്ടേൺ സമർപ്പിക്കാം. പാൻ, ആധാർ, ഫോം 16, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, നിക്ഷേപ രേഖകൾ എന്നിവ തയ്യാറാക്കി കൈവശം വച്ചാൽ പ്രക്രിയ എളുപ്പമാകും.

അവസാന തിയതി

ഐ.ടി.ആർ1, ഐ.ടി.ആർ2 സമർപ്പിക്കുന്ന ശമ്പളക്കാർക്കും നികുതിദായകർക്കും അവസാന തിയതി ജൂലായ് 31 ആണ്. ഐ.ടി.ആർ3, ഐ.ടി.ആർ4 സമർപ്പിക്കുന്ന ഓഡിറ്റിന് വിധേയമല്ലാത്ത ബിസിനസ്, പ്രൊഫഷണൽ നികുതിദായകർ ആഗസ്‌റ്റ് 31ന് മുൻപ് റിട്ടേൺ നൽകണം.

ആരൊക്കെ റിട്ടേൺ നൽകണം

  • നികുതിയിളവ് പരിധിയെക്കാൾ കൂടുതൽ വരുമാനമുള്ളവർ
  • ശമ്പള വരുമാനത്തോടൊപ്പം പലിശ, വാടക, മൂലധന നേട്ടം എന്നിവ ലഭിക്കുന്നവർ
  • വിദേശ ആസ്തികളോ വിദേശ വരുമാനമോ നേടുന്നവർ
  • നികുതി റീഫണ്ട് ലഭിക്കേണ്ടവർ
  • ഓഹരി, മ്യൂച്വൽ ഫണ്ട് തുടങ്ങിയവയിലുണ്ടായ നഷ്ടം ഭാവിയിലെ നേട്ടമാക്കാൻ ആഗ്രഹിക്കുന്നവർ
  • ഉയർന്ന മൂല്യമുള്ള സാമ്പത്തിക ഇടപാടുകൾ നടത്തിയവർ

നികുതി ഇല്ലെങ്കിലും റിട്ടേൺ നൽകണമോ?

നികുതി ഇല്ലെങ്കിലും റിട്ടേൺ നൽകുന്നത് ഉപഭോക്താക്കൾക്ക് പ്രയോജനമാണ്. ബാങ്ക് വായ്പകൾക്ക് അപേക്ഷിക്കുമ്പോൾ വരുമാന രേഖയായി റിട്ടേണുകൾ നൽകാനാകും. ടി.ഡി.എസ് റീഫണ്ട് ലഭിക്കാനും വിദേശ വിസയ്ക്ക് അപേക്ഷിക്കുമ്പോഴും റിട്ടേൺ ഗുണകരമാകും. സാമ്പത്തിക വിശ്വാസ്യത തെളിയിക്കാനുള്ള പ്രധാന രേഖ കൂടിയാണിത്.

വൈകിയാൽ പിഴ

റിട്ടേൺ സമയത്തിന് നൽകിയില്ലെങ്കിൽ പിഴ അടക്കേണ്ടി വരും. ഓഹരി ഉൾപ്പെടെയുള്ള മേഖലകളിലെ നഷ്‌ടം ഭാവിയിലുണ്ടാകുന്ന വരുമാനത്തിൽ അഡ്‌ജസ്‌റ്റ് ചെയ്ത് നേട്ടമുണ്ടാക്കാനുള്ള അവസരം നഷ്‌ടമാകും. റീഫണ്ട് ലഭിക്കുന്നതിൽ കാലതാമസമുണ്ടാകാനും ഇടയുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: TAX
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360