SignIn
Kerala Kaumudi Online
Thursday, 09 July 2026 3.59 AM IST

യുദ്ധ ഭീതിയിൽ വിറച്ച് വിപണികൾ

crude

കുതിച്ച് ക്രൂഡ്,

ഓഹരി, സ്വർണം മൂക്കുകുത്തി

കൊച്ചി: അമേരിക്ക-ഇറാൻ സംഘർഷം വീണ്ടും രൂക്ഷമാകുമെന്ന ആശങ്ക ആഗോള ധനവിപണികളെ പിടിച്ചുലച്ചു. എണ്ണവിതരണം തടസപ്പെടുമെന്ന ഭീതിയിൽ ബ്രെന്റ് ക്രൂഡോയിൽ വില ഇന്നലെ ഏഴ് ശതമാനം ഉയർന്ന് ബാരലിന് 79 ഡോളറിനടുത്തെത്തി. യു.എസ് വെസ്‌റ്റ് ടെക്‌സസ് ഇന്റർമീഡിയറ്റ് ക്രൂഡ് ആറ് ശതമാനം വർദ്ധനയോടെ 75 ഡോളറിലെത്തി. യുദ്ധ ഭീതി ഉയർന്നതോടെ നിക്ഷേപകർ ഓഹരി, കമ്പോള വിപണികളിൽ നിന്ന് പിന്മാറി യു.എസ് ബോണ്ടുകൾ, ഡോളർ എന്നിവ വാങ്ങികൂട്ടി. ഇറാനുമായുള്ള വെടിനിറുത്തൽ കരാർ അവസാനിച്ചെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കിയതാണ് നിക്ഷേപകർക്ക് ആശങ്ക വർദ്ധിപ്പിച്ചത്. സെൻസെക്സ് 1,677 പോയിന്റും നിഫ്റ്റി 552 പോയിന്റും ഇടിഞ്ഞു. രൂപ മൂന്നു മാസത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് വീണപ്പോൾ കേരളത്തിൽ സ്വർണവില പവന് 1,520 രൂപ കുറഞ്ഞു. എണ്ണവിലയിലെ കുതിപ്പ് നീണ്ടാൽ ഇന്ത്യയിൽ വീണ്ടും പണപ്പെരുപ്പ സമ്മർദ്ദം ശക്തമാകുമെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്.

ബ്രെന്റ് ക്രൂഡ് 7 ശതമാനം ഉയർന്ന് ബാരലിന് 78 ഡോളറിൽ

ഓഹരി വിപണിയിൽ രക്തച്ചൊരിച്ചിൽ

ബോംബെ ഓഹരി സൂചിക സെൻസെക്‌സ് 1,677.12 പോയിന്റ് തകർച്ചയോടെ 76,503.60ൽ അവസാനിച്ചു. ദേശീയ സൂചികയായ നിഫ്‌റ്റി 551.95 പോയിന്റ് ഇടിഞ്ഞ് 23,846.75ൽ എത്തി. ചെറുകിട, ഇടത്തരം ഓഹരികളുടെ വിലയിലും കനത്ത തകർച്ച നേരിട്ടു. ഓയിൽ ആൻഡ് ഗ്യാസ് മേഖലയിലെ ഓഹരികളാണ് ഇന്നലെ ഏറ്റവുമധികം വില്പന സമ്മർദ്ദം നേരിട്ടത്. ഓയിൽ, എഫ്.എം.സി.ജി കമ്പനികളുടെ ഓഹരികളും തകർച്ച നേരിട്ടു. ബി.പി.സി.എൽ, എച്ച്.പി.സി.എൽ, ഇന്ത്യൻ ഓയിൽ, ഏഷ്യൻ പെയിന്റ്‌സ്, ഇൻഡിഗോ എന്നിവയുടെ ഓഹരി വില മൂക്കുകുത്തി.

നിക്ഷേപകരുടെ ആസ്തിയിലുണ്ടായ ഇടിവ്

10 ലക്ഷം കോടി രൂപ

മുൾമുനയിലാക്കുന്നത്

1. ഇറാൻ യുദ്ധം വീണ്ടും ശക്തമാകാനുള്ള സാദ്ധ്യത

2. ഹോർമുസ് വഴിയുള്ള ചരക്കുനീക്കത്തിലെ തടസം

3. ആഗോള മേഖലയിൽ വിലക്കയറ്റം രൂക്ഷമാകുമെന്ന ആശങ്ക

4. വിദേശ ധനകാര്യ സ്ഥാപനങ്ങളുടെ പിന്മാറ്റം ശക്തമാകുന്നത്

അടിതെറ്റി രൂപ

എണ്ണ വിലയിലെ കുതിപ്പ് ഇന്ത്യൻ രൂപയുടെ മൂല്യത്തിലും ഇടിവുണ്ടാക്കി. അമേരിക്കൻ ഡോളറിനെതിരെ രൂപയുടെ മൂല്യം 59 പൈസ നഷ്‌ടത്തോടെ 95.55ൽ അവസാനിച്ചു. മൂന്ന് മാസത്തിനിടെയിലെ ഏറ്റവും താഴ്ന്ന നിലയാണിത്.

ഇന്ത്യയെ ബാധിക്കുക

• ഇന്ധനവില കൂടിയേക്കും

• വിമാന നിരക്ക് ഉയരാം

• ചരക്ക് ഗതാഗതച്ചെലവ് കൂടും

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CRUDE OIL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360