
ജി.എസ്.ടി, യു.പിഐ മുന്നേറ്റം
കൊച്ചി: ആഗോള അനിശ്ചിതത്വങ്ങളെ അവഗണിച്ച് ആഭ്യന്തര ഉപഭോഗം ശക്തമാകുന്നുവെന്ന് വ്യക്തമാക്കി ജൂലായിൽ ജി.എസ്.ടി വരുമാനത്തിലും യു.പി.ഐ ഇടപാടുകളിലും വാഹന വിൽപ്പനയിലും മികച്ച മുന്നേറ്റമുണ്ടായി. ഇന്ത്യയുടെ ചരക്ക് സേവന നികുതി(ജി.എസ്.ടി) സമാഹരണം ജൂലായിൽ 15.45 ശതമാനം വർദ്ധനയോടെ 2.11 ലക്ഷം കോടി രൂപയായി. മുൻവർഷം ജൂലായിൽ ജി.എസ്.ടി വരുമാനം 1.83 ലക്ഷം കോടി രൂപയായിരുന്നു. ജൂണിലെ വരുമാനം 1.95 ലക്ഷം കോടി രൂപയാണ്. റീഫണ്ട് ഒഴികെയുള്ള അറ്റ ജി.എസ്.ടി വരുമാനം 1.81 ലക്ഷം കോടി രൂപയാണ്. നടപ്പു സാമ്പത്തിക വർഷം രണ്ടാം തവണയാണ് പ്രതിമാസ ജി.എസ്.ടി തുക രണ്ട് ലക്ഷം കോടി രൂപ കവിയുന്നത്. ഏപ്രിലിൽ ജി.എസ്.ടി വരുമാനം 2.45 ലക്ഷം കോടി രൂപയിലെത്തി റെക്കാഡിട്ടിരുന്നു.
ആകെ ജി.എസ്.ടി : 2.11 ലക്ഷം കോടി രൂപ
കേന്ദ്ര ജി.എസ്.ടി: 39,845 കോടി രൂപ
സംസ്ഥാന ജി.എസ്.ടി: 47,881 കോടി രൂപ
സംയോജിത ജി.എസ്.ടി: 1.23 ലക്ഷം കോടി രൂപ
റീഫണ്ട്: 29,968 കോടി രൂപ
കേരളത്തിന് മികച്ച മുന്നേറ്റം
ജി.എസ്.ടി സമാഹരണ വളർച്ചയിൽ കേരളം ദേശീയ ശരാശരിയിലും മുകളിലെത്തി. ജൂലായിൽ കേരളത്തിന്റെ ജി.എസ്.ടി വരുമാനം 16 ശതമാനം വർദ്ധനയോടെ 3,152 കോടി രൂപയായി. മുൻവർഷം ജൂലായിൽ 2,711 കോടി രൂപയാണ് ലഭിച്ചിരുന്നത്. നടപ്പു സാമ്പത്തിക വർഷത്തിലെ ആദ്യ നാല് മാസങ്ങളിൽ കേരളത്തിന്റെ ജി.എസ്.ടി വരുമാനം 11.2 ശതമാനം ഉയർന്ന് 11,620 കോടി രൂപയായി.
യു.പിഐ റെക്കാഡ് ഉയരത്തിൽ
ജൂലായിൽ രാജ്യത്തെ യു.പി.ഐ ഇടപാടുകളുടെ എണ്ണം 2,366 കോടിയിലെത്തി റെക്കാഡിട്ടു. ഇക്കാലയളവിൽ ഇടപാടുകളുടെ മൂല്യം ചരിത്ര ഉയരമായ 29.88 ലക്ഷം കോടി രൂപയിലാണ്. ഇടപാടുകളുടെ എണ്ണത്തിൽ 4.1 ശതമാനവും മൂല്യത്തിൽ 3.3 ശതമാനവും വർദ്ധനയുണ്ട്.
ടോപ്പ് ഗിയറിൽ വാഹന വിൽപ്പന
കഴിഞ്ഞ മാസം രാജ്യത്തെ വാഹന വിൽപ്പനയും മികച്ച മുന്നേറ്റമുണ്ടാക്കി. മാരുതി സുസുക്കിയുടെ ആഭ്യന്തര കാർ വിൽപ്പന ജൂലായിൽ രണ്ട് ലക്ഷം യൂണിറ്റുകൾ കടന്ന് റെക്കാഡിട്ടു. കമ്പനിയുടെ മൊത്തം വിൽപ്പന 33.7 ശതമാനം ഉയർന്ന് 2.41 ലക്ഷം യൂണിറ്റുകളായി. ഹ്യുണ്ടായ്, ടാറ്റ മോട്ടോർസ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര എന്നിവയും വിൽപ്പനയിൽ മികച്ച നേട്ടമുണ്ടാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |