SignIn
Kerala Kaumudi Online
Thursday, 25 June 2026 8.42 AM IST

ഹരീഷ് റാണയുടെ ഭക്ഷണട്യൂബ് എടുത്തുമാറ്റി

e

ന്യൂഡൽഹി: ഡൽഹി എയിംസിൽ ദയാമരണം പ്രതീക്ഷിച്ചു കിടക്കുന്ന ഹരീഷ് റാണയ്‌ക്ക് ഭക്ഷണവും വെള്ളവും നൽകുന്നത് അവസാനിപ്പിച്ചുവെന്ന് സൂചന. ദയാമരണത്തിനുള്ള പ്രത്യേക പ്രോട്ടോക്കോളിന്റെ ഭാഗമായാണിത്. ഭക്ഷണട്യൂബ് എടുത്തുമാറ്റിയെന്ന് അറിയുന്നു. ഓക്‌സിജൻ സപ്പോർട്ടും നൽകുന്നില്ല. ഘട്ടംഘട്ടമായാണ് ചികിത്സാസംവിധാനങ്ങൾ എടുത്തുമാറ്റുന്നത്. എന്നാൽ ഇതുസംബന്ധിച്ച് എയിംസ് ഔദ്യോഗികമായി വിശദീകരിച്ചിട്ടില്ല. സുപ്രീംകോടതി നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ അന്തസും ആശ്വാസവും നിലനിറുത്തിക്കൊണ്ടാണ് പാലിയേറ്രീവ് കെയർ സെന്ററിലെ നടപടികൾ. ഡോക്‌ടർമാരുടെ പ്രത്യേക സംഘത്തിന്റെ നിരീക്ഷണത്തിലാണ് 32കാരനായ ഹരീഷ്. കഴിഞ്ഞദിവസം എയിംസിലെ വിവിധ വകുപ്പുകളിലെ വിദഗ്ദ്ധ ഡോക്‌ടർമാർ യോഗം ചേർന്ന് സാഹചര്യം വിലയിരുത്തി. ഭക്ഷണവും വെള്ളവും നൽകുന്നത് അവസാനിപ്പിച്ചാൽ ഒന്നോ, രണ്ടോ ആഴ്ച മാത്രമേ രോഗി ജീവിച്ചിരിക്കൂയെന്നാണ് ഡോക്‌ടർമാരുടെ അഭിപ്രായം.

മാതാപിതാക്കൾക്കും അനുമതിയില്ല ?

ഹരീഷിനെ പ്രവേശിപ്പിച്ചിരിക്കുന്ന എയിംസിലെ ഇൻസ്റ്റിറ്ര്യൂട്ട് റോട്ടറി ക്യാൻസർ ഹോസ്‌പിറ്റൽ പാലിയേറ്റീവ് കെയർ യൂണിറ്റ് പരിസരത്ത് ഫോട്ടോയെടുക്കുന്നതും വീഡിയോ ചിത്രീകരിക്കുന്നതും പ‌ൂർണമായും നിരോധിച്ചു. ഹരീഷിനെ കാണാൻ മാതാപിതാക്കൾക്കും അനുമതിയില്ലെന്നാണ് സൂചന. ഈ ദിനങ്ങൾ മറികടക്കാൻ പിതാവ് അശോക് റാണ, മാതാവ് നിർമ്മല, സഹോദരൻ ആശിഷ് റാണ, സഹോദരി ഭാവനാ റാണ എന്നിവർക്ക് തുടർച്ചയായി കൗൺസിലിംഗ് നൽകുന്നുണ്ട്. 2013 ആഗസ്റ്റ് 20ന് രക്ഷാബന്ധൻ ദിനത്തിലാണ് പഞ്ചാബ് സ‌ർവകലാശാലയിലെ എൻജിനിയറിംഗ് വിദ്യാർത്ഥിയായിരുന്ന ഹരീഷ്,​ അവിടുത്തെ പേയിംഗ് ഗസ്റ്റ് ഹൗസിന്റെ നാലാം നിലയിൽ നിന്നു താഴേക്കു വീണ് തലച്ചോറിന് ഗുരുതര ക്ഷതമേറ്റത്. അന്നുമുതൽ കോമയിലാണ്. മാർച്ച് 11ന് സുപ്രീംകോടതി ദയാമരണത്തിന് അനുമതി നൽകി. കഴിഞ്ഞ ശനിയാഴ്ചയാണ് ഉത്തർപ്രദേശ് ഗാസിയാബാദിലെ വീട്ടിൽ നിന്ന് എയിംസിലേക്ക് മാറ്റിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360