
ബംഗളൂരു: കർണാടക നിയമസഭാ കൗൺസിലിലെ (എം.എൽ.സി) ഏഴ് സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് വൻ വിജയം. ബി.ജെ.പിക്ക് തിരിച്ചടി.
കോൺഗ്രസ് അഞ്ച് സീറ്രുകൾ നേടിയപ്പോൾ ബി.ജെ.പിക്ക് രണ്ട് സീറ്റുകളാണ് ലഭിച്ചത്. ജെ.ഡി.എസിന്റെ ഏക സ്ഥാനാർത്ഥി പരാജയപ്പെട്ടു.
നിയമസഭയിൽ 135 എം.എൽ.എമാരാണ് കോൺഗ്രസിനുള്ളത്. 151 വോട്ടുകളാണ് പാർട്ടിക്ക് ലഭിച്ചത്. അഞ്ച് കോൺഗ്രസ് സ്ഥാനാർത്ഥികളും ആദ്യ റൗണ്ടിൽ വിജയിച്ചു. ചുരുങ്ങിയ വോട്ടുകൾ മാത്രം ലഭിക്കുമെന്ന് കരുതിയിരുന്ന കോൺഗ്രസിന്റെ അഞ്ചാമത്തെ സ്ഥാനാർത്ഥി വിനയ് കാർത്തിക്ക് ഏറ്റവും ഉയർന്ന ഭൂരിപക്ഷത്തോടെയാണ് വിജയിച്ചത്. 64 എം.എൽ.എമാരുള്ള ബി.ജെ.പിക്ക് പ്രതീക്ഷിച്ച പിന്തുണ ലഭിച്ചില്ല. പാർട്ടിയുടെ രണ്ട് സ്ഥാനാർത്ഥികൾക്കായി ആകെ ലഭിച്ചത് 56 വോട്ടുകൾ മാത്രം. ബി.ജെ.പി സ്ഥാനാർത്ഥി ലിംഗരാജ് പാട്ടീലിന് 27 വോട്ടും രഘുവിന് 29 വോട്ടുമാണ് ലഭിച്ചത്. 18 പേരുള്ള ജെ.ഡി.എസിന്റെ സ്ഥാനാർത്ഥിക്ക് ലഭിച്ചത് 14 വോട്ടുകളാണ്.
ഡൽഹിയിലേക്ക്
വിളിപ്പിച്ചു
എം.എൽ.എമാർ ക്രോസ് വോട്ട് ചെയ്തുവെന്ന ആരോപണത്തെത്തുടർന്ന് അസ്വസ്ഥരായ ബി.ജെ.പി നേതൃത്വം പാർട്ടിയിലെ ഉന്നത നേതാക്കളെ ഡൽഹിക്ക് വിളിപ്പിച്ചു. സംസ്ഥാന പ്രസിഡന്റ് ബി.വൈ. വിജയേന്ദ്ര, പ്രതിപക്ഷ നേതാവ് ആർ. അശോക, സംസ്ഥാന ചുമതലയുള്ള രാധാ മോഹൻ ദാസ് അഗർവാൾ എന്നിവർ 23ന് ഡൽഹിയിലെത്തും. 11 എൻ.ഡി.എ എം.എൽ.എമാർ ക്രോസ് വോട്ട് ചെയ്തതായാണ് ആരോപണം.
ഡി.കെയുടെ തന്ത്രം
രാഷ്ട്രീയ എതിരാളികളെ തന്ത്രങ്ങളിലൂടെ വീഴ്ത്തുന്നതിൽ മിടുക്കനായ ഡി.കെ. ശിവകുമാറിന്റെ നീക്കമാണ് ഈ അപ്രതീക്ഷിത വിജയത്തിനുപിന്നിലും. അഞ്ച് കോൺഗ്രസ് സ്ഥാനാർത്ഥികളെയും വൻ ഭൂരിപക്ഷത്തിലാണ് വിജയിപ്പിച്ചത്.
മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷമുള്ള ശിവകുമാറിന്റെ ആദ്യത്തെ വലിയ നീക്കം കൂടിയാണിത്. 2028ലെ പൊതുതിരഞ്ഞെടുപ്പിന്റെ മുന്നോടിയായുള്ള സൂചനയാണിതെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് വി.എസ് ഉഗ്രപ്പ പ്രതികരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |