SignIn
Kerala Kaumudi Online
Friday, 03 July 2026 4.41 AM IST

വടിയെടുത്ത് സുപ്രീംകോടതി എ.ഐ നൽകുന്ന വ്യാജ വിധികളെ ആശ്രയിച്ചാൽ കടുത്ത നടപടി

supreme-court

ന്യൂഡൽഹി: എ.ഐയെ ആശ്രയിച്ച് ഹ‌ർജി തയ്യാറാക്കുന്ന അഭിഭാഷകരും ഹർജിയിലെ വ്യാജവിധികളെ അതേപടി കണക്കിലെടുത്ത് വിധി പുറപ്പെടുവിക്കുന്ന ജഡ്‌ജിമാരും പെടും. ഇത്തരക്കാർക്കെതിരെ കടുത്ത നടപടിയെടുക്കുമെന്ന് സുപ്രീംകോടതി അറിയിച്ചു.

വാദമുഖങ്ങൾ സാധൂകരിക്കാൻ വ്യാജ വിധികൾ ഹർജികളിൽ ഉൾപ്പെടുത്തുന്ന ചില അഭിഭാഷകരുടെ പ്രവൃത്തി പെരുമാറ്റദൂഷ്യമാണ്. ഒരുതരത്തിലുമുള്ള പരിശോധനയും ഇവർ നടത്തുന്നില്ല. ഹർജികളിൽ ഉൾപ്പെടുത്തുന്ന എ.ഐ വഴിയുള്ള വ്യാജ വിധികളുടെ അടിസ്ഥാനത്തിൽ ചില ജഡ്‌ജിമാരും വിധികളെഴുതുന്നു. ഈ വീഴ്ചകൾ വച്ചുപൊറുപ്പിക്കില്ല. അത്തരം ഉത്തരവുകൾ നിയമപരമായി നിലനിൽക്കില്ലെന്ന് ജസ്റ്റിസുമാരായ പി.എസ്.നരസിംഹ, അലോക് അരാധെ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

നിയമത്തിന്റെ കണ്ണിൽ അതിനെ വിധിയായി കാണാനാകില്ല. ജുഡിഷ്യൽ പ്രക്രിയയുടെ വിശ്വാസ്യത സംരക്ഷിക്കാൻ അവ റദ്ദാക്കേണ്ടതുണ്ട്. വിധി നി‌ർണയത്തിന്റെ പവിത്രതയെ ബാധിക്കുന്ന വിഷയമാണെന്നും കോടതി നിരീക്ഷിച്ചു. വ്യാജവിധികളുടെ അടിസ്ഥാനത്തിൽ രാജ്യത്തെ വിവിധ ട്രൈബ്യൂണലുകൾ പുറപ്പെടുവിച്ച വിധികൾ റദ്ദാക്കിക്കൊണ്ടാണ് സുപ്രീംകോടതി നിലപാട്.

ബാർ കൗൺസിലിന് നി‌ർദ്ദേശം

ബാർ കൗൺസിൽ ഇത്തരം പ്രവണതകളെ അതീവഗൗരവത്തോടെ കൈകാര്യം ചെയ്യണമെന്ന് സുപ്രീംകോടതി നി‌ർദ്ദേശിച്ചു. ഭാവിയിൽ ആവർത്തിക്കില്ലെന്ന് ഉറപ്പാക്കണം. ലംഘിക്കുന്നവർക്കെതിരെ കടുത്ത അച്ചടക്ക നടപടി സ്വീകരിക്കണം. എ.ഐ ശരിയായ നിലയിൽ ഉപയോഗിക്കുന്നതിനെ എതിർക്കുന്നില്ലെന്നും കൂട്ടിച്ചേർത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360