
ന്യൂഡൽഹി: ഇന്ത്യയിലേക്ക് ചരക്കുമായി വരികയായിരുന്ന എം.വി ഗോൾഡൻ ആഴ്‌സണൽ എന്ന ചരക്കുകപ്പൽ ഏദൻ ഉൾക്കടലിൽ റാഞ്ചാനുള്ള കടൽക്കൊള്ളക്കാരുടെ ശ്രമം വിഫലമാക്കി നാവിക സേന. കടൽക്കൊള്ള പതിവായതിനാൽ പട്രോളിംഗിനായി നാവിക സേന വിന്യസിച്ച ഐ.എൻ.എസ് ത്രികന്ത് എന്ന യുദ്ധക്കപ്പലാണ് ജൂലായ് ഒന്നിന് രാത്രി അടിയന്തര ഇടപെടൽ നടത്തിയത്. കപ്പലിൽ പ്രധാനപ്പെട്ട ചരക്കുണ്ടായിരുന്നു എന്നാണ് സൂചന.
ജീവനക്കാരെ റാഞ്ചി മോചനദ്രവ്യം ആവശ്യപ്പെടുകയായിരുന്നു കൊള്ളക്കാരുടെ ലക്ഷ്യം. കൊള്ളക്കാരുടെ സാന്നിദ്ധ്യം ശ്രദ്ധയിൽപ്പെട്ടയുടൻ കപ്പൽ ജീവനക്കാർ സുരക്ഷിതമായ മുറിയിൽ കയറി. സഹായം തേടി നാവിക സേനയ്ക്ക് അടിയന്തര സന്ദേശം അയച്ചു. മേഖലയിൽ പട്രോളിംഗ് നടത്തുകയായിരുന്ന ഐ.എൻ.എസ് ത്രികന്ത് കുതിച്ചെത്തി. നാവികസേനാ മറൈൻ കമാൻഡോകൾ (മാർക്കോസ്) ചരക്ക് കപ്പലിന്റെ നിയന്ത്രണം ഏറ്റെടുത്തു. അപകടം മണത്ത കടൽക്കൊള്ളക്കാർ ജീവനുംകൊണ്ടു പാഞ്ഞു. ഒരു ഇന്ത്യക്കാരനടക്കം കപ്പൽ ജീവനക്കാർ മുഴുവൻ സുരക്ഷിതരാണ്. കപ്പലിലെ ഒന്നും നഷ്‌ടമായില്ല.
മറ്റു രാജ്യങ്ങൾക്കും രക്ഷ
ലോകത്തിലെ ഏറ്റവും തിരക്കേറിയ സമുദ്ര വ്യാപാര പാതകളിൽ ഒന്നായ ഏദൻ ഉൾക്കടലിൽ കടൽക്കൊള്ളക്കാർ ചരക്കു കപ്പലുകളെ ആക്രമിക്കുന്നത് പതിവായതോടെ, രണ്ടു വർഷം മുൻപാണ് ഇന്ത്യൻ നാവിക സേനയുടെ യുദ്ധക്കപ്പലുകൾ ശക്തമായ പട്രോളിംഗ് തുടങ്ങിയത്. മറ്റ് രാജ്യങ്ങളുടെ കപ്പലുകൾക്കും ഇന്ത്യൻ നാവിക സേനയാണ് പലപ്പോഴും രക്ഷകരാവുന്നത്.
ജൂൺ 19 ന് പശ്ചിമ ഇന്ത്യൻ മഹാസമുദ്രത്തിൽ എം.വി ഫരീദ എന്ന ചരക്കു കപ്പലിനു നേരെയുണ്ടായ കടൽക്കൊള്ളക്കാരുടെ ആക്രമണത്തെയും ഐ.എൻ.എസ് ത്രികന്ത് വിഫലമാക്കിയിരുന്നു. മേയ് 27ന് പശ്ചിമ ഇന്ത്യൻ മഹാസമുദ്രത്തിൽ എം.വി മഷാഅള്ള എന്ന കപ്പലിനു നേരെയും സമാന ആക്രമണമുണ്ടായി. അന്ന് നാവിക സേനയുടെ ഐ.എൻ.എസ് കൊൽക്കത്തയാണ് രക്ഷയ്‌ക്കെത്തിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |