SignIn
Kerala Kaumudi Online
Friday, 03 July 2026 4.40 AM IST

തമിഴ്നാട്ടിൽ വിജയ് ഭരണത്തിൽ ഖജനാവിന് നേട്ടം

e

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌യുടെ നേതൃത്വത്തിലുള്ള ടി.വി.കെ സർക്കാർ ഭരണരംഗത്ത് കൊണ്ടുവന്ന മാറ്റങ്ങൾ സംസ്ഥാന ഖജനാവിന് നേട്ടമുണ്ടാക്കുന്നതായി റിപ്പോർട്ട്. ചെറിയ പൊതുമരാമത്ത് ജോലികൾ പോലും ഓപ്പൺ ടെൻഡർ വഴി നടപ്പിലാക്കാൻ തുടങ്ങിയതോടെയാണ് കുറഞ്ഞ നിരക്കിൽ കരാറുകൾ ഉറപ്പിക്കാൻ സർക്കാരിന് സാധിക്കുന്നത്.

10 ലക്ഷം കോടി രൂപയിലധികം കടബാധ്യതയുള്ള സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താൻ ഈ ഭരണശൈലി സഹായിക്കുമെന്ന് മുഖ്യമന്ത്രി നേരത്തെ പ്രഖ്യാപിച്ചിരുന്നു. അഴിമതിയും കമ്മീഷൻ ഇടപാടുകളും അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള നീക്കം കരാറുകാർക്കിടയിലും വലിയ സ്വീകാര്യതയാണ് നേടുന്നത്.

മുൻകാലങ്ങളിൽ നിയന്ത്രിത ടെൻഡറുകളിലൂടെയും പ്രീ-ഫിക്സഡ് കരാറുകളിലൂടെയും പദ്ധതികൾ നടപ്പിലാക്കിയിരുന്ന രീതിക്ക് വിജയ് സർക്കാർ അന്ത്യം കുറിച്ചു. ഇതോടെ കരാറുകാർക്കിടയിൽ ആരോഗ്യകരമായ മത്സരം ഉണ്ടാകുകയും സർക്കാർ നിശ്ചയിച്ച തുകയേക്കാൾ 25 മുതൽ 30 ശതമാനം വരെ കുറഞ്ഞ നിരക്കിൽ പണികൾ ഏറ്റെടുക്കാൻ അവർ തയ്യാറാകുകയും ചെയ്യുന്നു.

ജൂൺ 28-ന് ടൈംസ് ഓഫ് ഇന്ത്യ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ചെന്നൈ കോർപ്പറേഷനിലെ അമ്പത്തൂർ മേഖലയിൽ 25 ലക്ഷം രൂപ കണക്കാക്കിയ ഒരു റോഡ് പുനരുദ്ധാരണ പദ്ധതി 17 ലക്ഷം രൂപയ്ക്കാണ് കരാർ നൽകിയത്. ഇതിലൂടെ ഒരു പദ്ധതിയിൽ മാത്രം സർക്കാരിന് ഏകദേശം ഒൻപത് ലക്ഷം രൂപ ലാഭിക്കാൻ കഴിഞ്ഞു. ഷോളിംഗനല്ലൂർ പോലുള്ള ഇടങ്ങളിൽ എസ്റ്റിമേറ്റ് തുകയേക്കാൾ 36 ശതമാനം വരെ കുറഞ്ഞ നിരക്കിലാണ് കരാറുകൾ വിളിക്കപ്പെട്ടത്.

മുൻ സർക്കാരുകളുടെ കാലത്ത് പദ്ധതി തുകയുടെ പത്ത് ശതമാനം അധികം നൽകി കരാറുകൾ നൽകിയിരുന്ന സ്ഥാനത്താണ് ഇപ്പോൾ കുറഞ്ഞ തുകയ്ക്ക് ടെൻഡറാകുന്നത് സംസ്ഥാന ഖജനാവിന് വലിയ നേട്ടമായി മാറുന്നത്‌. മുൻകാലങ്ങളിൽ നിലനിന്നിരുന്ന 40 ശതമാനം വരെയുള്ള 'കമ്മീഷൻ സംസ്കാരം' അവസാനിച്ചതാണ് ഇതിന് കാരണമെന്ന് കോൺട്രാക്ടേഴ്സ് അസോസിയേഷൻ പ്രസിഡന്റ് രാമറാവു ചൂണ്ടിക്കാട്ടി.

രാഷ്ട്രീയക്കാർക്കോ ഉദ്യോഗസ്ഥർക്കോ കൈക്കൂലി നൽകേണ്ടതില്ലാത്തതിനാലാണ് കുറഞ്ഞ നിരക്കിൽ ടെൻഡർ നൽകാൻ തങ്ങൾക്ക് സാധിക്കുന്നതെന്ന് കരാറുകാരും പറയുന്നു. വിജയ് സർക്കാരിന്റെ നടപടി ഇന്ത്യയിലുടനീളമുള്ള ഭരണകൂടങ്ങൾക്ക് മാതൃകയാകുമെന്ന് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നുണ്ട്. എങ്കിലും, കുറഞ്ഞ തുകയ്ക്ക് കരാർ നൽകുമ്പോൾ നിർമാണത്തിന്റെ ഗുണനിലവാരം ഉറപ്പാക്കുക എന്നത് വിജയ് സർക്കാരിന് മുന്നിലുള്ള വെല്ലുവിളിയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NATIONAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360