SignIn
Kerala Kaumudi Online
Tuesday, 07 July 2026 4.48 AM IST

വിശ്വാസം വീണ്ടെടുക്കാൻ ട്രസ്റ്റ്: കൃഷ്‌ണമോഹൻ ഇടക്കാല ജനറൽ സെക്രട്ടറി

ayodhya

ന്യൂഡൽഹി: അയോദ്ധ്യ രാമക്ഷേത്രത്തിലെ സംഭാവന കൊള്ളയിൽ വേദന രേഖപ്പെടുത്തുന്നെന്ന് ശ്രീരാമജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ്. ഇന്നലെ ക്ഷേത്രവളപ്പിലെ ഗസ്റ്റ് ഹൗസിൽ നടന്ന ട്രെസ്റ്റിന്റെ നിർണായ യോഗത്തിൽ സ്ഥിരം അംഗം കൃഷ്‌ണമോഹനെ (73) ഇടക്കാല ജനറൽ സെക്രട്ടറിയായി നിയോഗിച്ചു. ഒപ്പം ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്നുള്ള വി.എച്ച്.പി ഉപാദ്ധ്യക്ഷൻ ചമ്പത് റായിയുടെയും ട്രസ്റ്ര് അംഗമെന്ന നിലയിലുള്ള അനിൽ മിശ്രയുടെയും രാജി സ്വീകരിച്ചു. ക്ഷേത്രഭരണം കാര്യക്ഷമമാക്കാൻ സി.ഇ.ഒയെ നിയമിക്കാനും തീരുമാനമായി.

പാനൽ തയ്യാറാക്കാൻ റിട്ട.ഹൈക്കോടതി ജഡ്‌ജി പെർമോദ് കോഹ്‌ലി,റിട്ട. ലെഫ്റ്റനന്റ് ജനറൽ വിഷ്‌ണുകാന്ത് ചതു‌ർവേദി,ഷിർദി ആശ്രമത്തിലെ സുരേഷ് ജി. ഹവാരെ എന്നിവരടങ്ങിയ മൂന്നംഗ സെർച്ച് കമ്മിറ്റി രൂപീകരിച്ചു. സംശയനിഴലിലായ ചമ്പത് റായിയും അനിൽ മിശ്രയും അഡ്മിനിസ്ട്രേറ്റർ ഗോപാൽ റാവുവും യോഗത്തിനെത്തിയില്ല. പ്രസിഡന്റ് നൃത്യ ഗോപാൽ ദാസ് അദ്ധ്യക്ഷത വഹിച്ചു. 2025 സെപ്തംബർ മുതൽ രസ്റ്റിലെ സ്ഥിരം അംഗമാണ് ഉത്തർപ്രദേശ് ഹർദോയ് സ്വദേശിയായ കൃഷ്‌ണമോഹൻ.

അതേസമയം,​ ‌ധാർമികത മുൻനിറുത്തിയാണ് ചമ്പത് റായ് രാജിവച്ചതെന്നും തന്റെ കണ്ണിൽ കളങ്കമേൽക്കാത്ത വ്യക്തിയാണെന്നും ട്രഷറർ സ്വാമി ഗോവിന്ദ് ദേവ് ഗിരി പറഞ്ഞു.അന്വേഷണം നടക്കുമ്പോൾ ആ പദവിയിൽ തുടരുന്നത് ഉചിതമല്ലെന്ന് ചമ്പത് തീരുമാനിക്കുകയായിരുന്നു. മുൻ കേന്ദ്ര ആഭ്യന്തര സെക്രട്ടറി എസ്. ലക്ഷ്‌മി നാരായൺ സംഭാവനയായി നൽകിയ 147 കിലോയുടെ സ്വ‌ർണം പൂശിയ രാമചരിതമാനസും വെള്ളി മെതിയടിയും അടക്കം 5 അമൂല്യ വസ്‌തുക്കൾ ട്രഷറർ മാദ്ധ്യമങ്ങൾക്ക് മുന്നിൽ പ്രദർശിപ്പിച്ചു.

ഗൂഢാലോചനാക്കുറ്റം ചുമത്തിയേക്കും

ചമ്പത് റായ്,അനിൽ മിശ്ര,ഗോപാൽ റാവു എന്നിവർക്കെതിരെ ക്രിമിനൽ ഗൂഢാലോചന ചുമത്തുമെന്ന് അഭ്യൂഹമുണ്ട്. കൊള്ളം മറച്ചുവയ്‌ക്കാൻ ചമ്പത് റായ് ശ്രമിച്ചതിന് വീഡിയോ തെളിവുണ്ട്. ജൂൺ 5ന് ജീവനക്കാരുടെ വീടുകളിൽ നിന്ന് പണം കണ്ടെടുത്തെങ്കിലും കൊള്ള നടന്നിട്ടില്ലെന്ന് ജൂൺ 7ന് ചമ്പത് റായ് പ്രസ്‌താവന പുറത്തിറക്കിയിരുന്നു. ഇതിനിടെ,സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാത്പര്യഹർജിയിൽ അലഹബാദ് ഹൈക്കോടതി ഇടപെട്ടില്ല. വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കുന്ന സാഹചര്യത്തിലാണിത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AYODHYA, NATIONALNEWS, DONATION SCAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360