ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിലെ അനുബന്ധ കുറ്റപത്രത്തിൽ പാകിസ്ഥാനിലെ ലഷ്കറെ ത്വയ്ബ തലവൻ ഹാഫിസ് സയീദിനെ എൻ.ഐ.എ പ്രതിചേർത്തു. ഹാഫിസ് സയീദിന്റെ പാകിസ്ഥാനിലെ താവളത്തിലായിരുന്നു ആസൂത്രണമെന്ന് കുറ്റപത്രത്തിൽ പറയുന്നു. ലഷ്കറെ ത്വയ്ബയിലെയും അവരുടെ നിയന്ത്രണത്തിലുള്ള ദ റെസിസ്റ്റൻസ് ഫ്രണ്ടിലെയും (ടി.ആർ.എഫ്) ഭീകരരെ ഏർപ്പാടാക്കി. ഓപ്പറേഷൻ സംബന്ധിച്ച സമഗ്ര പ്ലാൻ തയ്യാറാക്കി. ഭീകരർക്ക് ആയുധങ്ങൾ എത്തിച്ചുകൊടുത്തു. ഭീകരാക്രമണം നടപ്പാക്കാൻ പൂർണ മേൽനോട്ടം വഹിച്ചു.
ഇന്ത്യയോട് യുദ്ധം ചെയ്‌തു.അതിർത്തിക്കപ്പുറമിരുന്ന് ഗൂഢാലോചന നടത്തി തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്. യു.എ.പി.എ, ഭാരതീയ ന്യായസംഹിത, ആയുധ നിയമം എന്നിവയിലെ വകുപ്പുകൾ പ്രകാരമാണിത്. 2025 ഏപ്രിൽ 22ന് കാശ്മീരിലെ ബൈസരൻ താഴ്‌വരയിൽ നിരപരാധികളായ 26 വിനോദസഞ്ചാരികളെ മതം ചോദിച്ചശേഷം പോയിന്റ് ബ്ലാങ്കിൽ വെടിവച്ചു കൊന്ന സംഭവത്തിലാണിത്. ജമ്മുവിലെ എൻ.ഐ.എ പ്രത്യേക കോടതിയിലാണ് അനുബന്ധ കുറ്റപത്രം സമർപ്പിച്ചത്. 2025 ഡിസംബറിൽ 1597 പേജുള്ള മുഖ്യ കുറ്റപത്രം കൈമാറിയിരുന്നു.
എട്ടാം പ്രതി
എട്ടാമത്തെ പ്രതിയാണ് ലഷ്കറെ ത്വയ്ബ തലവൻ. ഏഴു പേരെ മുഖ്യകുറ്റപത്രത്തിൽ പ്രതികളാക്കിയിരുന്നു. ഭീകരാക്രമണം നടന്ന് 99ാം നാൾ ശ്രീനഗറിലെ ദച്ചിഗാം വനമേഖലയിൽ സുരക്ഷാസേന വധിച്ച മൂന്ന് പാക് ഭീകരർ അടക്കമാണിത്. സുലൈമാൻ ഷാ എന്ന ഫൈസൽ ജട്ട്, ജിബ്രാൻ എന്ന ഹബീബ് താഹിർ, ഹംസ അഫ്ഗാനി എന്നിവരെയാണ് 2025 ജൂലായ് 29ന് ഓപ്പറേഷൻ മഹാദേവിൽ വധിച്ചത്.
ഇവരിൽ നിന്ന് പിടിച്ചെടുത്ത മൊബൈൽ ഫോണുകളിൽ ഫൊറൻസിക് പരിശോധന നടത്തിയപ്പോൾ റൂട്ട് മാപ്പ് അടക്കം നിർണായക തെളിവുകൾ ലഭിച്ചിരുന്നു. ഭീകരർക്ക് ഒളിത്താവളം ഒരുക്കിയവരും പഹൽഗാമിലേക്ക് വഴികാട്ടിയവരുമാണ് മറ്റു പ്രതികൾ.
മുംബയ് ഭീകരാക്രമണത്തിലും പങ്ക്
2008ലെ മുംബയ് ഭീകരാക്രമണത്തിൽ അടക്കം രാജ്യം തേടുന്ന കൊടും ഭീകരൻ
സയീദിനെ വിട്ടുകിട്ടണമെന്ന് 2023ൽ ഇന്ത്യ പാകിസ്ഥാനോട് ആവശ്യപ്പെട്ടു
ഐക്യരാഷ്ട്രസഭ ഭീകരനായി പ്രഖ്യാപിച്ചു. വിവരം നൽകുന്നവർക്ക് ഒരു കോടി ഡോളർ പാരിതോഷികം പ്രഖ്യാപിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |