
ന്യൂഡൽഹി: ഇ20 ഇന്ധനം നാലുചക്ര വാഹനങ്ങളിലെ ടർബോ ചാർജ്ഡ് എൻജിനെ ബാധിച്ചേക്കുമെന്ന് ഓട്ടോമോട്ടീവ് റിസർച്ച് അസോസിയേഷൻ ഒഫ് ഇന്ത്യയുടെ (എ.ആർ.എ.ഐ) പഠന റിപ്പോർട്ട്. കേന്ദ്രസർക്കാരിന് കീഴിലുള്ള രാജ്യത്തെ പ്രമുഖ റിസർച്ച്,ടെസ്റ്റിംഗ്,സർട്ടിഫിക്കേഷൻ ഏജൻസിയാണിത്. ബി.എസ്. ഫോർ സാധാരണ എൻജിനുള്ള നാലുചക്ര വാഹനത്തിൽ ഇ 20 ഇന്ധനമൊഴിച്ച് പരീക്ഷണം നടത്തിയപ്പോൾ തരക്കേടില്ലാത്ത പ്രകടനമായിരുന്നു. എന്നാൽ ബി.എസ്. ഫോർ ടർബോ എൻജിനുള്ള വാഹനങ്ങളിൽ നടന്ന പഠനത്തിലൂടെ പ്രശ്‌നങ്ങൾ കണ്ടെത്തി. വാൽവുകളിൽ തെർമോ മെക്കാനിക്കൽ തകരാറുണ്ടായി. പാർട്സുകൾ വേഗം നശിച്ചുപോകുന്ന സാഹചര്യമുണ്ടാകും. ഹോണ്ട സിവിക്, ഫോക്‌സ്‌വാഗൺ ഗോൾഫ്, ഫോർഡ് ഫോക്കസ്, നിസാൻ ജി.ടി-ആർ, ടൊയൊട്ട ആർ.എ.വി 4 തുടങ്ങി നിരവധി കാറുകളിൽ ടർബോ എൻജിനാണുള്ളത്. ഇ10 ഇന്ധനം ഉപയോഗിക്കാൻ കണക്കാക്കി രൂപകല്പന ചെയ്‌ത വാഹനങ്ങളിലെ റബർ കൊണ്ടുണ്ടാക്കിയ ഹോസുകൾ, ഗാസ്‌കറ്റുകൾ, സീലുകൾ, ഒ-റിംഗുകൾ തുടങ്ങിയവ വേഗത്തിൽ കേടായേക്കാം. അറ്റകുറ്റപ്പണികൾ കൂടുതലായി വേണ്ടിവരുമെന്ന നിലയിലാണ് ഏജൻസിയുടെ റിപ്പോർട്ട്. അതേസമയം ഇരുചക്രവാഹനങ്ങൾക്ക് കാര്യമായ ഭീഷണിയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. 80% പെട്രോളും, 20% എഥനോളും ചേർന്നതാണ് ഇ 20 ഇന്ധനം. കേന്ദ്രസർക്കാർ ഇതു കൊണ്ടുവന്നതിൽ വാഹനയുടമകളിൽ 53%വും അസംതൃപ്‌തരാണെന്ന്, നോയിഡയിലെ ലോക്കൽ സർക്കിൾസ് എന്ന സ്ഥാപനം നടത്തിയ സർവെയിൽ പുറത്തുവന്നിരുന്നു.
ഇ 25ൽ തീരുമാനമായില്ല: കേന്ദ്രം
75% പെട്രോളും,25% എഥനോളും ചേർന്ന ഇ25 ഇന്ധനത്തിന് അനുമതി നൽകുന്നതിൽ നയപരമായ തീരുമാനമെടുത്തിട്ടില്ലെന്ന് കേന്ദ്രസർക്കാർ പ്രതികരിച്ചു. ഇതുസംബന്ധിച്ച അഭ്യൂഹങ്ങളെ തള്ളി. പരീക്ഷണഘട്ടത്തിലാണെന്നും വ്യക്തമാക്കി. ഇ20 സുരക്ഷിതമാണെന്ന് ആവർത്തിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |