
ചെന്നൈ: തമിഴ്നാട് മുൻ മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ തോറ്റ കൊളത്തൂർ മണ്ഡലത്തിൽ തിരഞ്ഞെടുപ്പിൽ കൃത്രിമം നടന്നതിനു തെളിവുണ്ടെന്നു ഡി.എം.കെ. നേതാവ് എൻ.ആർ.ഇളങ്കോ എം.പി ആരോപിച്ചു. ഇ.വി.എം മെഷീനുകളുടെ പരിശോധന നടക്കുന്നതിനിടെയാണ് ആരോപണം. കൊളത്തൂരിൽ ടി.വി.കെ ടിക്കറ്റിൽ മത്സരിച്ച മുൻ ഡി.എം.കെ നേതാവ് വി.എസ്.ബാബുവാണ് 8,795 വോട്ടുകൾക്ക് സ്റ്റാലിനെ അട്ടിമറിച്ചത്.
ഡി.എം.കെയുടെ പരാതിയെ തുടർന്ന് 30നാണ് 14 പോളിംഗ് ബൂത്തുകളിലെ മെഷീനുകളിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ പരിശോധന ആരംഭിച്ചത്. 7 ദിവസത്തെ പരിശോധന നിലവിൽ 3 ദിവസം പിന്നിട്ടു. വിഷയത്തിൽ നിയമനടപടി സ്വീകരിക്കുമെന്നു നേതാക്കൾ പറഞ്ഞു. 500 മുതൽ 1400 വോട്ടുകൾ വരെ ചെയ്തുള്ള മോക്ക് പോളിൽ 412 വോട്ടിനു ശേഷം വിവി പാറ്റ് യന്ത്രത്തിൽ ലൈറ്റ് തെളിയുന്നില്ലെന്നാണു ഡി.എം.കെയുടെ ആരോപണം. എന്നാൽ, സാങ്കേതിക പ്രശ്നം മാത്രമാണെന്നു ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസർ ജി.എസ്.സമീരൻ പറഞ്ഞു. പരിശോധനയുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം അറിയിച്ചു.
മെഷീനുകളുടെ കൺട്രോൾ യൂണിറ്റും വിവി പാറ്റ് വിവരങ്ങളും ഒത്തുനോക്കുന്നതിൽ വ്യക്തമായ മാനദണ്ഡങ്ങൾ പാലിച്ചിട്ടില്ലെന്നും ഡി.എം.കെ പ്രതിനിധികൾ ആരോപിച്ചു. വോട്ടിംഗ് മെഷീനുകൾ പരിശോധിക്കാൻ നിർദിഷ്ട സമയപരിധിക്കുള്ളിൽ അപേക്ഷ നൽകിയിട്ടും ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നു വീഴ്ചയുണ്ടായതായും പരാതിയുണ്ട്. കാഞ്ചീപുരം ജില്ലയിലെ ഉത്തിരമേരൂർ മണ്ഡലത്തിൽ നടന്ന വോട്ടിംഗ് മെഷീൻ പരിശോധനയിലും പ്രശ്നങ്ങൾ കണ്ടെത്തിയതായി ഡി.എം.കെ നേതാക്കൾ അറിയിച്ചു.
ഉത്തിരമേരൂരിൽ ഡിഎംകെ സ്ഥാനാർഥി കെ.സുന്ദർ 14,223 വോട്ടിനാണു ടി.വി.കെ സ്ഥാനാർത്ഥിയോടു പരാജയപ്പെട്ടത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |