SignIn
Kerala Kaumudi Online
Friday, 14 August 2026 2.49 AM IST

ഭക്ഷണ സ്ഥാപനങ്ങളെ വിറപ്പിക്കും 'മുണ്ടേ ഇഫക്ട്'

d

ന്യൂഡൽഹി: മേയ് 25ന് ചുമതലയേറ്റതിന് പിന്നാലെ 1,100ലേറെ റെയ്ഡുകൾ, പ്രമുഖ ബ്രാൻഡുകളുടെ മൂല്യമോ, സ്ഥാപനങ്ങളുടെ വലിപ്പമോ പാരമ്പര്യമോ കണക്കിലെടുക്കാതെ കർശനനടപടി. മഹാരാഷ്ട്ര ഫുഡ് ആൻഡ് ഡ്രഗ്സ് അഡ്മിനിസ്‌ട്രേഷൻ (എഫ്.ഡി.എ) കമ്മിഷണറായ തുക്കറാം മുണ്ടേയുടെ റെയ്ഡുകൾ വൻകിട ഹോട്ടൽ-ഭക്ഷണശാല ഉടമകൾക്ക് പേടിസ്വപ്നമാകുന്നു.

പ്രമുഖ ഭക്ഷ്യബ്രാൻഡുകളായ ഡൊമിനോസ്, ബ്ലിങ്കിറ്റ്, പഞ്ചനക്ഷത്ര ഹോട്ടൽ റാഡിസൺ, ബോംബെ ഹൈക്കോടതി കാന്റീൻ നടത്തിപ്പുകാർ- റെയ്ഡിന്റെ കയ്‌പറിഞ്ഞവർ ഏറെ. ആഗോള ബ്രാൻഡായ ഡൊമിനോസിന്റെ അഞ്ച് ഔട്ട്‌ലെറ്റുകളുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു. ഭക്ഷ്യവസ്തുക്കളുടെ സംഭരണത്തിലും ശുചിത്വത്തിലും ഗുരുതര വീഴ്ചകൾ കണ്ടെത്തിയതോടെ പ്രമുഖ ഓൺലൈൻ സ്ഥാപനമായ ബ്ലിങ്കിറ്റിന്റെ മാലാഡ് സ്റ്റോർ പൂട്ടിച്ചു.

നൂർ മുഹമ്മദ് ഹോട്ടൽ, ഷാലിമാർ റസ്റ്ററന്റ്, കെ. റസ്റ്റം, ക്രിക്കറ്റ് ക്ലബ് ഓഫ് ഇന്ത്യ, വില്ലിംഗ്ഡൺ സ്‌പോർട്സ് ക്ലബ്, ജുഹു ജിംഖാന, സ്റ്റാർബക്സ്, മക്‌ഡൊണാൾഡ്സ് ഉൾപ്പെടെയുള്ള പ്രമുഖ സ്ഥാപനങ്ങളിലും പരിശോധന. ആയുർവേദ മരുന്ന് നിർമ്മാണ കമ്പനികളായ 135 സ്ഥാപനങ്ങൾക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി. ഗുരുതരവീഴ്ച കണ്ടെത്തിയ 10 സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കി.

രണ്ട് പുഴുക്കളെ കണ്ടെത്തിയതിന്റെ പേരിൽ നവി മുംബയിലെ പഞ്ചനക്ഷത്ര ഹോട്ടലായ പാർക്ക് ഇൻ ബൈ റാഡിസണിന്റെ ഭക്ഷ്യ ലൈസൻസ് സസ്‌പെൻഡ് ചെയ്‌തത് ബോംബെ ഹൈക്കോടതി റദ്ദാക്കി. സ്വകാര്യ സ്ഥാപനങ്ങളിൽ മാത്രമാണല്ലോ പരിശോധന എന്ന് വിമർശനം. പിന്നാലെ ഹൈക്കോടതി പരിസരത്തെ കാന്റീനും മുണ്ടേ അടപ്പിച്ചു. ബോംബെ ഐ.ഐ.ടി കാന്റീനെതിരെയും നടപടിയുണ്ടായി.

21 വർഷം,​ 25 സ്ഥലംമാറ്റം

മഹാരാഷ്ട്ര ബീഡ് ജില്ലയിലെ കർഷക കുടുംബാംഗമായ മുണ്ടേ 2005 ബാച്ച് മഹാരാഷ്‌ട്ര കേഡർ ഐ.എ.എസ് ഉദ്യോഗസ്ഥനാണ്. 21 വർഷത്തെ സർവീസിൽ 25 സ്ഥലംമാറ്റം. സോലാപൂർ ജില്ലാ കളക്ടറായിരിക്കെ നടത്തിയ ജലപ്രശ്ന പരിഹാര പ്രവർത്തനങ്ങളിലൂടെ 'വാട്ടർ മാൻ ഓഫ് മഹാരാഷ്ട്ര" പദവി. സത്യസന്ധതയും വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളും കാരണം 'സിംഹം ഐ.എ.എസ്' എന്ന് ജനങ്ങൾ വിളിക്കുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NATIONAL, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360