SignIn
Kerala Kaumudi Online
Sunday, 23 August 2026 4.01 AM IST

തമിഴ്നാട്ടിൽ പുതിയ രാഷ്ട്രീയ നീക്കം ഡി.എം.കെയെ ഒപ്പം കൂട്ടാൻ എൻഡിഎ; ചർച്ച പനീർശെൽവം വഴി

READ ENGLISH VERSION

paneershelvam-stalin

ചെന്നൈ: തമിഴ്നാട്ടിൽ പുതിയ രാഷ്ട്രീയ നീക്കത്തിന് കളമൊരുങ്ങുന്നു. എം.കെ സ്റ്റാലിന്റെ ഡി.എം.കെയെ എൻ.ഡി.എ ക്യാമ്പിലെത്തിക്കാൻ ചർച്ച ആരംഭിച്ചതായാണ് റിപ്പോർട്ട്. ഡി.എം.കെയിലെത്തിയ ഒ. പനീർശെൽവം വഴിയാണ് ചർച്ച. കഴിഞ്ഞ ലോക്സഭാ തിര‌ഞ്ഞെടുപ്പിൽ എൻ.ഡി.എ സ്ഥാനാർത്ഥിയായിരുന്നു അണ്ണാ ഡി.എം.കെയുടെ മുൻ മുഖ്യമന്ത്രിയായ പനീർശെൽവം.

ഡി.എം.കെയെ ഒപ്പം നിറുത്തിയാൽ രാജ്യസഭയിലും ലോക്‌സഭയിലും എൻ.ഡി.എയ്ക്ക് ശക്തിയാകും. തമിഴ്നാട്ടിൽ ഭരണം നഷ്ടപ്പെടുകയും കോൺഗ്രസുമായി അകലുകയും ചെയ്ത സാഹചര്യത്തിൽ കേന്ദ്രത്തോടൊപ്പം പോകണമെന്ന അഭിപ്രായമാണ് ഡി.എം.കെയിലെ ഒരു വിഭാഗത്തിനുള്ളത്. നേരത്തെ ബി.ജെ.പിക്കെതിരെ വിമർശനം ഉന്നയിച്ചിരുന്ന ഡി.എം.കെ നേതാക്കൾ ഇപ്പോൾ അതിന് മുതിരുന്നില്ല.

ഡി.എം.കെയ്ക്ക് ഒപ്പം നിന്നിരുന്ന കോൺഗ്രസ് വിജയ് സർക്കാർ രൂപീകരിക്കുമെന്ന ഘട്ടമായപ്പോൾ ടി.വി.കെയുടെ സഖ്യകക്ഷിയായി. ദേശീയതലത്തിൽ 'ഇന്ത്യ' മുന്നണിയുടെ ഭാഗമായിരുന്ന മുസ്ലിം ലീഗ്,വി.സി.കെ കക്ഷികൾ ടി.വി.കെ മന്ത്രിസഭയിൽ ചേർന്നു. സി.പി.എം,സി.പി.ഐ പാർട്ടികൾ പുറത്തു നിന്ന് പിന്തുണ നൽകി. നിലവിൽ നിയമസഭയിൽ പ്രതിനിധ്യമുള്ള പാർട്ടികളിൽ ഡി.എം.ഡി.കെയാണ് ഡി.എം.കെയ്ക്ക് ഒപ്പമുള്ളത്. ഡി.എം.‌ഡി.കെ കഴിഞ്ഞ തിരഞ്ഞെടുപ്പിന് മുമ്പു വരെ എൻ.ഡി.എയുടെ ഭാഗമായിരുന്നു.

മണ്ഡല പുനർനിർണയ ബില്ലിനെ എതിർത്തിരുന്ന ഡി.എം.കെ ഇപ്പോൾ നിബന്ധനകളോടെ പിന്തുണയ്ക്കാൻ സന്നദ്ധത അറിയിച്ചതും മുന്നണി പ്രവേശനത്തിന്റെ സൂചനയാണ്. ഡി.എം.കെയ്ക്ക് ലോക്സഭയിൽ 22ഉം രാജ്യസഭയിൽ എട്ടും എം.പിമാരുണ്ട്. അതിനാൽ സുപ്രധാന ബില്ലുകൾ പാസാക്കുമ്പോൾ ബി.ജെ.പിക്ക് ഡി.എം.കെയുടെ പിന്തുണയും വേണ്ടിവരും. അടുത്തിടെ ലോക്സഭാ സ്പീക്കർ ഓം ബിർള നടത്തിയ ചായ സത്കാരത്തിൽ ഡി.എം.കെ. എം.പി. കനിമൊഴി പങ്കെടുത്തിരുന്നു.

കനിമൊഴിക്ക് വാഗ്ദാനം കേന്ദ്രമന്ത്രി സ്ഥാനം

മന്ത്രിസഭാ പുനഃസംഘടനയ്ക്കു മുമ്പ് ‌എൻ.ഡ‌ി.എയിൽ ചേരാൻ ഡി.എം.കെ തീരുമാനിച്ചാൽ പാർലമെന്ററി പാർട്ടി നേതാവ് കെ. കനിമൊഴി ഉൾപ്പെടെ രണ്ടു ഡി.എം.കെ അംഗങ്ങൾ കേന്ദ്രമന്ത്രിമാരായേക്കും. പുനഃസംഘടനയിൽ 20ലധികം കേന്ദ്ര മന്ത്രിമാരുടെ വകുപ്പുകളാണ് മാറ്റുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MK STALIN, TAMILNADU NEWS, LATESTNEWS, NATIONALNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360