SignIn
Kerala Kaumudi Online
Wednesday, 03 June 2026 7.56 PM IST

കേരളവുമായി സഹകരിക്കാൻ അക്കാദമി ഒഫ് ഏതൻസ്

saraf-a-kalpalayam

പ്രാഥമിക ചർച്ചകൾ നടത്തി സ്പോർട്സ് ഫോർ ആൾ പ്രസിഡന്റ് ഡോ.സറഫ്.എ.കൽപ്പാളയം

തിരുവനന്തപുരം : കുട്ടികളുടെ ശാരീരിക -മാനസിക വികാസത്തിൽ കേരളവുമായി സഹകരിക്കാൻ പുരാതന ഗ്രീക്ക് തത്ത്വചിന്തകൻ പ്ലേറ്റോ സ്ഥാപിച്ച ഗ്രീസിലെ അക്കാദമി ഒഫ് ഏതൻസ്.ആൾ ഇന്ത്യ അസോസിയേഷൻ ഓഫ് സ്പോർട്സ് ഫോർ ആൾ ദേശീയ പ്രസിഡന്റും മുൻ സംസ്ഥാന ജി.എസ്.ടി അഡിഷണൽ കമ്മിഷണറുമായ ഡോ.സറഫ്.എ. കൽപ്പാളയത്തിന്റെ ശ്രമഫലമായാണ് ഏതൻസ് അക്കാദമി സഹകരണത്തിന് ഒരുങ്ങുന്നത്. കഴിഞ്ഞദിവസം ഗ്രീസ് സന്ദർശിച്ച ഡോ. സറഫ് അധികൃതരുമായി പ്രാഥമിക ചർച്ചകൾ നടത്തി. മുഖ്യമന്ത്രി വി.ഡി സതീശന്റെ സമയം ലഭിക്കുന്നതിനനുസരിച്ച് അക്കാദമി അധികൃതരും സ്പോർട്സ് ഫോർ ഓൾ അന്താരാഷ്ട്ര പ്രസിഡന്റ് ജനേസ് സോഡ്സ്നിക്ക് അടക്കമുള്ള ഉന്നതതല സംഘവും തിരുവനന്തപുരത്തെത്തും.

മനുഷ്യന്റെ സമഗ്ര വികസനത്തെക്കുറിച്ചുള്ള പ്ലേറ്റോയുടെ ദർശനത്തെ ഇന്ത്യയുടെ കായിക വികസനത്തിനായി പ്രയോജനപ്പെടുത്തുക എന്നതാണ് സഹകരണത്തിലൂടെ ലക്ഷ്യമിടുന്നത്.ശാരീരിക പ്രവർത്തനങ്ങൾ ക്രമീകരിച്ച് പ്രതിരോധ ആരോഗ്യ സംരക്ഷണം, മാനസിക പ്രതിരോധ പരിശീലനം എന്നിവ എല്ലാവർക്കും ലഭ്യമാക്കുകയെന്നതാണ് പദ്ധതിയുടെ കാതൽ. ചെക്ക് റിപ്പബ്ളിക്കിലെ പ്രാഗിൽ നടന്ന "ദ അസോസി​യേഷൻ ഫോർ ഇന്റർനാഷണൽ സ്പോർട്സ് ഫോർ ആൾ" വേൾഡ് കോൺഫറൻസിനുള്ള ഇന്ത്യൻ പ്രതിനിധി സംഘത്തെ നയിച്ചത് ഡോ.സറഫ്.എ.കൽപ്പാളയമാണ്. തുടർന്നാണ് ഏതൻസിലെ അക്കാദമി സന്ദർശിച്ചത്.

1988ൽ റോളർ സ്കേറ്റിംഗിൽ ദേശീയ ചാമ്പ്യനും സൈക്ളിംഗിൽ ദേശീയ മെഡൽ ജേതാവുമായിരുന്നു ഡോ. സറഫ്. സൈക്ളിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ ടെക്നിക്കൽ കമ്മിറ്റി കൺവീനർ, ചെയർമാൻ, ഇന്റർനാഷണൽ സൈക്ളിംഗ് യൂണിയൻ യോഗ്യതയുള്ള കോണ്ടിനെന്റൽ കമ്മീഷണർ, സൈക്ളിംഗ് ഫെഡറേഷന്റെ ചീഫ് കമ്മീഷണർ, സാർക്ക് സൈക്ളിംഗ് ഫെഡറേഷന്റെ സെക്രട്ടറി സ്ഥാനങ്ങളും അലങ്കരിച്ചിട്ടുണ്ട്.

ഏതൻസ് അക്കാദമി

ബി.സി 387ൽ പ്ളേറ്റോ സ്ഥാപിച്ച അക്കാദമി പാശ്ചാത്യ ലോകത്തെ ഏറ്റവും പഴക്കമേറിയ സർവകലാശാലയായാണ് അറിയപ്പെടുന്നത്. മാത്തമാറ്റിക്സ്, അസ്ട്രോണമി, ഫിലോസഫി എന്നിവയിലൂന്നിയതായിരുന്നു ആദ്യ കാല പഠനവിഷയങ്ങൾ. അരിസ്റ്റോട്ടിലിന്റെ പാഠശാല.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, SPORTS, SARAF A KALPALAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360