
കൊച്ചി: ബാസ്‌ക്കറ്റ്ബാൾ ലീഗ് കേരളയുടെ (ബി.എൽ.കെ) പ്രഥമസീസൻിന് നാളെ കൊച്ചിയിൽ തുടക്കമാകും. സ്റ്റാർട്ടിംഗ് ഫൈവ് സ്പോർട്സ് മാനേജ്മെന്റ് പ്രൈവറ്റ് ലിമിറ്റഡ്, എബിസി ബാസ്‌ക്കറ്റ്ബാൾ ലീഗ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവർ കേരള ബാസ്‌ക്കറ്റ്ബോൾ അസോസിയേഷനുമായി ചേർന്നാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. ജൂൺ 4 മുതൽ 13 വരെ കൊച്ചി റീജിയണൽ സ്പോർട്സ് സെന്റർ ഇൻഡോർ സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ.
ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും അണ്ടർ-14, അണ്ടർ-19 വിഭാഗങ്ങളിലായി തിരുവനന്തപുരം കാപ്പിറ്റൽസ്, ആലപ്പുഴ ഡോൾഫിൻസ്, കോട്ടയം ബൈസൺസ്, കൊച്ചി സ്റ്റാലിയൻസ്, തൃശ്ശൂർ ടസ്കേഴ്സ്, കാലിക്കറ്റ് വാരിയേഴ്സ് എന്നീ ആറ് പ്രമുഖ ഫ്രാഞ്ചൈസി ടീമുകളാണ് ലീഗിൽ മാറ്റുരയ്ക്കുന്നത്. 10 ദിവസം നീണ്ടുനിൽക്കുന്ന ടൂർണമെന്റിൽ ആകെ 72 മത്സരങ്ങൾ ഉണ്ടാകും.കേരളത്തിലെ യുവ ബാസ്‌ക്കറ്റ്ബോൾ ചരിത്രത്തിൽ ആദ്യമായി എല്ലാ മത്സരങ്ങളും അത്യാധുനിക ക്യാമറയിലൂടെ Wizsports.ai തത്സമയം സംപ്രേഷണം ചെയ്യും. കളിക്കാരുടെ പ്രകടനം വിലയിരുത്താൻ കൃത്യമായ സ്ഥിതിവിവരക്കണക്കുകളും വീഡിയോ അനലിറ്റിക്സും ലീഗിൽ ഉപയോഗിക്കുന്നുണ്ട്. ചെറുപ്രായത്തിൽ തന്നെ കുട്ടികളെ ഇത്തരം ആധുനിക രീതി പരിചയപ്പെടുത്തുന്നത് ആഗോള നിലവാരത്തിലേക്ക് അവരെ ഉയർത്താൻ സഹായിക്കുമെന്ന് സംഘാടകർ പറഞ്ഞു. മത്സരങ്ങൾക്കൊപ്പം കോച്ചുമാർക്കായി പ്രത്യേക പരിശീലന പരിപാടിയും, റഫറിമാരുടെ കളി നിയന്ത്രിക്കാനുള്ള മികവ് വർദ്ധിപ്പിക്കാൻ വീഡിയോ റിവ്യൂ സംവിധാനവും ലീഗിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. സാങ്കേതികവിദ്യ താഴെത്തട്ടിലുള്ള കുട്ടികളിലേക്ക് എത്തിക്കുക എന്നതാണ് ലീഗിന്റെ ദീർഘകാല ലക്ഷ്യമെന്നും സംഘാടകർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |