
വിവാദത്തിന്റെ ഗോളടിച്ച് ട്രമ്പ്
ട്രമ്പ് കാർഡ്
അമേരിക്കൻ താരം ബാലോഗണിന്റെ വിലക്ക് പിൻവലിച്ചത് ട്രമ്പിന്റെ ഇടപെടൽ മൂലമെന്ന് ആരോപണം
ന്യൂയോർക്ക് : ബോസ്നിയയ്ക്ക് എതിരായ ലോകകപ്പ് മത്സരത്തിൽ ചുവപ്പുകാർഡ് കണ്ട അമേരിക്കൻ താരം ബാലോഗണിന്റെ ഒരു മത്സരവിലക്ക് ഫിഫ പിൻവലിച്ചതിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ ഇടപെടൽ വിവാദത്തിൽ. ആതിഥേയരായ അമേരിക്കയ്ക്ക് വേണ്ടി ഫിഫ ഒത്തുകളിക്കുകയാണെന്ന ആരോപണവുമായി യൂറോപ്യൻ ഫുട്ബാൾ അസോസിയേഷനും നിരവധി യൂറോപ്യൻ രാജ്യങ്ങളിലെ അസോസിയേഷനുകളും മുൻ താരങ്ങളും പരിശീലകരും രംഗത്തെത്തി.
മൂന്നു ഗോളടിച്ച് അമേരിക്കയുടെ ടോപ് സ്കോററായ ബാലോഗണിന് ബോസ്നിയയ്ക്ക് എതിരെ റെഡ് കാർഡ് ലഭിച്ചതോടെ പ്രീ ക്വാർട്ടറിനിറങ്ങാൻ സ്വാഭാവിക വിലക്കുണ്ടായിരുന്നു. ഇതിനെതിരെ അമേരിക്ക നൽകിയ അപ്പീലിലാണ് വിലക്ക് പിൻവലിക്കപ്പെട്ടത്. എന്നാൽ ഇതിനായി മൂന്നുതവണ ട്രമ്പ് ഫിഫ പ്രസിഡന്റ് ജിയോവന്നി ഇൻഫാന്റിനോയെ വിളിച്ചതായാണ് റിപ്പോർട്ടുകൾ.
ബെൽജിയത്തിന് എതിരായ പ്രീ ക്വാർട്ടർ മത്സരത്തിന് തൊട്ടുമുമ്പാണ് വിലക്ക് നടപ്പാക്കുന്നത് താത്കാലികമായി മാറ്റിവച്ചെന്നാണ് ഫിഫ അറിയിച്ചത്. ഇതിന് പിന്നാലെ ട്രമ്പ് '' നീതി നടപ്പിലാക്കിയതിന് ഫിഫയ്ക്ക് നന്ദി ""- എന്ന് സോഷ്യൽ മീഡിയ പോസ്റ്റിട്ടതോടെയാണ് ഇതൊരു രാഷ്ട്രീയ വിവാദമായി മാറിയത്. അമേരിക്കയുടെ പ്രീക്വാർട്ടർ എതിരാളികളായ ബെൽജിയം ശക്തമായ വിലക്ക് മാറ്റിയതിന് എതിരെ നൽകിയ അപ്പീൽ ഫിഫ സ്വീകരിച്ചിട്ടുണ്ട്. മത്സരം തുടങ്ങും മുമ്പ് ഇതിൽ വിധി വരും.
ഫിഫയുടെ സ്വന്തം ട്രമ്പ്
ഫിഫ പ്രസിഡന്റ് ജിയോവന്നി ഇൻഫാന്റീനോയും ഡൊണാൾഡ് ട്രമ്പും അടുത്ത സുഹൃത്തുക്കളാണ്. കഴിഞ്ഞ ഡിസംബറിൽ ട്രമ്പിന് ഫിഫ പീസ് പ്രൈസ് സമ്മാനിക്കാൻ മുൻകൈ എടുത്തത് ഇൻഫാന്റീനോയാണ്. ഇരുവരും തമ്മിലുള്ള ഈ അടുപ്പമാണ് മറ്റ് രാജ്യങ്ങളിലെ അസോസിയേഷനുകൾക്ക് സംശയം ജനിക്കാൻ കാരണം. തന്റെ ഇടപെടലുകൾ പരസ്യമാക്കുന്ന ട്രമ്പിന്റെ രീതിയാണ് ഫിഫയ്ക്ക് തലവേദനയായിരിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |