SignIn
Kerala Kaumudi Online
Tuesday, 07 July 2026 4.51 AM IST

ബൈ,ബൈ ബ്രസീൽ

brazil

36 വർഷത്തിന് ശേഷം ബ്രസീൽ ഇല്ലാത്ത ലോകകപ്പ് ക്വാർട്ടർ

ന്യൂയോർക്ക് : കിരീടവരൾച്ചയുടെ കഠിനകാലം നീന്തിക്കടക്കാനെത്തിയ കാനറിപ്പറവകൾക്ക് കാലുറപ്പിക്കുംമുന്നേ ചിറകറ്റു. എർലിംഗ് ഹാലാൻഡ് എന്ന അതികായന്റെ തോളിലേറിയ നോർവേക്കാർ ഒരിക്കൽക്കൂടി ലോകകപ്പ് വേദിയിൽ പരമ്പരാഗത വൈക്കിംഗ് തുഴച്ചിലാഘോഷവും പെരുമ്പറമുഴക്കവും നടത്തിയപ്പോൾ സാംബാതാളം ഒരു നീറ്റലായി വായുവിൽ അലിഞ്ഞുചേർന്നു. ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിലേക്ക് ആദ്യമായി നോർവേ കയറിവരുമ്പോൾ 1990ന് ശേഷം തങ്ങളില്ലാത്ത ഒരു ലോകകപ്പ് ക്വാർട്ടർ ഫൈനൽ വേദികണ്ട് കണ്ണീരോടെ ബ്രസീലുകാർ മടങ്ങുന്നു.

രണ്ടാം പകുതിയിൽ മാത്രം ഹാലാൻഡ് നേടിയ രണ്ടുഗോളുകളാണ് നോർവേയുടെ വിജയം കുറിച്ചത്. പകരക്കാരനായിറങ്ങി ഇൻജുറി ടൈമിന്റെ പത്താം മിനിട്ടിൽ പെനാൽറ്റിയെടുക്കാൻ വന്നപ്പോൾ ശ്രദ്ധ മാറ്റാൻ നോക്കിയ നോർവേ ഗോളിയോട് വലകുലുക്കിയ ശേഷം സാക്ഷാൽ നെയ്മർ പറഞ്ഞ ' കളി എന്നോടുവേണ്ട" എന്ന വാക്കുകൾ ഓരോ ബ്രസീലുകാരന്റെയും മനസിലുണ്ടാകും. ഒരുപക്ഷേ നെയ്മർ ആദ്യ പകുതിയിൽ ഉണ്ടാവുകയും 14-ാം മിനിട്ടിൽ കിട്ടിയ പെനാൽറ്റി ഗോളാക്കാൻ നിയോഗിക്കപ്പെടുകയും ചെയ്യിരുന്നെങ്കിൽ വിധി മറ്റൊന്നാകേണ്ടിയിരുന്ന മത്സരമായിരുന്നു ഇത്.

കളിതുടങ്ങി മിനിട്ടുകൾക്കുള്ളിൽ ഓഫ്സൈഡിലൂടെയാണെങ്കിലും വലുകുലുക്കിയ നോർവേക്കാരുടെ വേഗവും വീര്യവും ബ്രസീലുകാരുടെ നെഞ്ചിടിപ്പ് കൂട്ടി. 14-ാം മിനിട്ടിൽ വാർ പരിശോധനയിലൂടെ ലഭിച്ച പെനാൽറ്റി ബ്രൂണോ ഗ്വിമിറേസ് നോർവേ ഗോളി ഓറിയൻ നൈലാൻഡിന് നേർക്കടിച്ച് പാഴാക്കിയതോടെ ബ്രസീലിന് കാര്യങ്ങൾ പാടാണെന്ന് വ്യക്തമായി. ആ പെനാൽറ്റി സേവിൽ നിന്ന് ഉൗർജം ഉൾക്കൊണ്ട നൈലാൻഡ് തുടർന്നും ബ്രസീലിയൻ പരിശ്രമങ്ങളുടെ മുനയൊടിച്ചുകൊണ്ടിരുന്നു. മറുവശത്ത് ആദ്യപകുതിയിൽ കാര്യമായ പരിശ്രമങ്ങളില്ലാതെ ഹാലാൻഡ് ക്ഷമിച്ചുനിന്നപ്പോൾ ഇരുകൂട്ടരും ഗോളില്ലാതെ ഇടവേളയ്ക്ക് പിരിഞ്ഞു.

58-ാം മിനിട്ടിൽ എൻഡ്രിക്കിനെയും 68-ാം മിനിട്ടിൽ നെയ്മറെയും ഇറക്കി രണ്ടാം പകുതിയിൽ കളിയുടെ ഗതിമാറ്റാൻ ബ്രസീൽ കോച്ച് കാർലോ ആഞ്ചലോട്ടി ശ്രമിച്ചെങ്കിലും 79-ാം മിനിട്ടിൽ ഷെൽഡ്രൂപ്പ് ഇടതുഫ്ളാങ്കിൽ നിന്ന് ഉയർത്തി നൽകിയ ഒരു ഹൈക്രോസ് തലകൊണ്ട് വലയിലേക്ക് ചെത്തിയിട്ട് ഹാലാൻഡ് സ്കോർ ബോർഡ് തുറന്നു. 90-ാം മിനിട്ടിൽ ബോക്സിന് പുറത്ത് ഹാലാൻഡിന് സമയമെടുത്ത് ഒരു ഫ്രീകിക്കെന്നപോലെ അടുത്ത ഗോളടിക്കാൻ ബ്രസീലിയൻ പ്രതിരോധം അലസതകാട്ടിയതും വിനയായി. ഷെൽഡ്രൂപ്പാണ് ഈ ഗോളിനും വഴിയൊരുക്കിയത്.

ഇൻജുറി ടൈമിന്റെ പത്താംമിനിട്ടിൽ ബോക്സിനുള്ളിൽ ലിയോ ഒസ്റ്റിഗാഡ് നടത്തിയ ഫൗളാണ് ബ്രസീലിന് അനുകൂലമായ പെനാൽറ്റിക്ക് കാരണമായത്. കിക്കെടുത്ത നെയ്മർ തന്റെ അവസാന അന്താരാഷ്ട്ര ഗോളോടെ മടങ്ങി.ഈ ലോകകപ്പിലെ നെയ്മറുടെ ആദ്യ ഗോളും ഇതായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BRAZIL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360