
ബീജിംഗ്: കേട്ടാൽ തമാശയായി തോന്നാം. പക്ഷേ, സംഗതി ജോലി പരസ്യമാണ്. മദ്ധ്യ ചൈനയിലെ ഒരു മൃഗശാല സോഷ്യൽ മീഡിയയിൽ പങ്കുവച്ച ഈ പരസ്യം വൈറലായിരിക്കുകയാണ്. കറുത്ത കരടിയുടെ വേഷം ധരിച്ച്, ചുറ്റിനടന്ന്, സന്ദർശകരുമായി ഇടപഴകുന്ന ഒരാളെ തേടുകയാണെന്ന് മൃഗശാല അധികൃതർ.
പ്രതിവർഷം 1,00,000 യുവാൻ (ഏകദേശം 15,000 ഡോളർ) ആണ് ശമ്പളമായി വാഗ്ദാനം ചെയ്യുന്നത്. ഹെനാൻ പ്രവിശ്യയിലെ ലുവോഹെ നഗരത്തിലെ ലുവോഹെ വൈൽഡ് ലൈഫ് സൂവാണ് ജോലി പരസ്യത്തിന് പിന്നിൽ.
കേൾക്കുമ്പോൾ രസകരമായി തോന്നുമെങ്കിലും ജോലിക്കൊരു നിബന്ധനയുണ്ട്. ജോലിയിലായിരിക്കുമ്പോൾ സംസാരിക്കാൻ പാടില്ല. അടിയന്തിര ഘട്ടങ്ങളിലോ സഹായം ആവശ്യമുള്ളപ്പോഴോ അല്ലാതെ "കരടികൾക്ക് " മൂളൽ ശബ്ദങ്ങൾ മാത്രമേ പുറപ്പെടുവിക്കാൻ അനുവാദമുള്ളൂ.
മാസം നാല് ദിവസത്തെ അവധിയോടെയുള്ള ആറ് മണിക്കൂർ ഷിഫ്റ്റുകളാണ് ഈ ജോലിക്കുള്ളത്. അപേക്ഷകർക്ക് 18 വയസോ അതിൽ കൂടുതലോ പ്രായമുണ്ടായിരിക്കണം, കായികക്ഷമതയുള്ളവരായിരിക്കണം. സ്ത്രീകൾക്കും പുരുഷൻമാർക്കും ജോലിക്കായി അപേക്ഷിക്കാം.
ചാടുക, നൃത്തം ചെയ്യുക, മരത്തിൽ കയറുക, അല്ലെങ്കിൽ തളരുമ്പോൾ വെറുതെ കിടക്കുക എന്നിങ്ങനെ വിചിത്രമായി പെരുമാറാൻ കഴിയണം ! "നിങ്ങൾ എത്രത്തോളം വിചിത്രമായി പെരുമാറുന്നുവോ, അത്രത്തോളം നിങ്ങൾ ജനപ്രിയനാകും" എന്ന് പരസ്യത്തിൽ പറയുന്നുണ്ട്.
ഭക്ഷണ കാര്യത്തിലും നിയമമുണ്ട്. സന്ദർശകർ പലഹാരങ്ങളും ലഘുഭക്ഷണങ്ങളും നൽകാൻ സാദ്ധ്യതയുള്ളതിനാൽ അപേക്ഷകർ ഭക്ഷണകാര്യത്തിൽ വലിയ നിർബന്ധങ്ങളില്ലാത്തവരായിരിക്കണം.
അതേ സമയം, സോഷ്യൽ മീഡിയയിൽ ചിലർ ജോലിയെ വിമർശിച്ച് രംഗത്തെത്തി. യഥാർത്ഥ വന്യമൃഗങ്ങളെക്കുറിച്ച് കുട്ടികൾക്ക് തെറ്റായ ധാരണ ഉണ്ടാകുമെന്നാണ് ഇവരുടെ ആശങ്ക. ഏതായാലും നിരവധി പേർ ജോലിക്ക് അപേക്ഷിച്ചെന്നും ഒഴിവുകൾ നികത്തിയെന്നും റിപ്പോർട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |