
കംപാല: കിഴക്കൻ ഉഗാണ്ടയിലെ വെള്ളച്ചാട്ടങ്ങൾ സന്ദർശിച്ച് മടങ്ങുകയായിരുന്ന സ്‌കൂൾ വിദ്യാർത്ഥികൾ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ട് 20 കുട്ടികൾക്ക് ദാരുണാന്ത്യം. പ്രാദേശിക സമയം വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. ബസ് റോഡിൽ നിന്ന് നിയന്ത്റണം വിട്ട് വലിയൊരു പാറയിലിടിച്ച് മറിയുകയായിരുന്നു.
ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിലേക്ക് നയിച്ചതെന്ന് കരുതുന്നു. അദ്ധ്യാപകരിൽ ഒരാളും മരിച്ചു. തലസ്ഥാനമായ കംപാലയിലെ കിംഗ് ഡേവിഡ് ജൂനിയർ സ്‌കൂളിന്റെ ഉടമസ്ഥതയിലുള്ള ബസ്, കുട്ടികളുമായി സിപ്പി വെള്ളച്ചാട്ടം കണ്ട ശേഷം മടങ്ങുന്നതിനിടെ കപ്‌ചോർവ ജില്ലയിലെ ഒരു ഗ്രാമത്തിൽ വച്ചാണ് അപകടത്തിൽപ്പെട്ടത്.
നിരവധി കുട്ടികൾക്ക് പരിക്കേറ്റു. ദുരന്തത്തിന് പിന്നാലെ സ്കൂൾ ബസുകളിൽ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമാക്കണമെന്ന ആവശ്യം ശക്തമായി. പിന്നാലെ എല്ലാ സ്‌കൂൾ വിനോദ യാത്രകളും താത്കാലികമായി നിരോധിച്ചതായി സർക്കാർ അറിയിച്ചു. മോശം റോഡുകളും തെരുവു വിളക്കുകളുടെ അഭാവവും മൂലം ഉഗാണ്ടയിൽ വാഹനാപകടങ്ങൾ പതിവാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |