SignIn
Kerala Kaumudi Online
Tuesday, 30 June 2026 7.44 AM IST

വന്യജീവി ആക്രമണം നഷ്ടപരിഹാരം വാക്കിലൊതുങ്ങി

wild-

തൊടുപുഴ: 15 വർഷത്തിനിടെ 80ലധികം പേരാണ് വന്യജീവി ആക്രമണത്തിൽ ഇടുക്കി ജില്ലയിൽ കൊല്ലപ്പെട്ടത്. സർക്കാർ മരിച്ചവരുടെ കുടുംബങ്ങൾക്കു നഷ്ടപരിഹാരം പ്രഖ്യാപിക്കാറുണ്ടെങ്കിലും വിരളിലെണ്ണാവുന്നവർക്കു മാത്രമാണ് പൂർണമായി ലഭിച്ചത്. കുടുംബാംഗങ്ങൾക്ക് വാഗ്ദാനം ചെയ്ത സ്ഥിര ജോലിയും ലഭിച്ചിട്ടില്ല.

അടിയന്തരസഹായമായി നൽകിയ അമ്പതിനായിരം രൂപ മാത്രമാണ് ചില കുടുംബങ്ങൾക്ക് ആകെ കിട്ടിയത്. രണ്ടു മാസത്തിനിടെ കൊല്ലപ്പെട്ട അഞ്ചുപേരിൽ പൂർണ നഷ്ടപരിഹാരം ലഭിച്ചത് ഫെബ്രുവരി 26ന് കൊല്ലപ്പെട്ട സുരേഷ്‌കുമാറിന്റെയും (48) ഇന്നലെ കൊല്ലപ്പെട്ട ഇന്ദിരയുടെയും (72) കുടുംബത്തിനു മാത്രമാണ്. ജനപ്രതിനിധികളും നാട്ടുകാരും ശക്തമായി പ്രതിഷേധിച്ചതിനെത്തുടർന്നാണ് ജില്ലാ കളക്ടർ ഇടപെട്ട് സുരേഷ് കുമാറിന്റെയും ഇന്ദിരയുടെയും കുടുംബങ്ങൾക്ക് മണിക്കൂറുകൾക്കകം 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകിയത്.

ഈ വർഷം കാട്ടാന ആക്രമണത്തിൽ മരിച്ച പന്നിയാർ സ്വദേശി പരിമളം(44), കോയമ്പത്തൂർ സ്വദേശി പോൾ രാജ് (73), ചിന്നക്കനാൽ ബിഎൽ റാം സ്വദേശി വെള്ളക്കല്ലിൽ സൗന്ദർരാജൻ(68) എന്നിവരുടെ കുടുംബങ്ങൾക്ക് അടിയന്തര നഷ്ടപരിഹാരമായി 50,000 രൂപ മാത്രമാണ് നൽകിയിട്ടുള്ളത്.

2010നുശേഷം 44 പേരാണ് മൂന്നാർ ഫോറസ്റ്റ് ഡിവിഷനിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഒന്നരകോടി രൂപയാണ് ഇവർക്ക് നഷ്ടപരിഹാരമായി അനുവദിച്ചത്. അതായത് ഒരു കുടുംബത്തിന് ശരാശരി മൂന്നര ലക്ഷം രൂപപോലും കിട്ടിയിട്ടില്ല.

കടമ്പകളേറെ
വന്യജീവിയാക്രമണത്തിൽ കാെല്ലപ്പെട്ടവരുടെ കുടുംബത്തിനു അടിയന്തരമായി 50,000 രൂപയാണ് നൽകുന്നത്. വില്ലേജ് ഓഫീസിൽ നിന്നുള്ള ബന്ധുത്വ സർട്ടിഫിക്കറ്റ് ഹാജരാക്കുമ്പോൾ നാലര ലക്ഷവും താലൂക്ക് ഓഫീസിൽ നിന്നുള്ള അനന്തരാവകാശ സർട്ടിഫിക്കറ്റ് ഹാജരാക്കുമ്പോൾ ബാക്കിയുള്ള അഞ്ചു ലക്ഷം രൂപയും അനുവദിക്കും. എന്നാൽ ഗസറ്റിൽ പരസ്യം ചെയ്ത് നടപടിക്രമങ്ങൾ പൂർത്തിയാക്കി അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കാൻ ആറു മാസമെങ്കിലും സമയമെടുക്കും.

വാച്ചറുടെ കുടുംബത്തിനും കിട്ടിയില്ല

2023 ജനുവരി 25നാണ് വനംവകുപ്പ് താത്കാലിക വാച്ചർ ശക്തിവേൽ (57) കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ശക്തിവേലിന്റെ കുടുംബത്തിനു 15 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്നായിരുന്നു വനംമന്ത്രി ഉറപ്പ്. മകൾക്ക് സർക്കാർജോലിയും അധികൃതർ വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ ഇതുവരെ നഷ്ടപരിഹാരം പൂർണമായി ലഭിച്ചിട്ടില്ല. മരണത്തിന് പിന്നാലെയുണ്ടായ ശക്തമായ പ്രതിഷേധത്തെത്തുടർന്ന് ആറ് ലക്ഷം രൂപ നഷ്ടപരിഹാരം നൽകി. ഒരു മാസം മുമ്പ് മരുമകനെ വനംവകുപ്പിൽ താത്കാലിക വാച്ചറായി നിയമിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GOVERNMENT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA