SignIn
Kerala Kaumudi Online
Thursday, 17 September 2026 2.50 AM IST

കാസർകോട്ട് പത്ത് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്; യഥാർത്ഥ പ്രതിയെ തിരിച്ചറിഞ്ഞു

READ ENGLISH VERSION
cctv-visuals

കാസർകോട്: വീട്ടിൽ ഉറങ്ങിക്കിടന്ന പത്ത് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതിയെ തിരിച്ചറിഞ്ഞു. കുടക് സ്വദേശിയായ യുവാവാണ് പ്രതി. ഇയാൾ നേരത്തെയും പോക്‌സോ കേസിൽ പ്രതിയാണ്. സിസിടിവി ദൃശ്യങ്ങളുടെയും മൊഴിയുടെയും അടിസ്ഥാനത്തിൽ പൊലീസ് നേരത്തേ ഒരാളെ കസ്റ്റഡിയിലെടുത്തിരുന്നു. ഡിഎൻഎ ഫലം വന്നാൽ മാത്രമേ ഇയാളാണ് പ്രതി എന്ന് ഉറപ്പിക്കാനാകൂ എന്നും പൊലീസ് പറഞ്ഞിരുന്നു. എന്നാൽ, ഫലം വരുന്നതിന് മുമ്പാണ് ഇപ്പോൾ പ്രതിയെ തിരിച്ചറിഞ്ഞു എന്ന വിവരം പുറത്തുവന്നിരിക്കുന്നത്.

സിസിടിവി ദൃശ്യങ്ങൾ കണ്ട് പ്രദേശവാസിയായ ഒരാളാണ് അതിൽ കാണുന്നയാളുടെ വിവരം പൊലീസിന് കൈമാറിയത്. ദൃശ്യങ്ങളിൽ മുഖം വ്യക്തമല്ലെങ്കിലും നടക്കുന്ന രീതി കണ്ടിട്ടാണ് ഇയാൾ പ്രതിയെ തിരിച്ചറിഞ്ഞത്. പ്രതിക്കായുള്ള അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. നേരത്തേ കസ്റ്റഡിയിലുണ്ടായിരുന്ന ആളല്ല പ്രതിയെന്ന് പൊലീസ് സ്ഥിരീകരിച്ചു. കേസിൽ പ്രദേശവാസിയായ യുവാവിനെയാണ് പൊലീസ് നേരത്തേ ബന്ധുവീട്ടിൽ നിന്ന് കസ്റ്റ‌ഡിയിലെടുത്തത്. പീഡനം അടക്കം നിരവധി കേസുകളിൽ പ്രതിയാണ് ഇയാളെന്നായിരുന്നു വിവരം.

കഴിഞ്ഞ ബുധനാഴ്‌ച പുലർച്ചെ മൂന്ന് മണിയോടെയാണ് പടന്നക്കാട് തീരദേശ മേഖലയിലെ വീട്ടിൽ ഉറങ്ങിക്കിടന്ന പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയത്. വീടിന് അരക്കിലോമീറ്റർ അകലെവച്ച് പത്തുവയസുകാരിയെ പീഡിപ്പിച്ച ശേഷം കമ്മൽ ഊരിയെടുത്ത് പ്രതി കടന്നു കളയുകയായിരുന്നു.

കണ്ണിനും കഴുത്തിനും പരിക്കേറ്റ പെൺകുട്ടിയെ ഉപേക്ഷിച്ച നിലയിൽ നാട്ടുകാരാണ് കണ്ടെത്തിയത്. മോഷണമാണ് പ്രതിയുടെ ലക്ഷ്യമെന്നായിരുന്നു ആദ്യം കരുതിയിരുന്നത്. കുട്ടിയെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ വൈദ്യ പരിശോധനയ്‌ക്ക് വിധേയമാക്കിയതോടെയാണ് പീ‌ഡനം നടന്നിട്ടുണ്ടെന്ന് കണ്ടെത്തിയത്.

പ്രതി മലയാളം സംസാരിക്കുന്ന മെലിഞ്ഞയാളാണെന്നാണ് പെൺകുട്ടി മൊഴി നൽകിയിരുന്നു. കള്ളിമുണ്ടും ഷർട്ടും മാസ്‌കും ധരിച്ചിരുന്നുവെന്നും പത്തുവയസുകാരി പൊലീസിനോട് പറഞ്ഞു. മുത്തച്ഛൻ വീടിന്റെ പിൻവാതിൽ തുറന്ന് പശുവിനെ കറക്കാൻ പുറത്തിറങ്ങിയപ്പോൾ, ഇതുവഴിയാണ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയത്. അതിനാൽത്തന്നെ കുട്ടി കിടക്കുന്ന സ്ഥലവും മുത്തച്ഛൻ പശുവിനെ കറക്കാൻ പോകുന്ന സമയവും കൃത്യമായി നിശ്ചയമുള്ളയാളാണ് പ്രതിയെന്ന് പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു.

ജില്ലാ പൊലീസ് മേധാവി പി. ബിജോയി കാഞ്ഞങ്ങാട് ക്യാമ്പ് ചെയ്താണ് അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്നത്. ഹൊസ്‌ദുർഗ് ഡി വൈ.എസ്.പി വി.വി ലതീഷ്, കണ്ണൂർ ക്രൈംബ്രാഞ്ച് ഡി വൈ.എസ്.പി പി. ബാലകൃഷ്ണൻ നായർ, കണ്ണൂർ നാർക്കോട്ടിക് സെൽ ഡി വൈ.എസ്.പി സി.കെ സുനിൽകുമാർ, ഹൊസ്‌ദുർഗ് പൊലീസ് ഇൻസ്പെക്ടർ എം.പി ആസാദ്, നീലേശ്വരം ഇൻസ്‌പെക്ടർ കെ.വി ഉമേഷ് എന്നിവരടങ്ങിയതാണ് അന്വേഷണ സംഘം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY, KASARKOD, POCSO CASE, ACCUSED, ARREST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY