SignIn
Kerala Kaumudi Online
Sunday, 14 June 2026 12.05 PM IST

കേരളത്തിൽ അദ്ധ്യാപകർക്കിടയിൽ 'അത്തരക്കാർ' പെരുകുന്നു, രക്ഷിതാക്കൾ ആശങ്കയിൽ

class

തിരുവനന്തപുരം: അദ്ധ്യാപക സമൂഹത്തിനു തന്നെ അപമാനമായി, വിദ്യാർത്ഥികളോട് ലൈംഗിക അതിക്രമങ്ങൾ കാട്ടിയ 52 അദ്ധ്യാപകർ പോക്സോകേസുകളിൽ കുടുങ്ങി സസ്പെൻഷനിൽ. ഇത്തരക്കാരെ കണ്ടെത്താൻ വിദ്യാഭ്യാസ വകുപ്പ് വിജിലൻസ് വിഭാഗം രഹസ്യാന്വേഷണം തുടങ്ങി. ഇവരെ ജോലിയിൽനിന്ന് പിരിച്ചു വിടുന്നതുൾപ്പെടെ കർശന നടപടികൾക്ക് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർമാരെ ചുമതലപ്പെടുത്തി.

പൊലീസ് കേസില്ലെങ്കിലും കുട്ടി വെളിപ്പെടുത്തുന്ന വിവരങ്ങൾ പ്രഥമാദ്ധ്യാപകൻ വഴി ഡെപ്യൂട്ടി ഡയറക്ടറെ അറിയിക്കാം. മൂന്ന് മാസത്തിനുള്ളിൽ അന്വേഷിച്ച് നടപടി സ്വീകരിക്കണം. കേരള സിവിൽ സർവീസ് (ക്ലാസിഫിക്കേഷൻ കൺട്രോൾ ആൻഡ് അപ്പീൽ) പ്രകാരമാണ് നടപടി.

എൽ.പി, യു.പിതലത്തിൽ എ.ഇ.ഒയും ഹൈസ്കൂൾതലത്തിൽ ഡി.ഇ.ഒയുമാണ് അന്വേഷണ ഉദ്യോഗസ്ഥൻ. എ.ഇ.ഒയുടെ റിപ്പോർട്ട് തൃപ്തികരമല്ലെങ്കിൽ ഡി.ഇ.ഒയും ഡി.ഇ.ഒയുടെ റിപ്പോർട്ട് തൃപ്തികരമല്ലെങ്കിൽ ഡിഡിയും പുനരന്വേഷിക്കും. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ചാർജ് മെമ്മോ നൽകും. ആരോപിതന്റെ പക്ഷം കേട്ടശേഷമാവും നടപടി.

കുട്ടികൾ മാതാപിതാക്കളോടും അദ്ധ്യാപകരോടുമാണ് ദുരനുഭവം തുറന്നുപറയുന്നത്. കുട്ടികളുടെ പെരുമാറ്റത്തിൽ സംശയം തോന്നി അദ്ധ്യാപകർ കൗൺസലറുടെ സഹായം തേടുന്നുമുണ്ട്. കൗൺസലർ ചോദിക്കുമ്പോഴാകും കാര്യങ്ങൾ വെളിപ്പെടുന്നത്. അദ്ധ്യാപകനെ ഉടൻ പുറത്താക്കും. കുട്ടിക്ക് പിന്നീട് പ്രതിയെ മുഖാമുഖം കാണുന്ന മാനസിക ബുദ്ധിമുട്ട് ഒഴിവാക്കാനാണിത്. കുട്ടിയെ സാന്ത്വനിപ്പിക്കാൻ കൗൺസലിംഗും നടത്തും.

തിരുവനന്തപുരം ജില്ലയിൽ മൂന്ന് അദ്ധ്യാപകർക്കെതിരെ ആരോപണമുണ്ട്. ഒരാൾ രണ്ടുവർഷമായി സസ്പെൻഷനിലാണ്. കായികാദ്ധ്യാപകൻ ഹൈസ്കൂൾ വിദ്യാർത്ഥിയായ ആൺകുട്ടിയെ താമസസ്ഥലത്തേക്ക് വിളിച്ചുവരുത്തി ലൈംഗികാതിക്രമം കാട്ടി. പ്രതിരോധിച്ച കുട്ടിയെ പിന്തുടർന്ന് ആക്രമിച്ചു. ഇയാളെ അറസ്റ്റുചെയ്‌തു. നേമത്ത് ഒരു സ്കൂളിൽ ആറ് കുട്ടികളോട് മോശമായി പെരുമാറിയെന്ന പരാതിയിൽ അദ്ധ്യാപകനെതിരെ ഇന്നലെ പൊലീസ് പോക്സോ കേസെടുത്തു. ഇയാൾ കസ്റ്റഡിയിലാണെന്ന് സൂചനയുണ്ട്.

വകുപ്പുതല ശിക്ഷ

ശമ്പളം രണ്ടുവർഷത്തേക്ക് തടയുക, പ്രൊമോഷൻ റദ്ദാക്കൽ, സാധാരണ താക്കീത്, സർവീസ് ബുക്കിൽ രേഖപ്പെടുത്തുന്ന കർശന താക്കീത്, പിരിച്ചുവിടൽ. കോടതി വെറുതെവിട്ട കേസിലും ഡെപ്യൂട്ടി ഡയറക്ടർക്ക് ശിക്ഷാനടപടി സ്വീകരിക്കാം. മൂന്നുവർഷം മുൻപ് തിരുവനന്തപുരത്ത് പോക്സോ കേസിൽ കോടതി വെറുതെവിട്ട അദ്ധ്യാപകന്റെ ശമ്പളവർദ്ധന തടഞ്ഞിരുന്നു.

പോക്സോ കേസ്

മൂന്നുവർഷം മുതൽ ജീവപര്യന്തം വരെയാണ് ശിക്ഷ. ഇര മരിച്ചാൽ വധശിക്ഷ വരെ.

''വാദിഭാഗത്തിന്റെ നിസഹകരണത്താൽ കേസുകൾ നീളാറുണ്ട്. കുട്ടികളെയും രക്ഷിതാക്കളെയും സ്വാധീനിച്ച് പ്രതികളായ അദ്ധ്യാപകർ രക്ഷപ്പെടാറുണ്ട്. അദ്ധ്യാപകരോടുള്ള വൈരാഗ്യത്തിൽ കുട്ടികളെക്കൊണ്ട് പരാതികൊടുപ്പിക്കുന്ന സംഭവങ്ങളുമുണ്ട്. -ഡെപ്യൂട്ടി ഡയറക്ടർമാർ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY, SEXUAL ASSAULT, TEACHERS, KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY