നൊവാക്കിനെതിരെ ആദ്യ സെറ്റ് നേടിയ ശേഷം നിശേഷ് ബസവ റെഡ്ഡി തോറ്റു
മെൽബൺ : ഏറ്റവും കൂടുതൽ ഗ്രാൻസ്ളാം കിരീടങ്ങൾക്ക് ഉടമയായ നൊവാക്ക് ജോക്കോവിച്ചിനെതിരായ ഓസ്ട്രേലിയൻ ഓപ്പണിലെ അരങ്ങേറ്റ മത്സരത്തിൽ തോറ്റെങ്കിലും തലയുയർത്തി ഇന്ത്യൻ വംശജനായ അമേരിക്കൻ കൗമാര താരം നിശേഷ് ബസവറെഡ്ഡി. ഇന്നലെ റോഡ് ലേവർ അരീനയിൽ ആദ്യ സെറ്റിൽ നൊവാക്കിനെ പിന്നിലാക്കിയശേഷമാണ് 19കാരനായ നിശേഷ് തോൽവി സമ്മതിച്ചത്. നാലുസെറ്റ് നീണ്ട പോരാട്ടത്തിൽ 4-6,6-3,6-4,6-2 എന്ന സ്കോറിനായിരുന്നു നൊവാക്കിന്റെ ജയം. തന്റെ 11-ാം ഓസ്ട്രേലിയൻ ഓപ്പൺ കിരീടം ലക്ഷ്യമിടുന്ന നൊവാക്ക് രണ്ടാം റൗണ്ടിൽ പോർച്ചുഗീസ് താരം ജെയ്മി ഫാരിയയെ നേരിടും.
നിശേഷ് ജനിക്കുന്നതിന് മുന്നേ ഗ്രാൻസ്ളാം കളിച്ചുതുടങ്ങിയ 37കാരനായ നൊവാക്ക് ഈസി വിജയം പ്രതീക്ഷിച്ചാണ് ഇറങ്ങിയതെങ്കിലും ആദ്യ സെറ്റിലും രണ്ടാം സെറ്റിന്റെ തുടക്കത്തിലും ശരിക്കും വെള്ളം കുടിച്ചു.ആദ്യ സെറ്റിൽ 3-3 എന്ന നിലയിൽ നിന്ന ശേഷമാണ് നൊവാക്കിന്റെ സർവ് ബ്രേക്ക് ചെയ്ത് നിശേഷ് മുന്നേറിയത്. രണ്ടാം സെറ്റിന്റെ തുടക്കത്തിലും താളം കണ്ടെത്താൻ ബുദ്ധിമുട്ടിയ 24 ഗ്രാൻസ്ളാമുകൾക്ക് ഉടമയായ നൊവാക്ക് പരിചയസമ്പത്തിന്റെ മികവുമായി പതിയെ മത്സരത്തിലേക്ക് തിരിച്ചുവന്നു. രണ്ട് മണിക്കൂർ 59 മിനിട്ട് പൊരുതിയ ശേഷമാണ് നിശേഷ് തോൽവി സമ്മതിച്ചത്. മത്സരശേഷം നൊവാക്കിന് കൈ കൊടുത്ത് പിരിയുമ്പോൾ നിശേഷിന്റെ പോരാട്ടത്തിന് കരഘോഷത്തോടെയാണ് ഗാലറി യാത്ര പറഞ്ഞത്. നൊവാക്കും നിശേഷിനെക്കുറിച്ച് നല്ല വാക്കുകളാണ് പറഞ്ഞത്.
നിശേഷ് ബസവറെഡ്ഡി
19കാരനും എ.ടി.പി റാങ്കിംഗിലെ 138-ാം സ്ഥാനക്കാരനുമായ ബസവറെഡ്ഡി വൈൽഡ് കാർഡ് എൻട്രിയിലൂടെയാണ് ആദ്യ ഗ്രാൻസ്ളാം ടൂർണമെന്റിൽ ക ളിക്കാനെത്തിയത്. ആന്ധ്രപ്രദേശിലെ നെല്ലൂർ സ്വദേശികളാണ് ബസവറെഡ്ഡിയുടെ മാതാപിതാക്കൾ. കാലിഫോർണിയയിൽ ജനിച്ച താരത്തിന്റെ വിദ്യാഭ്യാസവും ഇവിടെയാണ്.
'' മത്സരത്തിനൊടുവിൽ നിശേഷിന് ലഭിച്ച കയ്യടികൾ അവൻ അർഹിക്കുന്നത് തന്നെയാണ്. ആദ്യ സെറ്റിലും രണ്ടാം സെറ്റിലും ഞാൻ പ്രതീക്ഷിച്ചതിലും മികച്ച കളിയാണ് നിശേഷ് പുറത്തെടുത്തത്.
- നൊവാക്കക ജോക്കോവിച്ച്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |