മരണം 24
വാഷിംഗ്ടൺ: ലോസ് ആഞ്ചലസിൽ ഒരാഴ്ചയായി തുടരുന്ന കാട്ടുതീയിൽ മരിച്ചവരുടെ എണ്ണം 24 ആയി. 16 പേരെ കാണാതായി. മരണസംഖ്യ ഉയർന്നേക്കും. ദുരന്ത ബാധിത മേഖലകളിൽ ഡ്രോണുകളുടെ സഹായത്തോടെ തെരച്ചിൽ തുടരുന്നു.
കാറ്റിന്റെ ശക്തി കൂടുന്നതിനാൽ ഇന്നോ നാളെയോ കാട്ടുതീ വീണ്ടും ആളിപ്പടർന്നേക്കാമെന്നാണ് മുന്നറിയിപ്പ്. ഇന്ന് മണിക്കൂറിൽ 110 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിന് സാദ്ധ്യതയുണ്ട്. അധികൃതർ അതീവ ജാഗ്രതയിലാണ്. അധിക വാട്ടർ ട്രക്കുകളും അഗ്നിരക്ഷാ സേനാംഗങ്ങളെയും വിന്യസിച്ചു. 84 വിമാനങ്ങളും കാനഡ, മെക്സിക്കോ എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിരക്ഷാ സേനാംഗങ്ങളും രക്ഷാപ്രവർത്തനത്തിനുണ്ട്.
നിലവിൽ ലോസ് ആഞ്ചലസിന് ചുറ്റും മൂന്ന് ഭാഗത്താണ് കാട്ടുതീ സജീവമായുള്ളത്. ഇതിൽ പാലിസേഡ്സ് കാട്ടുതീയാണ് (പസഫിക് പാലിസേഡ്സ് മേഖലയിൽ) വീണ്ടും ശക്തിപ്രാപിക്കുന്നത്. പാലിസേഡ്സ് കാട്ടുതീയുടെ 13 ശതമാനം മാത്രമാണ് നിയന്ത്രവിധേയമാക്കാൻ കഴിഞ്ഞത്. ആൾട്ടഡീന, പാസഡീന മേഖലകളിൽ നാശംവിതച്ച ഈറ്റൺ കാട്ടുതീ 27 ശതമാനം നിയന്ത്രണവിധേയമാക്കി. സിൽമർ മേഖലയിൽ പൊട്ടിപ്പുറപ്പെട്ട ഹർസ്റ്റ് കാട്ടുതീ 89 ശതമാനം നിയന്ത്രണത്തിലായത് ആശ്വാസമായി. ഹോളിവുഡ് പ്രദേശം ഉൾപ്പെടെയാണ് നിയന്ത്രണവിധേയമായത്. ഇവിടെ സെലിബ്രിറ്റുകളുടെ മാളികകൾ ഉൾപ്പെടെ അഗ്നിക്കിരയായിരുന്നു.
നഷ്ടം 27500 കോടി ഡോളർ
കാട്ടുതീ തുടങ്ങിയത് ഈ മാസം 7ന്
ഇതുവരെ നശിച്ചത് 40,000 ഏക്കർ
ഒഴിപ്പിക്കപ്പെട്ടവർ 1,80,000
കത്തിനശിച്ച കെട്ടിടങ്ങൾ 12,400
രക്ഷാപ്രവർത്തനത്തിന്
1000 തടവുകാരും
കാട്ടുതീ അണയ്ക്കാൻ ആയിരത്തോളം തടവുപുള്ളികളെയും ഉപയോഗിക്കുന്നു. കാലിഫോർണിയ ഡിപ്പാർട്ട്മെന്റ് ഒഫ് കറക്‌ഷൻസ് ആൻഡ് റീഹാബിലിറ്റേഷന്റെ വോളന്റിയർ പദ്ധതിയുടെ ഭാഗമാണിവർ. ദിവസവും 10.24 ഡോളർ (888 രൂപ) വരെയാണ് പ്രതിഫലം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |