മലയാളത്തിലും തെന്നിന്ത്യയിലും നിരവധി ചിത്രങ്ങളിൽ അഭിനയിച്ച ദേവയാനി ഇനി സംവിധായിക. ദേവയാനി സംവിധാനം ചെയ്ത കൈക്കുട്ടൈ റാണി എന്ന ഹ്രസ്വചിത്രത്തിന് പതിനേഴാമത് ജയ്പൂർ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ പുരസ്കാരം നേടി. അമ്മയെ നഷ്ടപ്പെട്ടതിനെത്തുടർന്ന് വെല്ലുവിളികൾ നേരിടുന്ന പെൺകുട്ടിയുടെ കഥയാണ് ഇരുപത് മിനിറ്റ് ദൈർഘ്യമുള്ള ഹ്രസ്വചിത്രം.
ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നിഹാരിക വി.കെ ആണ്. കൈക്കുട്ടൈ റാണിയുടെ തിരക്കഥയും നിർമ്മാണവും ദേവയാനി തന്നെയാണ്. ഇതോടെ ഭർത്താവും തമിഴിലെ പ്രശ്സത സംവിധായകനുമായ രാജകുമാരന്റെ വഴിയിലേക്ക് ദേവയാനിയും എത്തി. ആദ്യ സംവിധാന സംരംഭത്തിന് അവാർഡ് ലഭിച്ചതിൽ സന്തോഷമുണ്ടെന്നും മറ്റ് അന്താരാഷ്ട്ര ചലച്ചിത്ര മേളകളിലും ചിത്രത്തെ എത്തിക്കാൻ ശ്രമിക്കുന്നുണ്ടെന്നും ദേവയാനിയും പ്രതികരിച്ചു.
സംഗീത സംവിധാനം ഇളയരാജയും ജി. ലെനിൻ എഡിറ്റിംഗും നിർവഹിക്കുന്നു. ചിത്രത്തിലെ അഭിനേതാക്കളും അണിയറപ്രവർത്തകരും മേളയിൽ പ്രശംസ നേടി. രാജകുമാരന്റെ അരങ്ങേറ്റ ചിത്രമായ നീ വരുവായ് എന, മണ്ണുക്കും വിണ്ണുക്കും എന്നീ രണ്ട് ചിത്രങ്ങളിലും ദേവയാനി ആയിരുന്നു നായിക.അന്യഭാഷകളിലും സജീവ സാന്നിദ്ധ്യം അറിയിച്ച ദേവയാനി അമ്മ വഴിയിൽ പാതി മലയാളിയുമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |