ഗുരുവായൂർ: നടൻ മമ്മൂട്ടിക്കായി മമ്മിയൂർ മഹാദേവ ക്ഷേത്രത്തിൽ വഴിപാട് നടത്തി ആരാധകൻ . ഒ.വി.രാജേഷ് എന്ന ആരാധകനാണ് മമ്മൂട്ടിക്കായി വഴിപാടുകൾ നടത്തിയത്. മൃത്യുഞ്ജയ ഹോമം, കൂവളമാല, ധാര മഹാശ്രീരുദ്രം, പിൻവിളക്ക് എന്നിവയാണ് നടത്തിയത്. മുഹമ്മദുകുട്ടി, വിശാഖം നക്ഷത്രം എന്ന പേരിലാണ് വഴിപാട് ശീട്ടാക്കിയത്. രണ്ട് ദിവസം മുമ്പ് മോഹൻലാൽ മമ്മൂട്ടിക്കായി ശബരിമലയിൽ വഴിപാട് നടത്തിയിരുന്നു.
രണ്ടു ദിവസം മുമ്പ് വൈകുന്നേരത്തോടെ ആയിരുന്നു മോഹൻലാൽ ശബരിമലയിൽ എത്തിയത്. പമ്പയിൽ എത്തി ഇരുമുടി കെട്ടിയ അദ്ദേഹം സന്നിധാനത്തെത്തി ഭാര്യ സുചിത്രയുടെയും മമ്മൂട്ടിയുടെയും പേരിൽ ഉഷപൂജ നടത്തി. മുഹമ്മദ് കുട്ടി, വിശാഖം നക്ഷത്രത്തിൽ ആയിരുന്നു മമ്മൂട്ടിക്കായി മോഹൻലാൽ വഴിപാട് നടത്തിയത്. ദർശനം പൂർത്തിയാക്കി രാത്രി തന്നെ മോഹൻലാൽ മടങ്ങിയിരുന്നു. കഴിഞ്ഞ ദിവസം സന്നിധാനത്ത് എത്തിയ മോഹൻലാലിന്റെ വീഡിയോകളും ഫോട്ടോകളും സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. പിന്നാലെ മമ്മൂട്ടിക്കായി അദ്ദേഹം വഴിപാട് അർപ്പിച്ചത് ആരാധകർക്കിടയിലും ചർച്ചയായി. ഇരുവരുടെയും സൗഹൃദത്തെ പ്രശംസിച്ചും നിരവധി പേരാണ് രംഗത്ത് എത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |