
കുട്ടിക്കാലത്ത് ലൈംഗികാതിക്രമത്തിന് ഇരയായിട്ടുണ്ടെന്ന് വെളിപ്പെടുത്തി നടി വരലക്ഷ്‌മി ശരത്‌കുമാർ. തമിഴ് ചാനലിലെ ഡാൻസ് റിയാലിറ്റി ഷോയ്ക്കിടെയാണ് വെളിപ്പെടുത്തൽ. മത്സരാർത്ഥി തന്റെ ജീവിതകഥ പറഞ്ഞപ്പോഴായിരുന്നു വരലക്ഷ്‌മിയുടെ തുറന്നുപറച്ചിൽ. വിതുമ്പലോടെയാണ് വരലക്ഷ്‌മി സംസാരിച്ചത്. ''ഞാനും നിന്നെപ്പോലെ തന്നെയാണ്. എന്റെ മാതാപിതാക്കൾ അന്ന് ജോലിചെയ്യുന്നവരായിരുന്നു. അതുകൊണ്ടുതന്നെ എന്നെ നോക്കാൻ അവർ വേറെ ആളുകളെ നിയമിച്ചിരുന്നു. ഞാൻ കുട്ടിയായിരുന്ന സമയത്ത് അഞ്ചോ ആറോ പേർ എന്നെ ലൈംഗികചൂഷണത്തിന് ഇരയാക്കിയിട്ടുണ്ട്. നിന്റെ കഥ എന്റെയുമാണ്. എനിക്ക് കുട്ടികളില്ല. പക്ഷേ കുട്ടികളെ ഗുഡ് ടച്ചിനെക്കുറിച്ചും ബാഡ് ടച്ചിനെക്കുറിച്ചും പഠിപ്പിക്കണമെന്ന് ഞാൻ മാതാപിതാക്കളോട് ആവശ്യപ്പെടുകയാണ്. നടൻ ശരത്‌കുമാറിന്റെയും ആദ്യ ഭാര്യ ഛായദേവിയുടെയും മകളാണ് വരലക്ഷ്‌മി ശരത്‌കുമാർ. താൻ നേരിട്ട ലൈംഗികാതിക്രമത്തെക്കുറിച്ച് മുൻപും വരലക്ഷ്‌മി തുറന്നു പറഞ്ഞിട്ടുണ്ട്. തന്റെ സേവ് ശക്തി ഫൗണ്ടേഷനിലൂടെ അതിജീവിതകൾക്ക് പിന്തുണ നൽകുന്നതിനെക്കുറിച്ചും വരലക്ഷ്‌മി പലപ്പോഴായി സംസാരിക്കാറുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
