SignIn
Kerala Kaumudi Online
Friday, 12 June 2026 4.00 AM IST

'ഒരുപാട് സംസാരിച്ചാൽ തിരിച്ച് പറയാൻ കുറേയുണ്ട്, ജി സുധാകരനെ ചുമക്കുന്ന കെ സി വേണുഗോപാൽ ആലപ്പുഴ കടലിൽ ചാടി ചാകും'

g-sudhakaran

തിരുവനന്തപുരം: എൽഡിഎഫിൽ നിന്ന് തെറ്റി അമ്പലപ്പുഴയിൽ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച ജി സുധാകരന് താക്കീതുമായി മന്ത്രി സജി ചെറിയാൻ. കമ്മ്യൂണിസ്റ്റ് പാർട്ടിയെ ഇനിയും ആക്രമിച്ചാൽ സുധാകരന്റെ കാര്യങ്ങൾ ഓരോന്നായി വെളിപ്പെടുത്തുമെന്ന് സജി ചെറിയാൻ പറഞ്ഞു.

'കൃഷ്‌ണപിള്ള സ്‌മാരകം തകർത്തതിൽ എനിക്ക് പങ്കുണ്ടെന്നാണ് സുധാകരൻ പറയുന്നത്. തകർക്കാൻ പോയിട്ടുണ്ടെങ്കിൽ ഞങ്ങൾ ഒരുമിച്ചേ പോകൂ. ഞാൻ സുധാകരന്റെയും സുധാകരൻ എന്റെയും നിഴലായി നിന്ന കാലമാണത്. ഞാൻ പോയിട്ടുണ്ടെങ്കിൽ സുധാകരനും ഒപ്പം കാണും. മര്യാദകെട്ട വർത്തമാനമാണ്. ജി സുധാകരനാണ് സ്‌മാരകം കത്തിക്കാൻ പോയതെന്ന് ഞാനും തിരിച്ച് ആരോപണം ഉന്നയിച്ചാലോ.

സുധാകരൻ ഞങ്ങളെ വിട്ടേക്ക്. പാർട്ടിയെ അധിക്ഷേപിക്കാൻ വരരുത്. കെ സി വേണുഗോപാലിനും രമേശ് ചെന്നിത്തലയ്‌ക്കും ഇല്ലാത്ത ആവേശമാണ് ജി സുധാകരന്. സുധാകരനെ ചുമക്കുന്ന വേണുഗോപാൽ ആലപ്പുഴ കടലിൽ ചാടി ചാകും. ആറ് മാസത്തിനുള്ളിൽ വേണുഗോപാൽ അത് മനസിലാക്കും. ഇല്ലെങ്കിൽ എന്റെ പേര് മാറ്റിക്കോ, ഞങ്ങളിതൊക്കെ അനുഭവിച്ചവരാണ്. സുധാകരൻ ജയിച്ചാലും തോറ്റാലും വേണുഗോപാൽ ചെയ്‌തതിനെല്ലാം അനുഭവിക്കും.

സുധാകരൻ കമ്മ്യൂണിസ്റ്റ് വിരുദ്ധനാണ്. പാർട്ടിയെ തിരഞ്ഞെടുപ്പ് കാലത്ത് ചതിച്ചു. ഒന്നര വർഷം മുമ്പ് കെ സി വേണുഗോപാലുമായി കരാർ ഉണ്ടാക്കി. സീറ്റ് ഇല്ലെന്നറിഞ്ഞപ്പോൾ 24 മണിക്കൂർ കൊണ്ട് വലതുപക്ഷമാവുകയും ചെയ്‌തു. ഞാൻ മാഫിയ ആണെന്ന് സുധാകരൻ പറഞ്ഞു. അയാൾ അഞ്ച് രൂപ കിട്ടിയാൽ പോക്കലിട്ടുകൊണ്ട് പോകും. ഞാൻ അങ്ങനെയല്ല. ജി സുധാകരൻ ഇപ്പോഴും എംഎൽഎ പെൻഷൻ വാങ്ങുന്നുണ്ട്. രണ്ട് സിപിഎം എംഎൽഎമാർ കോടീശ്വരന്മാർ ആണെന്നാണ് പറയുന്നത്. ജി സുധാകരന്റെ ആസ്‌തിയുടെ 25ൽ ഒന്ന് പോലും ഒരു എംഎൽഎയ്‌ക്കുമില്ല. ഒരുപാട് സംസാരിക്കാൻ വന്നാൽ തിരിച്ച് പറയാൻ കുറേയുണ്ട്' - സജി ചെറിയാൻ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: G SUDHAKARAN, SAJI CHERIYAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA