ജയ്‌പൂർ: രാജസ്ഥാനിലെ ആൽവാറിൽ 45കാരിയെ ആറുപേർ ചേർന്ന് ബലാത്സംഗം ചെയ്ത് ദൃശ്യങ്ങൾ സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ചു. സഹോദരപുത്രനൊപ്പം ബൈക്കിൽ പോവുകയായിരുന്ന സ്ത്രീയെയാണ് റോഡിൽ തടഞ്ഞുനിറുത്തി ബലാത്സംഗത്തിനിരയാക്കിയത്. സംഭവത്തിൽ മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.
കഴിഞ്ഞ 14നാണ് സംഭവം. ബന്ധുവീട് സന്ദർശിച്ചശേഷം സഹോദരപുത്രനൊപ്പം ബൈക്കിൽ വീട്ടിലേക്ക് മടങ്ങിയതായിരുന്നു സ്ത്രീ. ആൽവാറിലെ തിജാറയിൽവച്ച് ആറംഗസംഘം ഇവരുടെ വാഹനം തടഞ്ഞു. തുടർന്ന് സഹോദരപുത്രനെ ആയുധം കാണിച്ച് ഭീഷണിപ്പെടുത്തി പിടിച്ചുവച്ച ശേഷം സ്ത്രീയെ ബലാത്സംഗം ചെയ്യുകയായിരുന്നു. ആദ്യത്തെയാൾ ബലാത്സംഗം ചെയ്തപ്പോൾ ഇതിന്റെ ദൃശ്യങ്ങൾ മറ്റുള്ളവർ മൊബൈലിൽ പകർത്തി. പിന്നീട് മറ്റുള്ളവരും സ്ത്രീയെ ബലാത്സംഗത്തിനിരയാക്കി.
അതിക്രമത്തിന് ശേഷം വീട്ടിലെത്തിയ സ്ത്രീ ആദ്യം പൊലീസിൽ പരാതിപ്പെട്ടിരുന്നില്ല. പിന്നീട് ബലാത്സംഗ വീഡിയോ സാമൂഹികമാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് പരാതി നൽകിയത്. സംഭവത്തിൽ പൊലീസ് അന്വേഷണത്തെ തുടർന്നാണ് മൂന്ന് പ്രതികളെ പിടികൂടിയത്. ബാക്കി പ്രതികൾക്കായി തെരച്ചിൽ തുടരുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |