SignIn
Kerala Kaumudi Online
Thursday, 28 May 2026 6.18 PM IST

മതഗ്രന്ഥവും ഈന്തപ്പഴവും എത്തിയതിൽ അസ്വാഭാവികത; കോൺസുലേറ്റ് ജീവനക്കാരിൽ നിന്നടക്കം സാക്ഷി മൊഴികൾ ശേഖരിക്കും

uae-consulate

തിരുവനന്തപുരം: വിമാനത്താവളത്തിൽ നയതന്ത്ര ബാഗ് വഴി മതഗ്രന്ഥങ്ങൾ, ഈന്തപ്പഴം എന്നിവ എത്തിയതിൽ കസ്റ്റംസ് പ്രത്യേക സംഘം വിശദമായ അന്വേഷണം തുടങ്ങി. കേസിൽ ആരെയും പ്രതിയാക്കിയില്ലെങ്കിലും കോൺസുലേറ്റ് ജീവനക്കാരിൽ നിന്നടക്കം സാക്ഷി മൊഴികൾ ശേഖരിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഇതിനായി ആവശ്യമെങ്കിൽ കേന്ദ്ര അനുമതി തേടും.

കസ്റ്റംസ് ആക്ട്, ഫോറിൻ കോൺട്രിബ്യൂഷൻ റെഗുലേൻ ആക്ട് തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് പരിശോധന. 250 ഖുർആൻ കെട്ടുകൾ കോൺസുലേറ്റിൽ എത്തിയെങ്കിലും 32എണ്ണം മാത്രമാണ് ഇതുവരെ കണ്ടെത്തിയത്. ബാക്കി വരുന്ന ഖുർആൻ എവിടെ എന്നതിൽ കൃത്യമായ വിശദീകരണം നൽകേണ്ടത് കോൺസുലേറ്റ് ആണ്. ഇതിനായി ആദ്യം കോൺസുലേറ്റിലെ ജീവനക്കാരുടെ സാക്ഷിമൊഴികൾ രേഖപ്പെടുത്തും.

കോൺസുലേറ്റ് ജനറലിനായി നാല് വർഷത്തിനുള്ളിൽ 17000 കിലോ ഈന്തപ്പഴം തീരുവ ഒഴിവാക്കി എത്തിച്ചതിലെ അസ്വാഭാവികതയാണ് പ്രധാനമായും അന്വേഷിക്കുന്നത്. സ്വന്തം ആവശ്യത്തിന് വിദേശത്തു നിന്ന് നികുതി ഇളവു ചെയ്ത് കൊണ്ടുവന്നവ പുറത്ത് നൽകരുതെന്നാണ് ചട്ടം. അഥവാ പുറത്തു വിൽക്കുകയോ വിതരണം ചെയ്യുകയോ ചെയ്താൽ കസ്റ്റംസ് നിശ്ചയിക്കുന്ന നികുതി നൽകണം.

കസ്റ്റംസ് ആക്ടിന്റേയും വിദേശ നാണ്യ വിനിമയ ചട്ടത്തിന്റേയും ലംഘനം ഇക്കാര്യത്തിൽ നടന്നുവെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ അനുമാനം. നിലവിൽ കേസിൽ ആരേയും പ്രതി ചേർത്തിട്ടില്ല. കോൺസുലേറ്റ് ജീവനക്കാരുടേയും സംസ്ഥാന പ്രോട്ടോക്കോൾ വിഭാഗത്തിന്റേയും വിശദീകരണം ലഭിച്ച ശേഷമേ തുടർ നടപടി ഉണ്ടാകൂ.

കോൺസുലേറ്റിലേക്ക് വരുന്ന നയതന്ത്ര ബാഗേജുകൾക്ക് നികുതിയിളവ് നൽകാൻ കത്ത് നൽകേണ്ട ചുമതല പ്രോട്ടോക്കോൾ ഓഫീസർക്കാണ്. എന്നാൽ സമീപ നാളുകളിൽ കോൺസുലേറ്റിൽ നിന്നും നികുതി ഒഴിവാക്കി നൽകാൻ ആവശ്യം വന്നിരുന്നില്ലെന്ന് പ്രോട്ടോക്കോൾ വിഭാഗം നേരത്തെ കസ്റ്റംസിനെ അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ കോൺസുലേറ്റിന്റെ വിശദീകരണം പ്രധാനമാണെന്നാണ് കസ്റ്റംസിന്റെ നിലപാട്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CASE DIARY, HOLY KHURAN, UAE CONSULATE, CUSTOMS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY