കോഴിക്കോട്: ഇനി കൊങ്ങിയും കമ്മിയുമില്ലെന്നും രണ്ടും കൂടി ചേർന്ന് കൊമ്മി എന്ന് വിളിക്കാമെന്നും ബി ജെ പി ദേശീയ ഉപാദ്ധ്യക്ഷൻ എ.പി അബ്‌ദുളളക്കുട്ടി. ബി ജെ പിക്കെതിരേ സി.പി.എമ്മും കോൺഗ്രസും ഇപ്പോൾ ഒന്നായിരിക്കുകയാണ്. ബി ജെ പിയുടെ വളർച്ച കണ്ട് പിണറായി വിജയന് പോലും ഈ ഒന്നാവൽ അംഗീകരിക്കേണ്ടി വന്നിരിക്കുകയാണെന്നും എ പി അബ്‌ദുളളക്കുട്ടി പറഞ്ഞു.
പോളിറ്റ്ബ്യൂറോ തീരുമാനത്തെ ആദ്യം എതിർത്ത പിണറായി വിജയൻ വിഭാഗവും ഒന്നിച്ച് മുന്നോട്ട് പോവാനുളള തീരുമാനത്തെ അംഗീകരിച്ചു. ഇതോടെ സൈബർ സഖാക്കൾ പറയുന്നത് പോലെ ഇരട്ടചങ്ക് പോയിട്ട് സിംഗിൾ നട്ടെല്ല് പോലും പിണറായി വിജയന് ഇല്ലാതായി മാറി. ബി ജെ പിയുടെ വളർച്ച കണ്ട് പിണറായി വിജയന് മുട്ടുവിറച്ചിരിക്കുകയാണെന്നും അബ്‌ദുളളക്കുട്ടി പരിഹസിച്ചു.
കോൺഗ്രസ് അവരുടെ രാഷ്ട്രീയ പ്രതിസന്ധി മറികടക്കാൻ സകല തീവ്രവാദി ഗ്രൂപ്പുകളുമായി പോലും സഹകരിക്കാൻ തീരുമാനിച്ചിരിക്കുകയാണ്. ഇത് വലിയ പ്രത്യാഘാതം കേരള രാഷ്ട്രീയത്തിൽ ഉണ്ടാക്കും. രാജ്യത്തെ ന്യൂനപക്ഷങ്ങൾ ബി ജെ പി നിലപാടിനെ അംഗീകരിച്ച് കൊണ്ടിരിക്കുകയാണ്. ഇതൊക്കെ കണ്ട് ബേജാറായിട്ടാണ് ബി ജെ പിയെ തടയാൻ കോൺഗ്രസും സി പി എമ്മും ഒന്നിച്ചത്. പിണറായി വിജയന്റെ നേതാവ് രാഹുൽ ഗാന്ധിയും സോണിയാ ഗാന്ധിയും ആയി മാറിയിരിക്കുന്നു. സി പി എം ഇനി സ്വയം പിരിഞ്ഞ് പോവുന്നതാണ് നല്ലതെന്നും അബ്‌ദുളളക്കുട്ടി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |