SignIn
Kerala Kaumudi Online
Thursday, 18 June 2026 3.42 PM IST

മൻസൂർ വധക്കേസ് പ്രതി രതീഷിന്റെ മരണത്തിന് ഉത്തരവാദി മുസ്ലീം ലീഗ്; പ്രതി ചേർത്തതിനു പിന്നിൽ ഗൂഢാലോചനയെന്നും ആരോപണം

ratheesh

കണ്ണൂർ: മകന്റെ ആത്മഹത്യക്ക് ഉത്തരവാദി മുസ്ലീം ലീഗ് ആണെന്ന ആരോപണവുമായി മൻസൂർ വധക്കേസ് പ്രതി രതീഷിന്റെ അമ്മ. ലീഗ് ഗൂഢാലോചന നടത്തിയാണ് മകനെ പ്രതിചേർത്തത്. കളവായി പ്രതി ചേർത്തതിനെ തുടർന്നുള്ള മാനസിക വിഷമത്തിലാണ് മകൻ ആത്മഹത്യ ചെയ്തത്. ഇതിന് കാരണക്കാരായ ലീഗ് പ്രവർത്തകർക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് രതീഷിന്റെ അമ്മ പത്മിനി കൂലോത്ത് ഡി.ജി.പിക്ക് പരാതി നൽകി.

തിരഞ്ഞെടുപ്പ് ദിവസം ലീഗുകാർ മർദ്ദിച്ചതായി രതീഷ് പറഞ്ഞിരുന്നു. കേസിൽ പ്രതി ചേർത്തതിൽ മകൻ ആകെ പ്രയാസത്തിലായിരുന്നു. കളവായി കൊലക്കേസിൽ പ്രതിയാക്കിയാൽ അവൻ മാനസിക സംഘർഷത്തിനകപ്പെട്ട് ആത്മഹത്യ ചെയ്യും എന്ന് അറിയുന്ന പ്രദേശത്തെ മുസ്ലിം ലീഗ് പ്രവർത്തകർ ഗൂഢാലോചന നടത്തി പ്രതിചേർക്കുകയായിരുന്നു. ഇതിനുപിന്നിൽ പ്രവർത്തിച്ചവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും രതീഷിന്റെ അമ്മ നൽകിയ പരാതിയിൽ പറയുന്നു.

അതേസമയം ആന്തരികാവയവങ്ങൾക്ക് ക്ഷതമേറ്റിട്ടുണ്ടെന്ന രതീഷിന്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ കണ്ടെത്തൽ ഏറെ ദുരൂഹത ഉണർത്തുന്നതാണ്. ഇതേത്തുടർന്ന് റൂറൽ എസ്.പി നേരിട്ടെത്തി പോസ്റ്റ്‌മോർട്ടം നടത്തിയ ഡോക്ടറുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. രതീഷ് തൂങ്ങിമരിച്ച നിലയിൽ കണ്ട സ്ഥലത്ത് വടകര റൂറൽ എസ്.പിയുടെ നേതൃത്വത്തിലുളള സംഘം പരിശോധനയും നടത്തി. പോസ്റ്റ്‌മോർട്ടം ചെയ്ത ഡോക്ടർമാരും സംഘത്തിലുണ്ടായിരുന്നു.

ഏപ്രിൽ ഒൻപതിനാണ് രതീഷിനെ ആളൊഴിഞ്ഞ പറമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇയാളുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് നേരത്തെ യു.ഡി.എഫ് ആരോപിച്ചിരുന്നു. കൊലപാതകത്തിനു ശേഷം രതീഷ് ഒളിവിലായിരുന്നു. പ്രതികളെ ഉടൻ പിടികൂടുമെന്ന് അന്വേഷണ സംഘം അറിയിച്ചതിന് പിന്നാലെയായിരുന്നു മരണം. മൻസൂർ വധക്കേസിൽ രണ്ടാം പ്രതിയാണ് രതീഷ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MANZOOR, RATHEESH, RATHEESH KOOLATH, MURDER, CPM, MUSLIM LEAGUE, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA