SignIn
Kerala Kaumudi Online
Wednesday, 18 February 2026 6.03 PM IST

ഇന്ത്യയിലെ സ്ഥിതി അതീവ വേദനാജനകം : ലോകാരോഗ്യ സംഘടന

Increase Font Size Decrease Font Size Print Page
covid-india

ജനീവ: ഇന്ത്യയിലെ സ്ഥിതിഗതികൾ ഹൃദയ ഭേദകമായതിനും അപ്പുറമാണെന്ന് ലോകാരോഗ്യ സംഘടന തലവൻ ടെഡ്രോസ് അഥനോം ഗബ്രിയേസിസ്. കൊവിഡ് വ്യാപനം അതി തീവ്രമായി തുടരുന്ന ഇന്ത്യക്ക് എല്ലാവിധ പിന്തുണയും നൽകുമെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു. ഈ പ്രതിസന്ധി മറികടക്കാൻ കൂടുതൽ മെഡിക്കൽ ഉപകരണങ്ങൾ ഉൾപ്പെടെയുള്ളവ രാജ്യത്തെത്തിച്ചതായി ലോകാരോഗ്യ സംഘടനാ മേധാവി അറിയിച്ചു.ഇന്ത്യയിൽ കൊവിഡ് വ്യാപനം രൂക്ഷമായത് നിർഭാഗ്യകരമാണ്. ഈ സാഹചര്യത്തിൽ മെഡിക്കൽ ഉപകരണങ്ങൾ ഉൾപ്പെടെ രാജ്യത്തിന് എല്ലാ പിന്തുണയും ലോകാരോഗ്യ സംഘടന നൽകുന്നുണ്ട്. ആയിരക്കണക്കിന് ഓക്സിജൻ കോൺസൻട്രേറ്ററുകൾ, മൊബൈൽ ഫീൽഡ് ആശുപത്രികൾ, ലബോറട്ടറി ഉപകരണങ്ങൾ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ രാജ്യത്തെത്തിച്ചു കഴിഞ്ഞു.

പ്രതിരോധം ശക്തിപ്പെടുത്തുന്നതിനായി 2600 ജീവനക്കാരെ ഇന്ത്യയിലേയ്ക്ക് അയയ്ക്കാനാണ് തീരുമാനം.വാക്സിനേഷൻ ഉൾപ്പെടെയുള്ള മേഖലകളിൽ പ്രവർത്തിക്കാനുള്ള ജീവനക്കാരെയാകും രാജ്യത്തെത്തിക്കുക.

അതേസമയം, രാജ്യത്തെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. 3,23,144 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 2,771കോവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.


ഗോ വീ വൺ

വാക്സിനായി ധനസമാഹരണ പരിപാടിയുമായി ലോകാരോഗ്യ സംഘടന. ഗോ വീ വൺ എന്ന പേരിലാണ് ലോകാരോഗ്യ സംഘടന ധനസമാഹരണ പരിപാടി സംഘടിപ്പിക്കുന്നത്. ബുധനാഴ്ച പരിപാടിക്ക് തുടക്കമാകും. നിരവധി രാജ്യങ്ങളിൽ കൊവിഡ് വ്യാപനം രൂക്ഷമായതും വാക്സിൻ ക്ഷാമം നേരിടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടനയുടെ നീക്കം. നിർധന രാജ്യങ്ങൾക്ക് വാക്സിൻ ചിലവ് താങ്ങാനാവുന്നതിലും അപ്പുറമാണെന്ന വിമർശനം ഉയർന്ന സാഹചര്യത്തിലാണ് അവരെ സഹായിക്കാൻ ലോകാരോഗ്യ സംഘടന മുന്നിട്ടിറങ്ങുന്നത്.

നമ്മൾ ഒത്തൊരുമിച്ച് വിജയിക്കും , ഹിന്ദിയിൽ സന്ദേശവുമായി ഫ്രഞ്ച് പ്രസിഡന്റ്


റോം: കോവിഡ് രണ്ടാം തരംഗം വിനാശം വിതച്ചു കൊണ്ടിരിക്കുന്ന ഇന്ത്യക്ക് എല്ലാ സഹായങ്ങളും നൽകുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ.

ഹിന്ദിയിൽ പ്രസിദ്ധീകരിച്ച ഫേസ്ബുക്ക് കുറിപ്പിൽ, മഹാമാരിക്കെതിരായ ഈ യുദ്ധം ഇരുരാജ്യങ്ങളും ജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് മഹാമാരി ബാധിക്കാത്തതായി ആരുമില്ല. കഠിനമായ സമയത്തിലൂടെയാണ് ഇന്ത്യ കടന്നുപോകുന്നതെന്ന് ഞങ്ങൾക്കറിയാം. ഫ്രാൻസും ഇന്ത്യയും എന്നും ഒത്തൊരുമയോടെ നിന്നിട്ടുണ്ട്. കഴിയാവുന്ന സഹായമെല്ലാം ഞങ്ങൾ ചെയ്യുന്നുണ്ട് മാക്രോൺ കുറിച്ചു.

ഇന്ത്യക്കായി കഴിയുന്നതെല്ലാം ഞങ്ങൾ ചെയ്യും. വിവിധ മന്ത്രാലയങ്ങളും വകുപ്പുകളും ഫ്രഞ്ച് കമ്പനികളും ഒന്നിച്ച് നിന്ന് പ്രവർത്തിക്കും. ഐക്യമാണ് രാജ്യത്തിന്റെ കരുത്ത്. നമ്മൾ ഒരുമിച്ച് വിജയിക്കും അദ്ദേഹം കൂട്ടിച്ചേർത്തു.

TAGS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY