SignIn
Kerala Kaumudi Online
Monday, 02 November 2026 8.49 AM IST

എപ്‌സ്റ്റീൻ വിവാദം: ട്രംപിന്റെ മാനനഷ്ടക്കേസ് തള്ളി

d

വാഷിംഗ്ടൺ: വിവാദ ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്റ്റീനുമായി ബന്ധപ്പെട്ട വാർത്തയുടെ പേരിൽ അമേരിക്കൻ മാദ്ധ്യമമായ വാൾസ്ട്രീറ്റ് ജേർണലിനെതിരെ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഫയൽ ചെയ്ത മാനനഷ്ടക്കേസ് കോടതി തള്ളി. ട്രംപ് എപ്‌സ്റ്റീന് അശ്ലീല പരാമർശം അടങ്ങിയ പിറന്നാൾ ആശംസാ കത്ത് അയച്ചെന്നും കത്തിൽ ട്രംപിന്റെ പേരും ഒപ്പും ഉണ്ടെന്നും വാൾസ്ട്രീറ്റ് ജേർണൽ പുറത്തുവിട്ട റിപ്പോർട്ടിലുണ്ടായിരുന്നു. കത്ത് തന്റേതല്ലെന്നും വ്യാജമാണെന്നും അവകാശപ്പെട്ട ട്രംപ്,​ 1000 കോടി ഡോളർ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വാൾസ്ട്രീറ്റ് ജേർണലിന്റെ മാതൃകമ്പനി ‌ഡൗ ജോൺസിനും ഉടമ റൂപർട്ട് മർഡോക്കിനും എതിരെ കേസ് ഫയൽ ചെയ്യുകയായിരുന്നു. കേസ് മാദ്ധ്യമ സ്വാതന്ത്ര്യത്തെ സംരക്ഷിക്കുന്ന ഭേദഗതിക്ക് വിരുദ്ധമാണെന്ന് കോടതി കണ്ടെത്തി. വാർത്ത വ്യാജമാണെന്ന് തെളിയിക്കാൻ ട്രംപിന്റെ അഭിഭാഷകർക്ക് കഴിഞ്ഞില്ലെന്നും കോടതി പറഞ്ഞു. മാർക്കർ പേനകൊണ്ട് വരച്ചതെന്ന് കരുതുന്ന നഗ്നയായ സ്ത്രീയുടെ രൂപരേഖയ്ക്കുള്ളിലാണ് പിറന്നാൾ സന്ദേശം ആലേഖനം ചെയ്തത്. ട്രംപും എപ്സ്റ്റീനും തമ്മിലുള്ള അശ്ലീല പരാമർശങ്ങൾ അടങ്ങിയ സാങ്കല്പിക സംഭാഷണം, മൂന്നാമതൊരാൾ എഴുതുന്ന മാതൃകയിലാണ്. ട്രംപും എപ്സ്റ്റീനും തമ്മിൽ 1980കൾ മുതൽ 15 വർഷം നീണ്ട സൗഹൃദമുണ്ടായിരുന്നെന്ന് കരുതുന്നു. വിരുന്നുകളിലും മറ്റും ഇരുവരും ഒരുമിച്ച് സന്നിഹിതരായിരുന്നു. റിയൽ എസ്റ്റേറ്റ് തർക്കത്തെ തുടർന്ന് 2004ൽ എപ്സ്റ്റീനുമായുള്ള സൗഹൃദം ഉപേക്ഷിച്ചെന്ന് ട്രംപ് പറയുന്നു. ഇതിന് ശേഷമാണ് എപ്സ്റ്റീനെതിരായ കുറ്റങ്ങൾ പുറത്തുവരുന്നത്. ലൈംഗിക കടത്ത്, പ്രായപൂർത്തിയാകാത്ത നൂറുകണക്കിന് പെൺകുട്ടികളെ ദുരുപയോഗം ചെയ്തു തുടങ്ങിയ കുറ്റങ്ങൾ ചുമത്തപ്പെട്ട എപ്സ്റ്റീനെ വിചാരണ കാത്തിരിക്കുന്നതിനിടെ, 2019ൽ ജയിലിൽ ദുരൂഹ സാഹചര്യത്തിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തുകയായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WORLD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360