
ബെർലിൻ: ജെൻസി പ്രക്ഷോഭങ്ങളുടെ പേരിൽ ജർമ്മൻ നഗരങ്ങളിൽ നാശംവിതച്ച് അക്രമികൾ. ഹാലോവീൻ ദിനമായ ശനിയാഴ്ച നടന്ന പ്രക്ഷോഭമാണ് വ്യാപക കൊള്ളയിലും ഏറ്റുമുട്ടലുകളിലും കലാശിച്ചത്. ബെർലിൻ, ഫ്രാങ്ക്‌ഫർട്ട്, ഹാംബർഗ്, കൊളോൺ തുടങ്ങി 34 നഗരങ്ങളിലായി 1,20,000 യുവാക്കളാണ് തെരുവിലിറങ്ങിയത്. 'ജെൻസി ടേക്ക്സ് ചാർജ് ' എന്ന കൂട്ടായ്മയാണ് പ്രക്ഷോഭം സംഘടിപ്പിച്ചത്. ജീവിതച്ചെലവ് ഉയരുന്നത് അടക്കം സാമൂഹിക വിഷയങ്ങളിൽ സർക്കാർ നടപടി ആവശ്യപ്പെട്ടായിരുന്നു പ്രക്ഷോഭം.
എന്നാൽ, രാത്രിയോടെ പ്രക്ഷോഭം അക്രമങ്ങൾക്ക് വഴിമാറി. ഫ്രാങ്ക്‌ഫർട്ടിൽ മുഖംമൂടി ധരിച്ച അക്രമികൾ ആഡംബര സ്റ്റോറുകൾ അടക്കം കടകളും ആയുധശാലയും കൊള്ളയടിച്ചു. കടകളിലെ ഗ്ലാസുകളും ബോർഡുകളും തല്ലിത്തകർത്തു. അടിയന്തര സേവന പ്രവർത്തകർക്കും പൊലീസുകാർക്കും നേരെ കല്ല്, പെട്രോൾ ബോംബ്, പടക്കം തുടങ്ങിയവ എറിഞ്ഞു. നിരവധി പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഹാംബർഗ്, കൊളോൺ തുടങ്ങിയ നഗരങ്ങളിലും സമാന ഏറ്റുമുട്ടലുകളുണ്ടായി. ബാരിക്കേഡുകൾ കത്തിച്ചും കരിമരുന്ന് പ്രയോഗം നടത്തിയും അക്രമികൾ പ്രകോപനം സൃഷ്ടിച്ചതോടെ പൊലീസ് ജലപീരങ്കിയും പെപ്പർ സ്‌പ്രേയും ഉപയോഗിച്ചു. ബെർലിനിൽ അക്രമികൾ പൊതുഗതാഗതം സ്തംഭിപ്പിച്ചു. കെട്ടിടങ്ങളിൽ സ്‌പ്രേ പെയിന്റ് വിതറി. ബ്രണ്ടൻബർഗ് ഗേറ്റിന് സമീപം പൊലീസുമായി ഏറ്റുമുട്ടിയ അമ്പതിലേറെ പേർ അറസ്റ്റിലായി. 30 ലേറെ പൊലീസുകാർക്ക് പരിക്കേറ്റു.
സമാധാനപരമായ പ്രതിഷേധങ്ങൾക്കാണ് തങ്ങൾ ആഹ്വാനം ചെയ്തതെന്ന് ജെൻസി ടേക്ക്സ് ചാർജ് പ്രതികരിച്ചു. ഫ്രാൻസ്, ഇറ്റലി, സ്പെയിൻ തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങളിൽ തുടരുന്ന പ്രക്ഷോഭങ്ങൾ ജർമ്മനിയിലേക്കും പടരുകയായിരുന്നു. ഫ്രാൻസിൽ നടന്ന വാരാന്ത്യ പ്രക്ഷോഭത്തിനിടെ ഒറ്റപ്പെട്ട ആക്രമണങ്ങളുണ്ടായെങ്കിലും സ്ഥിതിഗതികൾ നിയന്ത്രിക്കാൻ പൊലീസിനായി. 770 ലേറെ പേർ അറസ്റ്റിലായി.
# ബോധപൂർവ്വം
കലാപത്തിന് ശ്രമം
തീവ്ര ഇടതുപക്ഷ ഗ്രൂപ്പുകളും കുടിയേറ്റക്കാർക്കിടെയിലെ അക്രമികളും പ്രക്ഷോഭത്തിൽ നുഴഞ്ഞുകയറി ബോധപൂർവ്വം കലാപം അഴിച്ചുവിട്ടതാണെന്ന് ആഭ്യന്തര മന്ത്രി അലക്സാണ്ടർ ഡോബ്രിന്റ് ആരോപിച്ചു. അന്വേഷണം തുടങ്ങിയെന്നും അക്രമികൾക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കി.
# വിലക്കയറ്റം
നിയന്ത്രിക്കണം
വിലക്കയറ്റത്തിനും വീട്ടുവാടക ഉയരുന്നതിനും അടിയന്തര പരിഹാരം വേണമെന്ന് പ്രക്ഷോഭകർ
സ്കൂളുകൾക്കും യൂണിവേഴ്സിറ്റികൾക്കുമുള്ള ധനസഹായം കൂട്ടണം
നിർബന്ധിത സൈനിക സേവനം പുനഃസ്ഥാപിക്കാനുള്ള സർക്കാർ പദ്ധതി ഉപേക്ഷിക്കണം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |