SignIn
Kerala Kaumudi Online
Sunday, 01 November 2026 11.57 AM IST

നെതന്യാഹു പുറത്തേക്ക്? ഇസ്രയേലിൽ ജൂത-അറബ് സഖ്യത്തിന് വഴിയൊരുങ്ങുന്നു, സർക്കാർ രൂപീകരിക്കാനുറച്ച് ഗാഡി ഐസൻകോട്ട് 

eisenkot-netanyahu
ഗാഡി ഐസൻകോട്ട്, ബെഞ്ചമിൻ നെതന്യാഹു

ടെൽ അവീവ്: ഇസ്രായേലിൽ ബെഞ്ചമിൻ നെതന്യാഹുവിന്റെ ഭരണം അവസാനിപ്പിക്കാൻ പുതിയ നീക്കങ്ങളുമായി പ്രതിപക്ഷ സഖ്യ നേതാവ് ഗാഡി ഐസൻകോട്ട്. സഖ്യ സർക്കാർ രൂപീകരിക്കാൻ തീരുമാനിച്ചതായാണ് റിപ്പോർട്ട്. രാജ്യത്തെ മാറ്റിമറിക്കാൻ ജനങ്ങൾ അനുകൂലമായി വോട്ട് ചെയ്തതായി അദ്ദേഹം പറഞ്ഞു.

സഖ്യ സർക്കാരിൽ ചേരാൻ ആഗ്രഹിക്കുന്ന പാർട്ടികൾക്ക് മുന്നിൽ ഐസൻകോട്ട് നാല് പ്രധാന നിബന്ധനകൾ മുന്നോട്ടുവച്ചതായാണ് റിപ്പോർട്ട്. ഇസ്രായേലിനെ ഒരു ജൂത-ജനാധിപത്യ-ലിബറൽ-സമത്വ രാഷ്ട്രമായി അംഗീകരിക്കുക, ഇസ്രായേലിന്റെ സ്വാതന്ത്ര്യ പ്രഖ്യാപന തത്വങ്ങൾ പാലിക്കുക, എല്ലാ പൗരന്മാർക്കും നിർബന്ധിത സൈനിക സേവനം നടപ്പാക്കുക, ഹമാസിനെ ഒരു ഭീകര സംഘടനയായി അംഗീകരിക്കുകയും ഗാസയിൽ അവരുടെ ഭരണം പൂർണമായി ഇല്ലാതാക്കാൻ പിന്തുണ നൽകുകയും ചെയ്യുക എന്നിവയാണ് അവ.

പ്രതിപക്ഷ സഖ്യം അറബ് പാർട്ടികളുമായി കൈകോർത്ത് നെതന്യാഹുവിന്റെ ഭരണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്നലെ ആയിരക്കണക്കിന് ഇസ്രായേലികൾ തെരുവിലിറങ്ങിയിരുന്നു. ടെൽ ആവീവിലും ജറുസലേമിലും നടന്ന പ്രതിഷേധങ്ങളിൽ ആശയപരമായ അഭിപ്രായ വ്യത്യാസങ്ങൾ മാറ്റിവച്ച് ജൂത-അറബ് രാഷ്ട്രീയ സഹകരണം സാദ്ധ്യമാക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. മാറ്റത്തിനായി വോട്ട് ചെയ്ത ജൂത-അറബ് ഭൂരിപക്ഷം അടുത്ത സർക്കാരിലും പ്രതിഫലിക്കണം. അറബ് വോട്ടുകൾക്കും ജൂത വോട്ടുകൾക്കും ഒരേ മൂല്യമാണെന്നും പ്രതിഷേധക്കാർ വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞദിവസാണ് ഇസ്രയേൽ പാർലമെന്റ് തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നത്. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ ലിക്കുഡ് പാർട്ടി നയിക്കുന്ന സഖ്യത്തിന് ആകെ 120 സീറ്റുകളിൽ 53 സീറ്റുകൾ മാത്രമാണ് നേടാനായത്. സർക്കാർ രൂപീകരിക്കാൻ ആവശ്യമായ കേവലഭൂരിപക്ഷം (61 സീറ്റുകൾ) തികയ്ക്കാൻ ഇവർക്കായില്ല. നെതന്യാഹുവിന്റെ പ്രധാന എതിരാളി ഗാദി ഐസൻകോട്ടിന്റെ യാഷർ പാർട്ടി നയിക്കുന്ന സഖ്യത്തിന് 48 സീറ്റാണ് ലഭിച്ചത്. അറബ് പാർട്ടികൾ 19 സീറ്റുകൾ നേടി.

ആർക്കും ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തിൽ പുതിയ സഖ്യം രൂപീകരിച്ച് ഭരണം പിടിക്കാനുള്ള ചർച്ചകൾ സജീവമാണ്. ലിക്കുഡ് പാർട്ടി നയിക്കുന്ന സഖ്യത്തിന് ഭൂരിപക്ഷം ലഭിക്കണമെങ്കിൽ ഇനി 8 സീറ്റും പ്രതിപക്ഷത്തിന് ഭൂരിപക്ഷം നേടാൻ 13 സീറ്റും വേണം. അറബ് പാർട്ടികളുടെ പിന്തുണയില്ലാതെ പ്രതിപക്ഷത്തിന് ഭരണം പിടിക്കാനാവില്ല.

തിരഞ്ഞെടുപ്പിന്റെ ഔദ്യോഗിക ഫലങ്ങൾ നവംബർ 4ന് പ്രസിഡന്റ് ഐസക് ഹെർസോഗിന് സമർപ്പിക്കും. തുടർന്ന് പുതിയ പാർലമെന്റ് നവംബർ 10ന് യോഗം ചേരും. വിവിധ പാർട്ടികളുമായി ചർച്ച നടത്തിയ ശേഷമായിരിക്കും സർക്കാർ രൂപീകരണം. ചർച്ചകൾ പരാജയപ്പെട്ടാൽ രാജ്യം വീണ്ടുമൊരു പൊതുതിരഞ്ഞെടുപ്പിലേക്ക് നീങ്ങാനും സാദ്ധ്യതയുണ്ട്.

English Summary

Gadi Eisenkot, an Israeli opposition leader, is reportedly planning to form a coalition government to end Benjamin Netanyahu’s rule. He has proposed four key conditions for parties joining the coalition, including recognising Israel as a Jewish and democratic state, ensuring compulsory military service for all citizens, and supporting the complete removal of Hamas from power in Gaza.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BENJAMIN NETANYAHU, ISRAEL GOVERNMENT, JEW ARAB ALLIANCE, GADI EISENKOT, ISRAEL POLITICS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360