SignIn
Kerala Kaumudi Online
Friday, 11 September 2026 5.12 PM IST

കാർഷിക കയറ്റുമതിയിൽ ഉണർവിന്റെ കൊയ്‌ത്ത്

exports

കൊച്ചി: കൊവിഡിനിടയിലും ഇന്ത്യയിൽ നിന്നുള്ള കാർഷികോത്പന്ന കയറ്റുമതിയിൽ നേട്ടക്കൊയ്‌ത്ത് തുടരുന്നു. നടപ്പു സാമ്പത്തിക വർഷത്തെ (2021-22) ആദ്യപാദമായ ഏപ്രിൽ-ജൂണിൽ കാർഷികോത്പന്ന കയറ്റുമതി 481.7 കോടി ഡോളറിൽ (ഏകദേശം 36,000 കോടി രൂപ) എത്തിയെന്നാണ് അഗ്രികൾച്ചറൽ ആൻഡ് പ്രോസസ്ഡ് ഫുഡ്‌സ് എക്‌സ്‌പോർട്ട് ഡെവലപ്‌മെന്റ് അതോറിറ്റിയുടെ (അപെഡ) പ്രാഥമിക കണക്ക്. 2020-21ലെ സമാനപാദത്തിൽ കയറ്റുമതി വരുമാനം 333.8 കോടി ഡോളർ (25,000 കോടി രൂപ) ആയിരുന്നു. 44 ശതമാനമാണ് ഇക്കുറി വർദ്ധന.

കഴിഞ്ഞ ഏതാനും ത്രൈമാസങ്ങളിലായി മികച്ച വളർച്ചയാണ് കാർഷികോത്പന്ന കയറ്റുമതി മേഖല കുറിക്കുന്നത്. കഴിഞ്ഞ പാദത്തിൽ കൊവിഡിന്റെ രണ്ടാംതരംഗം, പ്രാദേശിക ലോക്ക്ഡൗണുകൾ, വിതരണശൃംഖയിലെ തടസങ്ങൾ, ഷിപ്പിംഗ് ഫീസ് വർദ്ധന തുടങ്ങിയ വെല്ലുവിളികളെയെല്ലാം നേരിട്ടാണ് കയറ്റുമതി കുതിച്ചതെന്നതും ശ്രദ്ധേയം. അരി കയറ്റുമതി (ബസുമതിയും നോൺ-ബസുമതിയും ഉൾപ്പെടെ) 191.4 കോടി ഡോളറിൽ (14,245 കോടി രൂപ) നിന്ന് 25 ശതമാനം വർദ്ധിച്ച് 239.8 കോടി ഡോളറിൽ (17,848 കോടി രൂപ) എത്തിയതാണ് പ്രധാന നേട്ടം. കാർഷികോത്പന്ന കയറ്റുമതിയിൽ മുഖ്യപങ്ക് വഹിക്കുന്നത് അരിയാണ്.

ഗോതമ്പും ചോളവും ഉൾപ്പെടെ മറ്റ് ഭക്ഷ്യധാന്യങ്ങളുടെ കയറ്റുമതി 415 ശതമാനം ഉയർന്നു. 4.49 കോടി ഡോളറിൽ (334 കോടി രൂപ) നിന്ന് 23.53 കോടി ഡോളറിലേക്കാണ് (1752 കോടി രൂപ) വളർച്ച. ഇറച്ചി ഇനങ്ങളുടെ കയറ്റുമതി 111.5 ശതമാനം ഉയർന്ന് 100 കോടി ഡോളർ കടന്നു. പഴം, പച്ചക്കറികളുടെ കയറ്റുമതി നേട്ടം 9.1 ശതമാനം. 58.45 കോടി ഡോളറാണ് (4,740 കോടി രൂപ) ഈയിനത്തിൽ നേടിയത്. കഴിഞ്ഞ സാമ്പത്തിക വർഷത്തെ (2020-21) ആകെ കാർഷികോത്പന്ന വരുമാനം 1996 കോടി ഡോളറായിരുന്നു (1.48 ലക്ഷം കോടി രൂപ). 2019-20നേക്കാൾ 25 ശതമാനം അധികമാണിത്.

45 ശതമാനം മുന്നേറി വാണിജ്യ കയറ്റുമതി

ഇന്ത്യയിൽ നിന്നുള്ള വാണിജ്യാധിഷ്‌ഠിത ഉത്‌പന്ന കയറ്റുമതി ഈമാസം ഒന്നുമുതൽ 21വരെ കാലയളവിൽ 45.13 ശതമാനം ഉയർന്ന് 2,248 കോടി ഡോളറിൽ എത്തിയെന്ന് വാണിജ്യ മന്ത്രാലയത്തിന്റെ പ്രാഥമിക റിപ്പോർട്ട്. ഇറക്കുമതി 64.82 ശതമാനം ഉയർന്ന് 3,177 കോടി ഡോളറായി. പെട്രോളിയം, ക്രൂഡോയിൽ ഇറക്കുമതിയിൽ 77.5 ശതമാനമാണ് വർദ്ധന. ഈമാസം 21 വരെ അമേരിക്ക, യു.എ.ഇ., ബ്രസീൽ എന്നിവിടങ്ങളിലേക്കുള്ള കയറ്റുമതി 51 ശതമാനം വർദ്ധിച്ചു. തുടർച്ചയായ ഏഴ് മാസങ്ങളായി മികച്ച വളർച്ചയുടെ പാതയിലാണ് ഇന്ത്യയുടെ കയറ്റുമതി രംഗം. ജൂണിലെ വളർച്ച 48.34 ശതമാനമായിരുന്നു. ജൂലായിലെ മൊത്തം കയറ്റുമതി-ഇറക്കുമതി കണക്ക് അടുത്തമാസം മദ്ധ്യത്തോടെ അറിയാം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS, FARM EXPORTS, AGRICULTURE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360