
നാണയപ്പെരുപ്പ നിയന്ത്രണം പ്രധാനം
കൊച്ചി: പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമായതിന് പിന്നാലെ ക്രൂഡോയിൽ വില കുതിച്ചുയരുന്നതിനാൽ നാണയപ്പെരുപ്പ നിയന്ത്രണത്തിന് കേന്ദ്ര ബാങ്കുകൾ നടപടികൾ ശക്തമാക്കി. ക്രൂഡ് വിലക്കയറ്റം കണക്കിലെടുത്ത് വിപണിയിലെ പണലഭ്യത നിയന്ത്രിക്കാൻ യൂറോപ്യൻ സെൻട്രൽ ബാങ്ക്(ഇ.സി.ബി) ഇന്നലെമുഖ്യ പലിശ നിരക്ക് 0.25 ശതമാനംഉയർത്തി 2.5 ശതമാനമാക്കി. ഇതോടെ ഇന്ത്യയിലെ കേന്ദ്ര ബാങ്കായ റിസർവ് ബാങ്ക് അടുത്ത മാസത്തെ ധനനയ രൂപീകരണ യോഗത്തിൽ മുഖ്യ പലിശയായ റിപ്പോ നിരക്ക് കാൽ ശതമാനം വർദ്ധിപ്പിക്കാൻ സാദ്ധ്യതയേറി.
ഇന്നലെ ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന് 106 ഡോളറിന് അടുത്തെത്തി. അമേരിക്കയിലെ വെസ്‌റ്റ് ടെക്‌സസ് ഇന്റർമീഡിയറ്റ് ക്രൂഡ് വില നൂറ് ഡോളർ കടന്നു. എണ്ണവിലക്കയറ്റം ആഗോളതലത്തിൽ നാണയപ്പെരുപ്പ സമ്മർദ്ദം ശക്തമാക്കിയതോടെയാണ് കേന്ദ്ര ബാങ്കുകൾ പലിശ വർദ്ധനയിലേക്ക് കടക്കുന്നത്.
ചരക്കുനീക്കം തടസപ്പെടുന്നു
മിഡിൽ ഈസ്‌റ്റിലെ സംഘർഷം ശക്തമായതോടെ ഷിപ്പിംഗ് നിരക്കുകൾ കുതിച്ചുയരുകയാണ്. ആവശ്യത്തിന് ക്രൂഡോയിൽ ലഭ്യമാണെങ്കിലും ടാങ്കറുകളുടെ നീക്കം തടസപ്പെടുന്നതാണ് പ്രധാന വെല്ലുവിളി. ഫെബ്രുവരിയിൽ യുദ്ധം ആരംഭിച്ചതിന് ശേഷം എണ്ണക്കപ്പലുകൾക്ക് നേരെയുള്ള ഏറ്റവും വലിയ ആക്രമണ പരമ്പരയാണ് അമേരിക്കയും ഇറാനും നടത്തുന്നത്. ചൈന വാങ്ങൽ ശക്തമാക്കിയതും സൗദി അറേബ്യയിൽ ഉത്പാദനം കുറഞ്ഞതും ക്രൂഡ് വില കൂടാൻ കാരണമായി. മേയ് 25ന് ശേഷം ഇതാദ്യമായാണ് ബ്രെന്റ് ക്രൂഡിന്റെ വില 105 ഡോളർ കടക്കുന്നത്.
ഇന്ത്യയ്ക്ക് ഇരട്ട ആഘാതം
ക്രൂഡോയിൽ വിലയിലെ കുതിപ്പും രൂപയുടെ മൂല്യത്തകർച്ചയും ഇന്ത്യയ്ക്ക് ഇരട്ട ആഘാതമാണ് സൃഷ്‌ടിക്കുന്നത്. ഇന്നലെ ഡോളറിനെതിരെ രൂപയുടെ മൂല്യം 38 പൈസയുടെ നഷ്‌ടത്തോടെ 95.46ൽ എത്തി. ആഗോള രാഷ്ട്രീയ അനിശ്ചിതത്വങ്ങൾ കണക്കിലെടുത്ത് വിദേശ നിക്ഷേപകർ വൻതോതിൽ പണം പിൻവലിച്ചതും രൂപയ്ക്ക് സമ്മർദ്ദം ശക്തമാക്കി. എണ്ണവിലയിലെ മുന്നേറ്റം രൂപയുടെ ഇടിവ് രൂക്ഷമാക്കിയേക്കും. ഇതോടെ ഇന്ത്യയുടെ ഇറക്കുമതി ബിൽ അപകടകരമായ ഉയരത്തിലെത്താനിടയുണ്ട്.
പലിശ ഭാരവും കൂടും
നാണയപ്പെരുപ്പം നിയന്ത്രിക്കാൻ റിസർവ് ബാങ്ക് റിപ്പോ നിരക്ക് ഉയർത്തിയാൽ ഭവന, വാഹന, വ്യക്തിഗത, കോർപ്പറേറ്റ് വായ്പകളുടെ പലിശ ഭാരമേറും.
ക്രൂഡോയിൽ വില 105 ഡോളറിൽ
രൂപയുടെ മൂല്യം 95.46
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |