
കൊച്ചി: ജി.എസ്.ടി വരുമാനത്തിലെ 11 ശതമാനം വളർച്ച കണക്കാക്കിയതിൽ പാളിച്ചയില്ലെന്ന് കേന്ദ്ര സർക്കാരിന്റെ വിശദീകരണം. നഷ്‌ടപരിഹാര സെസ് ഒഴിവാക്കി ജി.എസ്.ടി വളർച്ച കണക്കാക്കിയത് താരതമ്യയോഗ്യമായ നികുതി അടിത്തറ ഉപയോഗിച്ചാണെന്ന് സെൻട്രൽ ബോർഡ് ഒഫ് ഇൻഡയറക്‌ട് ടാക്സസ് ആൻഡ് കസ്‌റ്റംസ്(സി.ബി.ഐ.സി) ഇന്നലെ വ്യക്തമാക്കി. ആഗസ്‌റ്റിലെ മൊത്തം ജി.എസ്.ടി വരുമാനം മുൻവർഷത്തെ 1.74 ലക്ഷം കോടി രൂപയിൽ നിന്ന് 14.8 ശതമാനം ഉയർന്ന് 1.99 ലക്ഷം കോടി രൂപയായി. ഏപ്രിൽ-ആഗസ്റ്റ് കാലയളവിൽ മൊത്തം വരുമാനം 11 ശതമാനം ഉയർന്ന് 10.43 ലക്ഷം കോടി രൂപയിലെത്തി. എന്നാൽ ഈ കണക്കിൽ പൊരുത്തക്കേടുണ്ടെന്ന് മുൻ ധനകാര്യ സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാർഗ് വിമർശനം ഉന്നയിച്ചതാണ് വിവാദം ശക്തമായത്. മുൻവർഷം പിരിച്ച നഷ്‌ട പരിഹാര സെസ് കൂടി കണക്കിലെടുത്താൽ ആഗസ്റ്റിലെ ജി.എസ്.ടി വളർച്ച 7.51 ശതമാനവും ഏപ്രിൽ-ആഗസ്റ്റിലെ വളർച്ച 4.08 ശതമാനവും മാത്രമാണെന്നാണ് അദ്ദേഹത്തിന്റെ വാദം. സെസ് ഉൾപ്പെടുത്തി കണക്കാക്കിയാൽ ജി.എസ്.ടി വളർച്ച 1.3 ശതമാനമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സെസ് ഒഴിവാക്കാൻ കാരണം
കഴിഞ്ഞ വർഷം സെപ്തംബർ 22 മുതൽ ഭൂരിഭാഗം ഉത്പന്നങ്ങളുടെയും നഷ്‌ടപരിഹാര സെസ് പിൻവലിച്ചിരുന്നു. പുകയില, പാൻമസാല എന്നിവയുടെ സെസ് ഈ വർഷം ഫെബ്രുവരി ഒന്ന് മുതൽ ഒഴിവാക്കി. അതിനാൽ ഇപ്പോൾ നിലവിലില്ലാത്ത നികുതി മുൻവർഷത്തെ കണക്കിൽ ഉൾപ്പെടുത്തി വളർച്ച താരതമ്യം ചെയ്യുന്നതിൽ കഴമ്പില്ലെന്നാണ് സി.ബി.ഐ.സിയുടെ നിലപാട്. സി.ജി.എസ്.ടി, എസ്.ജി.എസ്.ടി, ഐ.ജി.എസ്.ടി എന്നിവ ഉൾപ്പെടുത്തി ഇരുകാലയളവിലെയും നികുതി ഘടകങ്ങൾ പരിഗണിച്ചാണ് നിലവിൽ വളർച്ച കണക്കാക്കുന്നതെന്ന് അവർ പറയുന്നു. വ്യത്യസ്ത നികുതി അടിത്തറകളെ താരതമ്യം ചെയ്യുന്നത് ശരിയല്ലെന്നും ബോർഡ് വ്യക്തമാക്കി.
സെസ് ഒഴിവാക്കിയതോടെ വരുമാനത്തിലെ ഇടിവ്
60,000 കോടി രൂപ
ഇറക്കുമതി വരുമാനത്തിൽ കുതിപ്പ്
ആഗസ്റ്റിൽ ആഭ്യന്തര ജി.എസ്.ടി വരുമാനം 9.3 ശതമാനം ഉയർന്നപ്പോൾ ഇറക്കുമതിയിൽ നിന്നുള്ള വരുമാനം 29 ശതമാനമാണ് കൂടിയത്. ആഗസ്റ്റിലെ 1.99 ലക്ഷം കോടി രൂപയുടെ വരുമാനത്തിൽ സി.ജി.എസ്.ടി 38,413 കോടി രൂപയും എസ്.ജി.എസ്.ടി 46,316 കോടി രൂപയും ഐ.ജി.എസ്.ടി 1.15 ലക്ഷം കോടി രൂപയുമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |