SignIn
Kerala Kaumudi Online
Thursday, 10 September 2026 3.06 AM IST

കേന്ദ്ര പ്രതീക്ഷകൾ ശരിയായി; കരകയറി ജി.എസ്.ടി വരുമാനം

gst

ന്യൂഡൽഹി: ഇ-വേ ബില്ലുകൾ വർദ്ധിക്കുന്നത് ശുഭസൂചനയാണെന്നും നികുതി വരുമാനം മെച്ചപ്പെടുമെന്നുമുള്ള കേന്ദ്ര സർക്കാരിന്റെ പ്രതീക്ഷകൾ ശരിവച്ച്, കഴിഞ്ഞമാസത്തെ ജി.എസ്.ടി സമാഹരണം 1.16 ലക്ഷം കോടി രൂപയായി മെച്ചപ്പെട്ടു. ജൂണിൽ സമാഹരിച്ചത്, ഒമ്പതുമാസത്തെ താഴ്‌ചയായ 92,849 കോടി രൂപയായിരുന്നു. 2020 ജൂലായിലെ 87,422 കോടി രൂപയേക്കാൾ 33 ശതമാനം അധികവുമാണ് കഴിഞ്ഞമാസത്തെ സമാഹരണം.

ജൂലായിലെ സമാഹരണത്തിൽ 22,197 കോടി രൂപ കേന്ദ്ര ജി.എസ്.ടിയും 28,541 കോടി രൂപ സംസ്ഥാന ജി.എസ്.ടിയുമാണ്. സംയോജിത ജി.എസ്.ടിയായി 57,864 കോടി രൂപ പിരിച്ചു. സെസ് ഇനത്തിൽ നേടിയത് 7,790 കോടി രൂപ. തുടർച്ചയായി എട്ട് മാസങ്ങളിൽ ഒരുലക്ഷം കോടി രൂപയ്ക്കുമേൽ വരുമാനം രേഖപ്പെടുത്തിയ ശേഷമാണ്, ജൂണിൽ ജി.എസ്.ടി സമാഹരണം ഇടിഞ്ഞത്.

50,000 രൂപയ്ക്കുമേലുള്ള ഉത്പന്നങ്ങളുടെ സംസ്ഥാനാന്തര ചരക്കുനീക്കത്തിനുള്ള അനിവാര്യ രേഖയായ ഇ-വേ ബില്ലുകളുടെ എണ്ണം മേയിലെ 3.99 കോടിയെ അപേക്ഷിച്ച് ജൂണിൽ 5.5 കോടിയായി ഉയർന്നിരുന്നു. ജൂണിലെ ഇടപാടുകളുടെ ജി.എസ്.ടിയാണ് കഴിഞ്ഞമാസം പിരിച്ചത്. ജൂലായിലും ഇ-വേ ബില്ലുകളുടെ എണ്ണം അഞ്ചുകോടി കടന്നിട്ടുള്ളതിനാൽ, അടുത്തമാസം ഒന്നിന് പുറത്തുവിടുന്ന ജൂലായിലെ ജി.എസ്.ടി സമാഹരണക്കണക്കും ഒരുലക്ഷം കോടി കടന്നേക്കും.

തിരിച്ചുകയറ്റം ശക്തം

(നടപ്പുവർഷത്തെ ജി.എസ്.ടി സമാഹരണം)

 ഏപ്രിൽ : ₹1.41 ലക്ഷം കോടി

 മേയ് : ₹1.02 ലക്ഷം കോടി

 ജൂൺ : ₹92,849 കോടി

 ജൂലായ് : ₹1.16 ലക്ഷം കോടി

*ജി.എസ്.ടിയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമാഹരണമാണ് ഏപ്രിലിലേത്.

18 ലക്ഷം

ജൂണിൽ ജി.എസ്.ടി സമാഹരണം ഇടിഞ്ഞപ്പോഴും കേന്ദ്രത്തിന് പ്രതീക്ഷ നൽകിയത് ഇ-വേ ബില്ലുകളിലെ വർദ്ധനയാണ്. വരുമാനത്തകർച്ച താത്കാലികമാണെന്നും വരുംമാസങ്ങളിൽ മെച്ചപ്പെടുമെന്നും കേന്ദ്രം അഭിപ്രായപ്പെടുകയും ചെയ്‌തു. മേയിൽ ശരാശരി പ്രതിദിന ഇ-വേ ബിൽ 12 ലക്ഷമായിരുന്നത്, ജൂണിൽ 18 ലക്ഷത്തിലെത്തി. ഇതോടെ, ജി.എസ്.ടി സമാഹരണവും ഉയരുകയായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS, GST, GST COLLECTIONS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360