
നൂറ് ഡോളർ കടന്ന് ക്രൂഡോയിൽ വില
വിലക്കയറ്റ ഭീഷണി ശക്തം
കൊച്ചി: രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില ബാരലിന് നൂറ് ഡോളർ കവിഞ്ഞതോടെ ഇന്ത്യൻ സാമ്പത്തിക മേഖല കടുത്ത വെല്ലുവിളിയിലേക്ക് നീങ്ങുന്നു. രാജ്യത്തിന്റെ ക്രൂഡോയിൽ ആവശ്യത്തിൽ 88 ശതമാനത്തിലധികവും ഇറക്കുമതിയെ ആശ്രയിക്കുന്നതിനാൽ ഇറക്കുമതി ചെലവ് കൂടാനും രൂപയുടെ മൂല്യത്തകർച്ച രൂക്ഷമാകുന്നതിനും സാദ്ധ്യതയേറി. ഇതോടെ നാണയപ്പെരുപ്പ ഭീഷണി ശക്തമാകുന്നതിനാൽ പലിശ കുറയാനുള്ള സാദ്ധ്യത മങ്ങും.
ഇറാന്റെ എണ്ണടാങ്കറുകൾക്ക് നേരെ അമേരിക്ക ആക്രമണം കടുപ്പിച്ചതും ഗൾഫ് മേഖലയിൽ സംഘർഷം വ്യാപിക്കുമെന്ന ആശങ്കയുമാണ് ക്രൂഡ് വിലയിൽ കുതിപ്പുണ്ടാക്കിയത്. ജൂലായ് മാസത്തിന് ശേഷം ഇതാദ്യമായാണ് ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന് നൂറ് ഡോളർ കടക്കുന്നത്. തിരിച്ചടിയുടെ ഭാഗമായി ജോർദാനിൽ അടക്കമുള്ള അമേരിക്കയുടെ താവളങ്ങൾ ഇറാൻ ആക്രമിച്ചു. കപ്പലുകൾക്ക് നേരെയുള്ള ആക്രമണം ലോകമൊട്ടാകെയുള്ള എണ്ണ നീക്കത്തെ പ്രതികൂലമായി ബാധിച്ചേക്കും.
ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന് 2.88 ഡോളർ വർദ്ധിച്ച് ഇന്നലെ 100.8 ഡോളറിന് അടുത്തെത്തി. അമേരിക്കയിലെ വെസ്‌റ്റ് ടെക്‌സസ് ഇന്റർമീഡിയറ്റ് ക്രൂഡിന്റെ വില 95.7 ഡോളറായി.
ഫെബ്രുവരിയിൽ ഇറാൻ യുദ്ധം തുടങ്ങിയതിനു ശേഷം ഏപ്രിൽ 30ന് എണ്ണ വില ബാരലിന് 126.41 ഡോളർ വരെ ഉയർന്നിരുന്നു.
രൂപയ്ക്ക് സമ്മർദ്ദം
ക്രൂഡോയിൽ വിലക്കയറ്റത്തിനിടെ ഡോളറിനെതിരെ രൂപയുടെ മൂല്യം 95 കവിഞ്ഞു. റിസർവ് ബാങ്ക് ശക്തമായി വിപണിയിൽ ഇടപെട്ടിട്ടും രൂപയുടെ മൂല്യം ഇന്നലെ 34 പൈസ നഷ്‌ടത്തോടെ 95.08ൽ എത്തി. രൂപയുടെ മൂല്യത്തകർച്ച ശക്തമാകുമ്പോൾ ഇന്ത്യയുടെ ഇറക്കുമതി ചെലവ് വീണ്ടും ഉയരും.
നാണയപ്പെരുപ്പ ഭീഷണി ശക്തം
ഇന്ധന വില വർദ്ധനയുടെ പ്രത്യാഘാതം ഗതാഗതം, ഉത്പാദനം, ലോജിസ്‌റ്റിക്‌സ് തുടങ്ങിയ മേഖലകളിലേക്കും വ്യാപിക്കും. വരും മാസങ്ങളിൽ നാണയപ്പെരുപ്പം റിസർവ് ബാങ്കിന്റെ ലക്ഷ്യപരിധി കവിയുമെന്ന ആശങ്കയും ശക്തമാണ്.
കമ്പനികളുടെ ലാഭമിടിയും
എണ്ണ നേരിട്ട് ഉപയോഗിക്കുന്ന വ്യോമയാനം, ഗതാഗതം, പെയിന്റ്, രാസവളം, പ്ളാസ്റ്റിക്, വാഹന നിർമ്മാണം തുടങ്ങിയ മേഖലകളിലാകും ആദ്യം ആഘാതം ദൃശ്യമാകുന്നത്. അസംസ്‌കൃത സാധനങ്ങളുടെയും ഗതാഗതത്തിന്റെയും ചെലവ് കൂടിയാൽ കമ്പനികളുടെ ലാഭമാർജിൻ ഇടിയും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |